World

ബസ് പുഴയിലേക്ക് മറിഞ്ഞു വൈദിക വിദ്യാര്‍ഥികളടക്കം 33 പേര്‍ക്ക് ദാരുണാന്ത്യം

സെന്‍റ് സിസിലിയ ഇടവകയിലെ ഗായക സംഘത്തില്‍പ്പെട്ട 20 പേരും, സെന്‍റ് പീറ്റര്‍ ക്ലാവര്‍ സഭാംഗങ്ങളായ രണ്ടു ബ്രദര്‍മാരും, നിരവധി പെണ്‍കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു...

സ്വന്തം ലേഖകൻ

നെയ്റോബി: ബസ് പുഴയിലേക്ക് മറിഞ്ഞു വൈദിക വിദ്യാര്‍ഥികളടക്കം 33 പേര്‍ക്ക് ദാരുണാന്ത്യംഭ്. തെക്ക് – കിഴക്കന്‍ കെനിയയില്‍ വിവാഹ ചടങ്ങില്‍ സംബന്ധിക്കുവാന്‍ പോവുകയായിരുന്ന ക്രൈസ്തവര്‍ യാത്ര ചെയ്ത ബസാണ് നദിയിലേക്ക് മറിഞ്ഞത്. കുട്ടികളടക്കം ബസിലുണ്ടായിരുന്ന 33 പേര്‍ മരണമടഞ്ഞു. കിടൂയി രൂപത വൈദികനായ ഫാ. ബെന്‍സന്‍ കിട്യാംബ്യുവിന്‍റെ സഹോദരന്‍റെയായിരുന്നു വിവാഹ ചടങ്ങ്. നെയ്റോബിയുടെ കിഴക്ക് ഭാഗത്തുള്ള കിടൂയി രൂപതാംഗങ്ങളായ കത്തോലിക്ക വിശ്വാസികളാണ് അപകടത്തിനിരയായത്. സെന്‍റ് ജോസഫ് മൈനര്‍ സെമിനാരിയുടെ ഉടമസ്ഥതയിലുള്ള ബസില്‍ അറുപതോളം പേരാണ് ഉണ്ടായിരുന്നത്. വെള്ളത്തില്‍ മുങ്ങിയ പാലം മറികടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബസ് എന്‍സിയു നദിയിലേക്ക് മറിയുകയായിരുന്നെന്നു എ.സി.ഐ. ആഫ്രിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സെന്‍റ് സിസിലിയ ഇടവകയിലെ ഗായക സംഘത്തില്‍പ്പെട്ട 20 പേരും, സെന്‍റ് പീറ്റര്‍ ക്ലാവര്‍ സഭാംഗങ്ങളായ രണ്ടു ബ്രദര്‍മാരും, നിരവധി പെണ്‍കുട്ടികളും മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കിടൂയി രൂപതയിലെ സെന്‍റ് ജോസഫ് നൂ ഇടവകയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ സംബന്ധിക്കുവാന്‍ പോകുന്ന വഴിക്കായിരുന്നു അപകടം. ബസ് ഓടിച്ചിരുന്ന സെന്‍റ് പീറ്റര്‍ ക്ലാവര്‍ സഭാംഗമായ ബ്രദര്‍ ‘സ്റ്റീഫന്‍ കാങ് എത്തെ’ വെള്ളത്തില്‍ മുങ്ങിയ പാലത്തിലൂടെ കഷ്ടപ്പെട്ട് ബസ് മുന്നോട്ട് കൊണ്ടുവാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഏതാണ്ട് രണ്ടുമണിക്കൂറോളം കാത്തിരുന്ന ശേഷമാണ് ബ്രദര്‍ സ്റ്റീഫന്‍ പാലം മുറിച്ചു കടക്കുവാന്‍ ശ്രമിച്ചത്. എന്നാല്‍ ബസ് അപകടത്തില്‍പ്പെടുകയായിരിന്നു.

പ്രദേശവാസികളും, കെനിയന്‍ ഏജന്‍സികളും കെനിയന്‍ നാവിക സേനയിലെ മുങ്ങല്‍ വിദഗ്ദരും കൂട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ പകുതിയോളം പേരുടെ ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞു. ബസ് ഓടിച്ചിരുന്ന ബ്രദര്‍ സ്റ്റീഫന് പുറമേ ബസിലുണ്ടായിരുന്ന ബ്രദര്‍ കെന്നെത്ത് വന്‍സാല ഒകിന്‍ഡായും മരണപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഫാ. ബെന്‍സന്റെ കുടുംബാംഗങ്ങളായ 11 പേരാണ് ഈ അപകടത്തില്‍ മരണപ്പെട്ടത്. ഏതാണ്ട് 2,30,000-ത്തോളം കത്തോലിക്കരാണ് കിടൂയി രൂപതയില്‍ ഉള്ളത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker