Vatican

ഫ്രാൻസിസ് പാപ്പാ സിനഡിന്റെ സമാപന ദിവ്യബലിയിൽ നൽകിയ വചന സന്ദേശത്തിന്റെ പൂർണ്ണ രൂപം

ഫ്രാൻസിസ് പാപ്പാ സിനഡിന്റെ സമാപന ദിവ്യബലിയിൽ നൽകിയ വചന സന്ദേശത്തിന്റെ പൂർണ്ണ രൂപം

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: യുവജനങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ 15-‍Ɔമത് സിനഡുസമ്മേളനത്തിന് സമാപനംകുറിച്ചുകൊണ്ട് വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിച്ച സമൂഹബലിയര്‍പ്പണത്തിലെ വചന ചിന്തയുടെ പൂർണ്ണ രൂപം ഇങ്ങനെയാണ്…

ക്രിസ്തു ഗലീലിയില്‍ ചുറ്റിസഞ്ചരിച്ചു നടന്നു ശുശ്രൂഷചെയ്ത കാലത്തെ വളരെ ശ്രദ്ധേയമായൊരു സംഭവമാണ് വിശുദ്ധ മര്‍ക്കോസ്, സുവിശേഷകന്‍ വിവരിക്കുന്നത്. പരസ്യജീവിതത്തിന്‍റെ അവസാനഭാഗത്ത് ജറുസലേമില്‍ ക്രിസ്തു പ്രവേശിക്കാന്‍ പോവുകയാണ്. ശിഷ്യന്മാര്‍ കൂടെയുണ്ട്. ജെറീക്കോ കടക്കാറായി. അവിടെ വഴിയോരത്തിരുന്നിരുന്ന തിമേവൂസിന്‍റെ പുത്രനെന്ന് അറിയപ്പെട്ട കുരുടനും പാവപ്പെട്ടവനുമായ ബാര്‍ത്തിമേവൂസ് ഈ സാഹചര്യത്തില്‍‍ ശ്രദ്ധിക്കപ്പെടാതെ പോകാവുന്ന വ്യക്തിയാണെങ്കിലും ക്രിസ്തു അവന്‍റെ പക്കലെത്തുന്നു.

ഈ സിനഡ് ഒരു യാത്രയായിരുന്നു, യുവജനങ്ങള്‍ക്കൊപ്പമുള്ള യാത്ര. അത് പരിസമാപ്തിയില്‍ എത്തിക്കഴിഞ്ഞു. ഇന്നത്തെ സുവിശേഷം അടിവരയിട്ടു പറയുന്ന വിശ്വാസയാത്രയിലെ മൂന്ന് അടിസ്ഥാന നിലപാടുകള്‍ ശ്രദ്ധിക്കാം:

1) കേള്‍ക്കാനുള്ള സന്നദ്ധത:

ആദ്യം, സുവിശേഷത്തിലെ മുഖ്യകഥാപാത്രത്തെ ശ്രദ്ധിക്കാം. ബാര്‍ത്തിമേവൂസ്, തിമേവൂസിന്‍റെ പുത്രനെന്ന് സുവിശേഷം വിളിക്കുന്ന അന്ധനായ മനുഷ്യന്‍ ഏകാകിയായിരുന്നു. പരിത്യക്തനും ഭവനരഹിതനും അന്ധനും പാവപ്പെട്ടവനുമാകയാല്‍ അവനെ ശ്രദ്ധിക്കാനും സ്നേഹിക്കാനും ആരുമില്ല. എന്നാല്‍ ഈശോ അവന്‍റെ കരച്ചില്‍ കേള്‍ക്കുന്നു. അവിടുന്ന് അവന്‍റെ അടുത്തു ചെല്ലുന്നു. അവനോടു സംസാരിക്കാന്‍ ആവശ്യപ്പെടുന്നു. നിനക്ക് എന്തു വേണമെന്നു പറയുക! ക്രിസ്തു അവനെ ശ്രവിക്കുന്നു. അതിനാല്‍ വിശ്വാസയാത്രയില്‍ നമുക്ക് അനിവാര്യമായ കാര്യമാണ്, കേള്‍ക്കാനുള്ള സന്നദ്ധത (Listening). സംസാരിക്കുന്നതിനു മുന്‍പ് അപരനെ നമുക്ക് കേള്‍ക്കാന്‍ സാധിക്കണം. കേള്‍വിയും കേള്‍ക്കാനുള്ള സന്നദ്ധതയും ഒരു പ്രേഷിതദൗത്യവും നിലപാടുമാണ്.

