Kerala

ബൈബിള്‍ കത്തിച്ച സംഭവം; മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം; കെ.സി.ബി.സി.

ക്രൈസ്തവസമൂഹം തങ്ങളുടെ നേരെ വരുന്ന ഇത്തരം പ്രകോപനപരമായ അവഹേളനങ്ങളെയും, അധിക്ഷേപങ്ങളെയും ക്രൈസ്തവ ശൈലിയില്‍ അവഗണിച്ചു കളയുന്നതാണ്...

ജോസ് മാർട്ടിൻ

കൊച്ചി: ക്രൈസ്തവ മതഗ്രന്ഥമായ വിശുദ്ധ ബൈബിള്‍ ഒരു വര്‍ഗ്ഗീയവാദി കത്തിച്ച് അതിന്റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തില്‍ നിലനില്ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാനവും നശിപ്പിക്കാന്‍ ശ്രമിച്ചത് അത്യന്തം നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും, മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കെ.സി.ബി.സി. ക്രൈസ്തവസമൂഹം തങ്ങളുടെ നേരെ വരുന്ന ഇത്തരം പ്രകോപനപരമായ അവഹേളനങ്ങളെയും, അധിക്ഷേപങ്ങളെയും ക്രൈസ്തവ ശൈലിയില്‍ അവഗണിച്ചു കളയുന്നതാണ് ഇങ്ങനെ പ്രതികരിക്കാന്‍ പലർക്കും പ്രേരണയാകുന്നതെങ്കിലും ക്രൈസ്തവര്‍ സമാധാനപരമായി തന്നെ സഹവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും കെ.സി.ബി.സി. പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു.

സമൂഹത്തില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും, ലോകത്ത് ഒരിടത്തും മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിന് വിധേയമാക്കപ്പെടരുതെന്നുമാണ് ക്രൈസ്തവ നിലപാടെന്നും പത്രക്കുറിപ്പിൽ പറയുന്നു. അതുപോലെ, സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുള്ളതുപോലെ തന്നെ മതസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ടെന്ന് കെ.സി.ബി.സി. ഓർമ്മപ്പെടുത്തുന്നു.

സമുദായ സ്പര്‍ദ വളര്‍ത്തുന്ന ഇത്തരം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും നിയമത്തിന്റെ പരിധിയില്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും, ബൈബിള്‍ കത്തിച്ചയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം, അയാള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുന്നതിലും സര്‍ക്കാര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണമെന്ന ഓർമ്മപ്പെടുത്തലും പത്രക്കുറിപ്പിലുണ്ട്.

കൂടാതെ, വിവിധ രാഷ്ട്രീയ – സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്രയും ഗൗരവമായ ഒരു സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടും പരസ്യമായി പ്രതികരിച്ചുകാണാത്തത്‌ ഭയപ്പെടുത്തുന്ന കാര്യമാണെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പത്രകുറിപ്പിൽ പറയുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker