ബനഡിക്റ്റ് പതിനാറാമൻ പാപ്പ 93-ന്റെ നിറവിൽ
സ്ഥാനത്യാഗം ചെയ്ത നാൾമുതൽ ‘മാത്തർ എക്ലേസിയെ’ ഭവനത്തിലാണ്...
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: പാപ്പ എമിരറ്റസ് ബനഡിക്റ്റ് പതിനാറാമൻ 93-ന്റെ നിറവിൽ. 1927 ഏപ്രിൽ 16-ന് ജർമനിയിലെ ബയേൺ സംസ്ഥാനത്തിലെ മാർക്ട്ടലിൽ ആയിരുന്നു ജോസഫ് രാറ്റ്സിംഗറിന്റെ ജനനം. 1939 -ൽ സെമിനാരിയിൽ ചേർന്നു. 1941-ൽ ഹിറ്റ്ലർ യൂത്തിൽ ചേരാൻ നിർബന്ധിതനായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സെമിനാരിയിൽ പഠനം തുടർന്നു. 1951 ജൂൺ 29-ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന്, 1953-ൽ മ്യൂണിക്ക് സർവകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
രണ്ടാം വത്തിക്കാൻ സൂനഹദോസിൽ പങ്കാളിയായിരുന്നു. 1977-ൽ മ്യൂണിക് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. 1981-ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപപ്പയുടെ കാലത്ത് വിശ്വാസത്തിരുസംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടു. ജോൺപോൾ രണ്ടാമൻ പാപ്പയുടെ ദേഹവിയോഗത്തെ തുടർന്ന് 2005 ഏപ്രിൽ 19-ന് 265-Ɔο മത് പാപ്പായായി തെരഞ്ഞെടുക്കപ്പെടുകയും, ബെനഡിക്ട് പതിനാറാമൻ എന്ന സ്ഥാനിക നാമം തിരഞ്ഞെടുക്കുകയും ചെയ്തു. അങ്ങനെ, 2005 ഏപ്രിൽ മുതൽ 2013 ഫെബ്രുവരി വരെ കത്തോലിക്കാസഭയെ അദ്ദേഹം നയിച്ചു. അനാരോഗ്യം മൂലം 2013 ഫെബ്രുവരിയിൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു.
സ്ഥാനത്യാഗം ചെയ്ത നാൾമുതൽ ‘മാത്തർ എക്ലേസിയെ’ ഭവനത്തിലാണ് ബെനഡിക്ട് പതിനാറാമൻ പ്രാർത്ഥനാജീവിതം തുടരുന്നത്. അപൂർവ്വം ആവശ്യങ്ങൾക്കു മാത്രം പൊതുവേദിയിലെത്തുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പാ, തികഞ്ഞ ഒരു ആത്മീയാചാര്യന്റെ ജീവിതക്രമമാണ് പിൻചെല്ലുന്നത്. ദൈവശാസ്ത്രപരവും താത്വികവും ധാർമ്മികവുമായ നിരവധി ഗ്രന്ഥങ്ങളും പ്രബോധനങ്ങളും ലോകത്തിനു നൽകിയിട്ടുള്ള ഗ്രന്ഥകാരൻ കൂടിയാണ് അദ്ദേഹം. യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തെയും സന്ദേശത്തെയും കുറിച്ചുള്ള പുസ്തക ത്രയം “നസ്രത്തിലെ യേശു” ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.