ബുദ്ധിയിൽ നിന്ന് ഹൃദയത്തിലേയ്ക്കിറങ്ങിയാൽ അത്ഭുതം കാണാം
ബുദ്ധിയിൽ നിന്ന് ഹൃദയത്തിലേയ്ക്കിറങ്ങിയാൽ അത്ഭുതം കാണാം
ജെറമിയ 26: 1-9
മത്തായി 13 : 54-58
“അവരുടെ അവിശ്വാസം നിമിത്തം അവന്‍ അവിടെ അധികം അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിച്ചില്ല”.
ജീവിതത്തിൽ അത്ഭുതം സംഭവിക്കണമെങ്കിൽ വിശ്വാസം അത്യാവശ്യം. ക്രിസ്തു പലയാവർത്തി പറഞ്ഞിട്ടുമുണ്ട് നമ്മുടെ ജീവിതത്തിൽ വിശ്വാസം എന്ന കനലിന്റെ പ്രാധാന്യത്തെക്കുറിച്ച്. നമ്മുടെ ജീവിതത്തിൽ തന്നെ നമുക്ക് പലപ്പോഴും അതിശയോക്തിയോടെ നിൽക്കേണ്ടിവന്ന ഒട്ടനേകം സന്ദർഭങ്ങൾ ഇല്ലേ? അതായത്, അത്ഭുതം എന്ന പദം കൊണ്ട് മാത്രം വിശദീകരിക്കാൻ സാധിക്കുന്നവ?
നമ്മൾ സുവിശേഷത്തിൽ കാണുന്നില്ലേ, ‘അവര്‍ വിസ്‌മയഭരിതരായി ചോദിച്ചു: ഇവന് ഈ ജ്‌ഞാനവും ശക്‌തിയും എവിടെനിന്ന്?’ യേശു നമ്മോട് വളരെ വ്യക്തമായി പറയുന്നു, ഇങ്ങനെ വിസ്മയത്തിൽ അഭിരമിച്ചാൽ മാത്രം പോരാ യാഥാർഥ്യങ്ങളിലേയ്ക്കുകൂടി ഇറങ്ങണം. കാരണം, അവിടെയാണ് അത്ഭുതത്തിന് സാധ്യതയുള്ളത്.
നീ നിന്റെ ബുദ്ധിയിൽ നിന്ന് ഹൃദയത്തിലേയ്ക്ക്, മനുഷ്യത്വത്തിലേയ്ക്ക് ഇറങ്ങണം എന്ന് സാരം. ബുദ്ധിയ്ക്കും മേലെയുള്ള യാഥാർഥ്യങ്ങൾ ധാരാളമുണ്ട് നമ്മുടെ ചുറ്റിലും, അതുപോലെ നമ്മുടെ അനുദിന ജീവിതത്തിലും. ക്രിസ്തു അനുഭവത്തിലേയ്ക്ക് ഇറങ്ങിയേ മതിയാവൂ എന്ന് സാരം.
സ്നേഹമുള്ളവരെ, നമ്മുടെ പ്രാർത്ഥന എന്നും എപ്പോഴും ഇങ്ങനെയായിരിക്കണം ‘ദൈവമേ, നിന്നിലുള്ള ആഴമായ വിശ്വാസത്തിൽ പുഷ്‌ടിപ്പെടുവാൻ എന്നെ സഹായിക്കേണമേ, ബുദ്ധിയുടെയും, കണക്കുകൂട്ടലുകളുടേയും, തെളിവുകളുടെയും പിന്നാലെ പായുമ്പോൾ ഒരു നിമിഷമെങ്കിലും നിന്നിലേക്ക് വിശ്വാസത്തോടെ നോക്കുവാൻ എന്നെ സഹായിക്കേണമേ’. അങ്ങനെ, എന്റെ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങളെ തിരിച്ചറിയുവാനുള്ള കാഴ്ചയും, നന്ദി പറയുവാനുള്ള എളിമയും നമുക്ക് ലഭിക്കും.