മടുപ്പുകാണിക്കാത്ത സ്നേഹം അത്യാവശ്യം. ക്രിസ്തുവന്‍റെ കൂടെയുണ്ടായിരുന്നവര്‍ കരഞ്ഞുവിളിച്ച ബാര്‍ത്തിമേവൂസിനെ നിശ്ശബ്ദനാക്കാന്‍ ശ്രമിച്ചു. യേശുവിന്‍റെ ചുറ്റും നടന്നിരുന്നവര്‍ക്ക് ബാര്‍ത്തിമേവൂസിനെപ്പോലൊരാള്‍ മാര്‍ഗ്ഗമദ്ധ്യേ വന്നുകൂടിയ പ്രതീക്ഷിക്കാത്തൊരു ശല്യക്കാരനായിരുന്നു. കാരണം, ക്രിസ്തുവിനും ഉപരിയായി, അവര്‍ക്ക് അവരുടേതായ പദ്ധതികളുണ്ടായിരുന്നു – തമ്മില്‍ സംസാരിക്കാനും കാണാനും കേള്‍ക്കാനുമൊക്കെ! യേശുവിനെ അനുഗമിക്കുന്നവരാണെങ്കിലും, സ്വന്തമായ പ്ലാനും പദ്ധതിയുമായിട്ടാണ് അവര്‍ നീങ്ങുന്നത്. അജപാലകരും, ക്രൈസ്തവരെല്ലാവരും ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ വലിയ അപകടമാണിത്. ക്രിസ്തുവിനെ സംബന്ധിച്ച്, സഹായത്തിനായി കരയുന്നവര്‍ ഒരു ബുദ്ധിമുട്ടല്ല, വെല്ലുവിളിയാണ്. മനുഷ്യജീവിതങ്ങളെ നാം ശ്രദ്ധിക്കുകയും, കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്!

ദൈവപിതാവിന്‍റെ പുത്രരായ നാം നമ്മുടെ സഹോദരങ്ങളുടെ യാചകളും കരിച്ചിലും കേള്‍ക്കേണ്ടതാണ്. പൊള്ളയായ പുറുപിറുക്കലല്ല, അവരുടെ അവശ്യങ്ങളും അവകാശങ്ങളും നാം ശ്രദ്ധിക്കേണ്ടതാണ്. അവര്‍ എത്ര ആവര്‍ത്തി ചേദിച്ചാലും, ദൈവം നമ്മോടു ചെയ്യുന്നതുപോലെ മടുപ്പു കാണിക്കാതെ സ്നേഹത്തോടും കരുണയോടുംകൂടെ അവരുടെ ആവശ്യങ്ങള്‍ മാനിക്കേണ്ടതും പരിഗണിക്കേണ്ടതുമാണ്.

യുവജനങ്ങളെ, ദൈവം ഒരിക്കലും നമ്മുടെ യാചനകളില്‍ ക്ഷീണിതനാകുന്നില്ല. തന്നെ തേടുന്നവരില്‍ അവിടുന്ന് സംപ്രീതനാണ്. അതിനാല്‍ കേള്‍ക്കാന്‍ സന്നദ്ധതയുള്ളൊരു ഹൃദയത്തിനായി നാം ദൈവത്തോടു പ്രാര്‍ത്ഥിക്കണം. യുവജനങ്ങളോട് സഭയുടെ അജപാകരുടെ പേരില്‍ മാപ്പപേക്ഷിക്കുകയാണ്, യുവജനങ്ങളെ കേള്‍ക്കാതിരുന്നിട്ടുള്ള അവസരങ്ങള്‍ക്ക് ക്ഷമ യാചിക്കുന്നു. ഹൃദയം തുറന്ന് യുവാക്കളെ കേള്‍ക്കുന്നതിനു പകരം അവരെ അമിതഭാഷണംകൊണ്ട് അലോസരപ്പെടുത്തിട്ടുണ്ടാകാം!

ക്രിസ്തുവിന്‍റെ സഭയുടെ നാമത്തില്‍ യുവജനങ്ങളെ ഇനിയും സ്നേഹത്തോടെ കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണ് ഈ സിനഡിലൂടെ. കാരണം രണ്ടു കാര്യങ്ങള്‍ ഉറപ്പാണ് – ദൈവത്തിന്‍റെ മുന്നില്‍ നിങ്ങളുടെ ജീവിതങ്ങള്‍ വിലപ്പെട്ടതാണ്. ദൈവമായ ക്രിസ്തു യുവാവാണ്, അവിടുന്നു യുവജനങ്ങളെ സ്നേഹിക്കുന്നു. അതുപോലെ യുവജനങ്ങളുടെ ജീവിതം സഭയ്ക്കും വിലപ്പെട്ടതാണ്, കാരണം മുന്നോട്ടുള്ള പ്രയാണത്തില്‍ യുവജനങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാണ്.

2) അയല്‍ക്കാരനാവുക! to be a neighbour:

വിശ്വാസയാത്രയിലെ രണ്ടാമത്തെ നിലപാട് അപരനെ ശ്രവിക്കുന്ന നാം അവര്‍ക്ക് അയല്‍ക്കാരനാകുക എന്നാണ് (To be a neighbour). നമുക്ക് യേശുവിനെ ശ്രദ്ധിക്കാം. ബാര്‍ത്തിമേവൂസിന്‍റെ കരിച്ചില്‍ കേട്ടിട്ട് കൂട്ടത്തില്‍നിന്ന് ആരെയെങ്കിലും പറഞ്ഞ് ഏല്പിക്കാതെ യേശു സ്വയം അവന്‍റെ പക്കലേയ്ക്കു പോകുന്നു (No delegation). അവനോടു ചോദിക്കുന്നു, ഞാന്‍ എന്തു ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? നിനക്ക് എന്താണ് ആവശ്യം…? ക്രിസ്തു ഈ വ്യക്തിയില്‍ മുഴുകുകയാണ്. അവനെ ഒട്ടും അവഗണിക്കുന്നില്ല. സംസാരിക്കുകയല്ല, താന്‍ എന്തു ചെയ്യണമെന്നാണ് ചോദ്യം. തന്‍റെ മനസ്സിലെ ആഗ്രഹത്തോടെയും മുന്‍വിധിയോടെയും എന്തെങ്കിലും ചെയ്യുകയല്ല, ഇപ്പോള്‍ ഇവിടെ അയാള്‍ക്ക് എന്തുവേണമെന്നതാണ് ചോദ്യം.

ദൈവം പ്രവര്‍ത്തിക്കുന്ന രീതിയാണിത്. വ്യക്തിയോടു ദൈവത്തിനുള്ള പ്രത്യേക വാത്സല്യമാണ് ഇവിടെ കാണുന്നത്. തന്‍റെ ഈ പ്രവൃത്തിവഴി തന്നെ ദൈവസ്നേഹത്തിന്‍റെ സന്ദേശം അവിടുന്ന് സംവേദനം ചെയ്തുകഴിഞ്ഞു. വിശ്വാസം അങ്ങനെ അയാളുടെ ജീവിതത്തില്‍ പൂവണിയുന്നു.

