Diocese

ബാലരാമപുരം സെബസ്ത്യാനോസ് ദേവാലയത്തില്‍ വൈദികനെ തടഞ്ഞ് വച്ചത് കിരാതമായ നടപടി; നെയ്യാറ്റിന്‍കര രൂപത

ബാലരാമപുരം സെബസ്ത്യാനോസ് ദേവാലയത്തില്‍ വൈദികനെ തടഞ്ഞ് വച്ചത് കിരാതമായ നടപടി; നെയ്യാറ്റിന്‍കര രൂപത

അനിൽ ജോസഫ്

ബാലരാമപുരം: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തില്‍ ദിവ്യബലിക്കെത്തിയ വൈദികനെ തടഞ്ഞ് വച്ചത് കിരാതമായ നടപടിയെന്ന് നെയ്യാറ്റിന്‍കര രൂപത. രൂപതയിലെ 247 ദേവാലയങ്ങല്‍ 246 ദേവാലയങ്ങളും രൂപതയുടെ നിയമാവലി, കാനോൻ നിയമം എന്നിവ അനുസരിച്ചാണ് ഇടവക അജപാലന സമിതിയും ഇടവക ധനകാര്യസമിതിയും രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ഫൊറോന ദേവാലയം രൂപതയുടെ നിയമാവലിക്കോ, കാനോൻ നിയമത്തിനോ, നിര്‍ദേശങ്ങള്‍ക്കോ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ കീഴിലായിരുന്നപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. നെയ്യാറ്റിന്‍കര രൂപത 1996 രൂപീകൃതമായതിന് ശേഷവും ബാലരാമപുരം ഇടവക രൂപതയുടെ നിയമാവലിയും കാനോൻ നിയമവും നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. തിരുവനന്തപുരം നെയ്യാറ്റിന്‍കര രൂപതകളുടെ കീഴില്‍ ഈ ദേവാലയം എന്നുമൊരു പ്രശ്നബാധിത ഇടവകയായിരുന്നു.

ഇക്കാലയളവിലത്രയും നിരവധി വൈദികരെയും സന്യസ്തരെയും ശാരീരികമായും മാനസികമായും കൈയ്യേറ്റം ചെയ്യുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോഴും, ഇടവകയുടെ വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ മുന്‍തൂക്കം കൊടുക്കുന്ന നിലപാടാണ് രൂപത സ്വീകരിച്ചു വന്നത്. രൂപതയുടെ നിയമാവലി അനുസരിച്ചും കാനോൻ നിയമങ്ങൾ അനുസരിച്ചും കേരള സഭാ നയങ്ങള്‍ക്ക് വിധേയമായും മറ്റ് ഇടവകകളെ പോലെ തന്നെ ബാലരാമപുരം ഇടവകയും പ്രവര്‍ത്തിക്കുന്നതിന് വേണ്ടി രൂപതാ അധികൃതരും ഇടവക പ്രതിനിധികളും തമ്മില്‍ സമവായ ശ്രമങ്ങള്‍ പലയാവർത്തി നടത്തിയെങ്കിലും നിര്‍ദേശങ്ങള്‍ ലംഘിച്ച് പഴയപടി തുടരുകയാണ്.

2018 ജനുവരിയില്‍ നടന്ന ഇടവക ഭരണസമിതി രൂപീകരണത്തില്‍ രൂപതയുടെ നിയമാവലി അനുസരിച്ച് ഇടവകാ കമ്മിറ്റിയും ധനകാര്യ സമിതി തെരെഞ്ഞെടുപ്പും നടത്താമെന്ന് രേഖാമുലം സമ്മതിച്ച ഇടവക പ്രതിനിധികള്‍, പക്ഷെ തിരുനാളിന് ശേഷം വാക്ക് പാലിക്കാതിരിക്കുകയും പഴയ നിലപാടുമായി മുന്നോട്ട് പോവുകയും ചെയ്യ്തതോടെ ബാലരാമപുരം ഇടവകയില്‍ സ്ഥിരമായി സേവനം ചെയ്തിരുന്ന ഇടവക വികാരിയെ ബിഷപ്പ് തിരികെ വിളിക്കുകയും, ഇടവകയില്‍ ഇന്ന് നിയമാനുസൃതമല്ലാതെ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നത് വരെ സ്ഥിരമായി ഇടവക വികാരിയെ നിയമിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു.

അതിന്‍റെ ഭാഗമായി ഇടവകയില്‍ ഞായറാഴ്ചകളിലെയും കടമുളള ദിവസങ്ങളിലെയും തിരുകര്‍മ്മങ്ങളും മരണദിന തിരുകര്‍മ്മങ്ങളും മാത്രമെ നടത്താവൂ എന്നും, മറ്റ് കൂദാശാ പരികര്‍മ്മങ്ങള്‍ രൂപതാ അധികൃതരുടെ അനുവാദത്തോടെ സമീപമുളള ലത്തീന്‍ കത്തോലിക്കാ ദേവാലയങ്ങളില്‍ നടത്താനും നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ 10 മാസക്കാലമായി ദേവാലയത്തില്‍ ഇത്തരത്തിലാണ് തിരുകര്‍മ്മങ്ങള്‍ നടന്ന് വന്നിരുന്നത്. ഈ സ്ഥിതിയില്‍ തുടരുമ്പോഴാണ്, ഈ കഴിഞ്ഞ ഞായറാഴ്ച ദിവ്യബലി അര്‍പ്പിക്കുവാന്‍ വന്ന ബാലരാമപുരം ഫൊറോന വികാരിയും ബാലരാമപുരം ഇടവകയുടെ പ്രീസ്റ്റ് ഇന്‍ചാര്‍ജ്ജുമായ ഫാ.ഷൈജുദാസിനെ 10 മണിക്കൂറോളം ദേവാലയ സാക്രിസ്റ്റിയില്‍ ബന്ധിയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന്, 8 മണിയോടെ പോലീസെത്തിയാണ് വൈദികനെ മോചിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വൈദികനെ പോലീസ് തന്നെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, തിങ്കളാഴ്ച ഉച്ചയോടെയാണ് ആശുപത്രിവിടുകയും ചെയ്തത്.

ഇടവകയിലെ ഒരുകൂട്ടം സാമൂഹ്യവിരുദ്ധരുടെ ഇത്തരത്തിലുളള നിമവിരുദ്ധ നടപടികളെ ശക്തമായി അപലപിക്കുന്നതായി നെയ്യാറ്റിന്‍കര രൂപതാ നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker