ബി.ജെ.പി. – എം.പി. ഭരത് സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ പരാതി
ബി.ജെ.പി. - എം.പി. ഭരത് സിംഗിനെതിരെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ പരാതി
എറണാകുളം: ചരിത്രബോധമില്ലാത്തതും മതഭ്രാന്ത് കലർന്നതുമായ പ്രസ്താവനകൾ നടത്തുന്ന പാർലമെന്‍റ് അംഗങ്ങൾ രാജ്യത്തിന്‍റ മതേതര ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് കാണിച്ച് കെ.എൽ.സി.എ. സംസ്ഥാന സമിതിക്കുവേണ്ടി ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് ദേശീയ ന്യൂനപക്ഷ കമ്മീഷന് പരാതി നൽകി. ക്രൈസ്തവ മിഷനറിമാർ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന ബി.ജെ. പി. – എം.പി. ഭരത് സിംഗിനെതിരെയാണ് പരാതി നൽകിയത്.
ഈ രാജ്യത്ത് വിദ്യാഭ്യാസ മേഖലയിലും ആതുരശുശ്രൂഷാ രംഗത്തും ക്രൈസ്തവ മിഷനറിമാർ ചെയ്ത സേവനങ്ങൾ ഇത്തരത്തിലുള്ള പ്രസ്താവകളിലൂടെയൊന്നും തിരസ്കരിക്കാനാകില്ല. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങൾക്കെതിരായി ഇത്തരം പ്രസ്താവന നടത്തിയ എം.പി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കയാണെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ പ്രസിഡന്റ് ആന്റണി നൊറൊണ ശക്തമായ പ്രതിഷേധം അറിയിച്ചു. എം.പി. ക്കെതിരെ മാതൃകാപരമായ നടപടിയാവശ്യപ്പെട്ടാണ് പരാതി നൽകിയത്.