വിശ്വാസം പ്രബോധനമല്ല, ജീവിതമാണെന്ന ബോധ്യം ഉണ്ടാകണം. ജീവിതത്തിലും ജീവിതസാഹചര്യങ്ങളിലുമാണ് വിശ്വാസം വളരുന്നത്. മറിച്ച് വിശ്വാസം തത്വസംഹിതകളെ മാത്രം സംബന്ധിക്കുന്നതാകുമ്പോള്‍ അത് ഏറെ ബൗദ്ധികമായി മാറുന്നു. അത് ഹൃദയത്തെ സ്പര്‍ശിക്കാതെ പോകുന്നു. എന്നാല്‍ വിശ്വാസം കുറെ പ്രവര്‍ത്തനങ്ങള്‍ മാത്രമായാലും അത്, വെറും സദാചാരപരമായ സാമൂഹ്യസേവനമായും പരിണമിക്കും. എന്നാല്‍ വിശ്വാസം ജീവിതമാണ് – അത് നമ്മുടെ ജീവിതങ്ങളെ പരിവര്‍ത്തനം ചെയ്തു രൂപാന്തരപ്പെടുത്തിയ ദൈവത്തിന്‍റെ സ്നേഹം ജീവിക്കുന്നതാണ്. അതിനാല്‍ പ്രമാണത്തിനും കര്‍മ്മോന്മുഖതയ്ക്കും തമ്മില്‍ താരതമ്യമില്ല.

ദൈവത്തിന്‍റെ പദ്ധതികള്‍ അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ടും, ഒട്ടിച്ചേര്‍ന്നുനിന്നുകൊണ്ടും, പരസ്പരം കൂട്ടായ്മയില്‍ ജീവിച്ചുകൊണ്ടും, സഹോദരങ്ങളുടെ കൂടെ നടന്നുകൊണ്ടും ദൈവികമായി നിവര്‍ത്തിതമാക്കാന്‍, വിളിക്കപ്പെട്ടവരാണ് അജപാലകര്‍. അതിനാല്‍ വിശ്വാസപ്രഘോഷണത്തിന്‍റെ കാതലായ രഹസ്യമാണ് സാമീപ്യം, അതില്‍ രണ്ടാംതരമില്ല.

അയല്‍ക്കാരനാകുക എന്നു പറയുന്നത് നമ്മുടെ സഹോദരങ്ങളുടെ ജീവിതത്തില്‍ ദൈവിക സന്നിദ്ധ്യത്തിന്‍റെ നവീനത അനുഭവവേദ്യമാക്കുകയെന്നാണ്. അത് പൊള്ളയായ ഉത്തരങ്ങള്‍ക്കും എളുപ്പമുള്ള പ്രതിവിധികള്‍ക്കും മറുമരുന്നായും പ്രവര്‍ത്തിക്കും. ക്രൈസ്തവരായ നാം സഹോദരങ്ങള്‍ക്ക് അയല്‍ക്കാരാകുന്നുണ്ടോ എന്നു സ്വയം ചോദിക്കേണ്ടതാണ്. അതിന് നാം നമ്മുടെ സ്വകാര്യതയുടെ ചുറ്റുവട്ടങ്ങള്‍ വിട്ടിറങ്ങുകയും, ദൈവം ആര്‍ദ്രമായി അന്വേഷിക്കുന്നതുപോലെ നമ്മില്‍പ്പെടാത്ത ഒരുവനെയും ഒരുവളെയും ആശ്ലേഷിക്കേണ്ടിയിരിക്കുന്നു, ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.

സുവിശേഷത്തില്‍ കാണുന്ന പ്രലോഭനം, പാവം കുരുടനോട് ശിഷ്യന്മാര്‍ കാട്ടിയ നിസംഗത സ്വാഭാവികമാണ് – കൈയ്യൊഴിയുക അല്ലെങ്കില്‍ ഊരിപ്പോവുക! ഇന്നത്തെ സുവിശേഷത്തിലെ ശിഷ്യന്മാരും ആള്‍ക്കൂട്ടവും ചെയ്തത് അതാണ്. ആബേലിനോടു കായേനും, യേശുവിനോടു പീലാത്തോസും ചെയ്തത് ഇതുതന്നെയാണ്. അവര്‍ കൈകഴുകി,കൈയ്യൊഴിഞ്ഞു.

