Diocese

ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തിലെ നടപടികൾ വിശുദ്ധകുർബാനയോടുള്ള അവഹേളനവും സഭാ വിരുദ്ധവും; നെയ്യാറ്റിൻകര രൂപത

ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തിലെ നടപടികൾ വിശുദ്ധകുർബാനയോടുള്ള അവഹേളനവും സഭാ വിരുദ്ധവും; നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: കേരള കത്തോലിക്കാ സഭയിൽ നെയ്യാറ്റിൻകര മുതൽ കാസർഗോഡ് വരെയുള്ള പല വിശ്വാസികളും നിരന്തരം രൂപതയിൽ വിളിച്ച്, ബാലരാമപുരം ഇടവകയിൽ നടന്ന ‘വിശുദ്ധ കുർബാനയുടെ അവഹേളന’ത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ പാശ്ചാത്തലത്തിൽ, നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് രൂപതയ്ക്ക് വേണ്ടി നൽകിയ പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം.

“നെയ്യാറ്റിൻകര രൂപതയിലെ 247 ഇടവകകളിൽ ഒരിടവകയായ ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസ് ദേവാലയത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവരുന്ന നടപടികൾ വളരെ ദുഃഖമുണ്ടാക്കുന്നവയായിരുന്നു. ഏറെ പ്രത്യേകിച്ച്, ‘വിശുദ്ധകുർബാന അവഹേളിക്കപ്പെട്ടു’ എന്നത് വിശ്വാസികളുടെ ഹൃദയത്തെ മുറിപ്പെടുത്തി.

ബാലരാമപുരം ഇടവകയിൽ ഇപ്പോൾ സ്ഥിരമായി വൈദീകൻ ഇല്ലാത്ത കാരണത്താലും, 22 – ലധികം വർഷങ്ങളായി നിർദ്ദേശിക്കുന്ന, ഇടവക സമിതികളുടെ രൂപീകരണത്തിലൂടെയുള്ള പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താത്തതിനാലും, രൂപതയുടെയും തിരുസഭയുടെയും നിർദ്ദേശങ്ങൾ പാലിക്കുവാൻ ആവശ്യപ്പെടുന്ന വൈദീകർ ഉപദ്രവിക്കപ്പെടുന്ന നിലയിലേയ്ക്ക് നിരന്തരം കാര്യങ്ങൾ സംഭവിക്കുന്നതിനാലുമാണ് ഈ കാലയളവിൽ തിരുനാൾ നടത്തുവാനുള്ള അനുവാദം നൽകാതിരുന്നത്. എന്നാൽ, അത് ലംഘിച്ചു കൊണ്ട് ഒരുകൂട്ടം ആൾക്കാർ തിരുനാൾ കൊടിയുയർത്തി തിരുനാൾ ആരംഭിക്കുകയായിരുന്നു.

കത്തോലിക്കാ വിശ്വാസം ജീവിക്കുന്ന ഒരു വ്യക്തിക്കും ഉൾക്കൊള്ളുവാൻ കഴിയാത്ത വിധത്തിൽ, ലത്തീൻ റീത്തിൽ കുർബാന അർപ്പിക്കുവാൻ വൈദികനെ ആവശ്യമുണ്ട് എന്ന് പത്രത്തിൽ നൽകിയ പരസ്യം, ഇടവകയിൽ നിന്ന് ഒരു കൂട്ടം വ്യക്തികൾ മനഃപൂർവ്വം വിശുദ്ധ കുർബാനയെ അവഹേളിക്കുവാൻ മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നു. തുടർന്ന്, കാനോൻ നിയമം വിശുദ്ധ കുർബാന അർപ്പിക്കുവാൻ അനുവദിക്കാത്തതും, ഇന്ത്യൻ നിയമത്തിലൂടെ ഈശോ സഭ എന്ന കോൺഗ്രിഗേഷൻ പുറത്തതാക്കിയതും, വിവാഹിതനുമായ ഒരു വ്യക്തിയെ കൊണ്ട് വന്ന് തിരുനാൾ കൊടിയുയർത്തുകയും, ദിവ്യബലിയർപ്പിക്കുകയും ചെയ്തു. ഇതിൽ, നിഷ്കളങ്കരായ ഭൂരിപക്ഷം വിശ്വാസികളും വഞ്ചിക്കപ്പെട്ടു എന്നതിൽ സംശയമില്ല.

വിശുദ്ധ കുർബാനയെന്ന കൂദാശ, കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്രവും, ഒരു വിശ്വാസിയുടെ ജീവകേന്ദ്രവുമാണ്. ഇടവക ദേവാലയങ്ങളിലെ വിശുദ്ധ കുർബാനയുടെ സംരക്ഷകരും കാവൽക്കാരുമായ വൈദീകർക്ക് ബാലരാമപുരം ഇടവകയിലെ വിശ്വാസികൾക്ക് വേണ്ടരീതിയിൽ കൂദാശകൾ നൽകുവാനും, അവരെ ആത്മീയജീവിതത്തിലേയ്ക്ക് നിരന്തരം നയിക്കുവാനും കഴിയാത്തതിൽ രൂപതയ്ക്ക് അതിയായ ഖേദവുമുണ്ട്.

രൂപതയിലെ എല്ലാ വിശ്വാസികളും ബാലരാമപുരം ഇടവകയ്ക്കുവേണ്ടി പ്രത്യേകം പ്രാർഥിക്കണം. ബാലരാമപുരം ഇടവകയിൽ ഇടർച്ചയുണ്ടാക്കുന്നവർ അവയിൽ നിന്നൊക്കെ പിന്മാറി സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വഴിയിലേക്ക്, തിരുസഭയോട് ചേർന്ന്, രൂപതാ നിർദ്ദേശങ്ങൾ പാലിച്ച് ഒത്തോരുമയോടെ മുന്നോട്ട് പോവുകയും, അങ്ങനെ ക്രിസ്തുവിന്റെ യഥാർഥ അനുയായികളായി സമൂഹത്തിൽ ജീവിക്കുകയും ചെയ്യാൻ പരിശ്രമിക്കേണ്ടിയിരിക്കുന്നു”.

നെയ്യാറ്റിൻകര രൂപതയിലെ മാത്രം വിശ്വാസികളല്ല, മറിച്ച് ലോകം മുഴുവനുമുള്ള വിശ്വാസികൾ ബാലരാമപുരം ഇടവകയിൽ നടന്ന വിശുദ്ധ കുർബാനയോടുള്ള അവഹേളനത്തിന് നേതൃത്വം കൊടുത്തവർക്ക് വേണ്ടി പ്രാർഥിക്കുകയും, നെയ്യാറ്റിൻകര രൂപതയോട് ഈ വിഷമസന്ധിയിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.

Show More

One Comment

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker