ബൈക്ക് ഇടിച്ച് തെറിപ്പിച്ച ഡി.സി.എം.എസ്. മുന്‍ പ്രസിഡന്റ് ദേവദാസ് അന്തരിച്ചു
മൃതസംസ്ക്കാര കർമ്മങ്ങൾ 23 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊപ്പം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: കഴിഞ്ഞ വെളളിയാഴ്ച വൈകിട്ട് നെയ്യാറ്റിന്‍കര എല്‍ഐസി ഓഫീസിന് സമീപം ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കഴിഞ്ഞ 4 ദിവസമായി ഗുരുതരാവസ്ഥയിലായിരുന്ന ഡി.സി.എം.എസ്. പ്രസിഡന്റ് ദേവദാസ് അന്തരിച്ചു. വെമ്പായം കമ്പിക്കകം, കുതിരിക്കുളമാണ് സ്വദേശം. മൃതസംസ്ക്കാര കർമ്മങ്ങൾ 23 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊപ്പം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടക്കും.
ഡിസംബർ 16 വെള്ളിയാഴ്ച്ച ഇടിച്ചിട്ടശേഷം ശേഷം ബൈക്ക് ഓടിക്കുന്നയാള്‍ തിരിഞ്ഞ് നോക്കുന്നുണ്ടായിരുന്നെങ്കിലും വാഹനം നിറുത്താതെ കടന്ന് കളയുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ തലയടിച്ച് വീണ ശ്രീ. ദേവദാസിനെ ഉടൻതന്നെ നെയ്യാറ്റിന്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടിയന്തിര ശസ്ത്രക്രീയക്ക് ശേഷം ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ തുടരുകയായിരുന്ന ദേവദാസ് ഇന്നലെ വൈകിട്ടോടെയാണ് മരണമടഞ്ഞത്. നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു.
കെസിബിസിക്ക് കീഴിലെ ദളിത് ക്രൈസ്തവ മഹാജനസഭയുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഖജാന്‍ജി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ നിഡ്സ് കമ്മിഷന്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്‍റുമാണ്. കെആര്‍എല്‍സിസിയുടെ സജീവ അംഗവും ചിന്തകനും എഴുത്തുകാരനും നല്ലൊരു സംഘാടകനുമായിരുന്നു ദേവദാസ്.
ഭാര്യ – ഷെര്‍ളി, മക്കള്‍ – ജീന എസ്.ദാസ്, ജിഷ എസ്.ദാസ്, മരുമകന്‍ – പ്രവീണ്‍.