മനുഷ്യനെ സഹായിക്കാന്‍ തിരിച്ചുനടന്ന ദൈവം
നാം യേശുവിനെ അനുഗമിക്കേണ്ടവരാണ്, യേശുവിനെപ്പോലെ സഹോദരങ്ങളെ സഹായിക്കുന്നതില്‍ കൈ അഴുക്കാക്കാന്‍ തയ്യാറാകേണ്ടവരാണ്. അവിടുന്നു വഴിയാണ് (യോഹ.14, 6), എന്നിട്ടും ബാര്‍ത്തിമേവൂസിന്‍റെ വഴിയില്‍ എന്നി‌ട്ടും അവിടുന്നു നില്ക്കുന്നു. അവിടുന്നു ലോകത്തിന്‍റെ പ്രകാശമാണ് (യോഹ.9, 5), എന്നിട്ടും ഒരു അന്ധനായ മനുഷ്യനെ സഹായിക്കാന്‍ അവിടുന്നു തിരിഞ്ഞുനില്ക്കുന്നു.

ദൈവമായ ക്രിസ്തു നമ്മെ ഓരോരുത്തരെയും രക്ഷിക്കാന്‍ കൈ അഴുക്കാക്കിയിട്ടുണ്ടെന്ന് മനസ്സിലാക്കണം. കുരിശില്‍ ദൃഷ്ടിപതിക്കുക. കുരിശില്‍നിന്നു തുടങ്ങിയാല്‍ മനസ്സിലാകും, എന്‍റെ പാപാവസ്ഥയിലും ആത്മീയ മരണത്തിലും അവിടുന്ന് എന്‍റെ അയല്‍ക്കാരനായി. എല്ലാറ്റിന്‍റെയും തുടക്കം ദൈവം മനുഷ്യന്‍റെ അയല്‍ക്കാരനാകുന്ന സാമീപ്യത്തില്‍നിന്നുമാണ്. അതിനാല്‍ ദൈവസ്നേഹത്തെ, നമ്മെ സ്നേഹിച്ച ദൈവത്തെപ്രതി നിങ്ങളും ഞാനും അയല്‍ക്കാരനാകണം. നിങ്ങളും ഞാനും ദൈവിക ജീവന്‍റെ നവീനത പങ്കുവയ്ക്കുന്നവരാകണം. നാം എല്ലാവരുടെയും അദ്ധ്യാപകരല്ല, വിശുദ്ധിയുടെ കാര്യങ്ങളുടെ വിദഗ്ദ്ധരുമല്ല, മറിച്ച് നാം ദൈവിക രക്ഷയുടെയും സ്നേഹത്തിന്‍റെയും സാക്ഷികളാകണം!

3) സാക്ഷികളാവുക… (to bear witness):

വിശ്വാസിയുടെ മൂന്നാമത്തെ നിലപാടാണ് ജീവിത സാക്ഷ്യം. ഈശോ ആവശ്യപ്പെട്ടതനുസരിച്ച് ബാര്‍ത്തിമേവൂസിന്‍റെ പക്കല്‍ പോയ ശിഷ്യന്മാരെ ശ്രദ്ധിക്കാം. അല്പം ചില്ലറ കൊടുത്തോ, ഉപദേശിച്ചോ അവനെ ഒന്ന് ഒതുക്കാനല്ല, മൗനിയാക്കാനല്ല ക്രിസ്തു ആവശ്യപ്പെട്ടത്. ശിഷ്യന്മാര്‍ ക്രിസ്തുവിന്‍റെ നാമത്തിലാണ് ബാര്‍ത്തിമേവൂസിന്‍റെ പക്കല്‍ എത്തിയത്. യഥാര്‍ത്ഥത്തില്‍ അവര്‍ മൂന്നു വാക്കുകളാണ് അവനോട് ഉച്ചരിച്ചത്. അത് ഈശോ പറ‍ഞ്ഞ വാക്കുകളുമാണ്. ധൈര്യമായിരിക്കുക! എഴുന്നേല്ക്കുക! ഈശോ നിന്നെ വിളിക്കുന്നു! (49). സുവിശേഷത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഈശോ പറയുന്നുണ്ട്, ധൈര്യമായിരിക്കുക!

കാരണം തന്നെ വിളിക്കുന്നവരെ ശ്രവിക്കുന്നവനാണ് ക്രിസ്തു. പിന്നെ പറയുന്നു, എഴുന്നേല്ക്കുക! പിന്നെ അവിടുന്ന് രോഗിയെ സുഖപ്പെടുത്തുന്നു – ശാരീരികമായും മാനസികമായും സൗഖ്യംനല്കുന്നു. ക്രിസ്തു മാത്രം അവിടുത്തെ അനുഗമിക്കുന്നവരെ രൂപാന്തരപ്പെടുത്തുന്നു. വീണവരെ എഴുന്നേല്ക്കാന്‍ സഹായിക്കുന്നു, അവരുടെ ജീവിതാന്ധതയില്‍ ദൈവിക വെളിച്ചം ചൊരിയുന്നു. ഇന്നു ധാരാളം കുട്ടികളും യുവജനങ്ങളും ബാര്‍ത്തിമേവൂസിനെപ്പോലെ വെളിച്ചം തേടുന്നവരാണ്. അവര്‍ യഥാര്‍ത്ഥമായ സ്നേഹം തേടുന്നവരാണ്. ലോകത്തിന്‍റേതായ തിക്കിലും തിരക്കിലും യേശുവനെ വിളിക്കുന്നവര്‍ ധാരാളമാണ്. അവര്‍ ജീവന്‍, നവജീവന്‍ തേടുന്നവരാണ്, എന്നാല്‍ പലപ്പോഴും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്, അവരെ ശ്രദ്ധിക്കുന്നവരും ശ്രവിക്കുന്നവരും വളരെ കുറച്ചുപേരാണ്.

ജനമദ്ധ്യത്തിലേയ്ക്ക് ഇറങ്ങേണ്ടവരാണ് നമ്മൾ. മനുഷ്യര്‍ നമ്മുടെ വാതിക്കല്‍ വന്നു മുട്ടട്ടെ, വിളിച്ചപേക്ഷിക്കട്ടെ, എന്നു ക്രൈസ്തവരായ നാം ശഠിക്കേണ്ടതില്ല. നാം ആവശ്യത്തിലായിരിക്കുന്നവരുടെ പക്കലേയ്ക്കു ചെല്ലണം. നാം നമ്മെയല്ല, നമ്മുടെ നല്ല വാക്കിലും പ്രവൃത്തിയിലും ക്രിസ്തുവിനെയാണ് അവര്‍ക്കു നല്കേണ്ടത്. അവിടുന്ന ശിഷ്യരെപ്പോലെ നമ്മെയും അപരന്‍റെ പക്കലേയ്ക്ക് അയയ്ക്കുകയാണ്. അവരെ പ്രോത്സാഹിപ്പിക്കാനും, കൈപിടിച്ച് ഉയര്‍ത്താനും. അവിടുന്നു നമ്മെ ഓരോരുത്തരുടെയും പക്കലേയ്ക്ക് അയയ്ക്കുകയാണ്. ദൈവം ആവശ്യപ്പെടുന്നത് അവര്‍ക്ക് ദൈവസ്നേഹം പകര്‍ന്നു നല്കാനാണ്. ദൈവസ്നേഹത്തിന്‍റെ സാക്ഷികളാകാനാണ്. എന്നാല്‍ രക്ഷയുടെ സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം പങ്കുവയ്ക്കുന്നതിനു പകരം നാം, നമ്മുടെ ചെറിയ ചേരുവകളും, ചെറുചീട്ടുകളുമാണ് അവരുടെ മുന്നില്‍ സഭയിലെ അജപാലകര്‍ ചിലപ്പോള്‍ ഇറക്കിയിട്ടുള്ളത്, എറിഞ്ഞിട്ടുള്ളത്.

ദൈവവചനം സ്വാംശീകരിച്ചു നല്കുന്നതിനു പകരം, നമ്മുടെ വാക്കുകള്‍ തിരുവചനത്തിന്‍റെ സ്ഥാനത്ത് അവതരിപ്പിക്കപ്പെടാറുണ്ട്! ക്രിസ്തുവിന്‍റെ സാന്ത്വന സാമീപ്യത്തിനു പകരം മനുഷ്യര്‍ ഇന്ന് ധാരാളം സഭാസ്ഥാപനത്തിന്‍റെ ഭാരം പേറുകയാണ് പലപ്പോഴും. നാം ദൈവത്തിന്‍റെ രക്ഷ അറിഞ്ഞു ജീവിക്കുന്ന സന്തോഷമുള്ളൊരു സമൂഹമാകുന്നതിനു പകരം, ചില സര്‍ക്കാരേതര ഏജന്‍സികളെപ്പോലെ പ്രവര്‍ത്തിക്കുകയാണ്, ചിലപ്പോള്‍ സര്‍ക്കാര്‍ നിയന്ത്രിത പ്രസ്ഥാനങ്ങളായും പ്രവര്‍ത്തിക്കുന്നു.

ഇന്നത്തെ സുവിശേഷം വരച്ചുകാട്ടുന്ന വിശ്വാസയാത്ര പര്യവസാനിക്കുന്നത് ഏറെ മനോഹരവും ആശ്ചര്യാവഹമായ രീതിയിലാണ്. പോവുക! നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു! എന്ന ആഹ്വാനമാണ്. മറുപടിയായി ബാര്‍ത്തിമേവൂസ് വിശ്വാസവാഗ്ദാനമോ വ്രതവാഗ്ദാനമോ ഒന്നും നടത്തിയില്ല. സല്‍പ്രവൃത്തികള്‍ ഒന്നും ചെയ്തതായി കാണുന്നില്ല. അയാള്‍ ദൈവത്തിന്‍റെ കാരുണ്യത്തിനായി കേണപേക്ഷിച്ചു എന്നു മാത്രം സുവിശേഷം രേഖപ്പെടുത്തുന്നു.

രക്ഷയ്ക്കായുള്ള അഭിവാഞ്ഛയാണ് വിശാസത്തിന്‍റെ ആരംഭം. അത് ക്രിസ്തുവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള നേര്‍പാതയുമാണ്. ബാര്‍ത്തിമേവൂസിന്‍റെ സൗഖ്യപ്രാപ്തിക്കും രക്ഷയ്ക്കും ദൈവത്തെക്കുറിച്ചുള്ള അറിവോ പാണ്ഡിത്യമോ ആയിട്ടൊന്നും യാതൊരു ബന്ധവുമില്ല. അതിനാല്‍ വിശ്വാസം ഒരു താത്വികപഠനമല്ല, അത് ക്രിസ്തുവുമായുള്ളൊരു നേര്‍ക്കാഴ്ചയാണ്! ആ കൂടിക്കാഴ്ചയില്‍പ്പിന്നെ ക്രിസ്തു കടന്നുപോകും, നടന്നകലും…, എന്നിരുന്നാലും അവിടുന്ന് സ്ഥാപിച്ച സഭയുടെ ഹൃദയം ഇന്നുമെന്നും സ്പന്ദിക്കുന്നു. അപ്പോള്‍ നമ്മുടെ പ്രസംഗവും പ്രവര്‍ത്തനങ്ങളുമല്ല, ജീവിതസാക്ഷ്യമായിരിക്കും ഫലവത്താകുന്നത്.

യുവജനങ്ങള്‍ക്കായുളള സിനഡിന്‍റെ വിശ്വാസയാത്രയില്‍ കൂടെ നടന്നവര്‍ക്കെല്ലാം, നന്ദി! ഈ കൂട്ടായ്മയുടെ സാക്ഷ്യത്തിനും നന്ദി! ദൈവജനത്തെ പ്രത്യേകിച്ച് യുവതലമുറയെ സഹായിക്കാനുള്ള ആത്മാര്‍ത്ഥതയോടും തീക്ഷ്ണതയോടും തുറവോടുംകൂടെ സിനഡു കൂട്ടായ്മ അദ്ധ്വാനിച്ചിട്ടുണ്ട്. നമ്മുടെ ചുവടുവയ്പുകളെ ദൈവം നയിക്കട്ടെ, അനുഗ്രഹിക്കട്ടെ! അതുവഴി യുവജനങ്ങളെ ശ്രവിക്കാനും, അവരുടെ അയല്‍ക്കാരാകാനും, ജീവിതാനന്ദംകൊണ്ട് അവര്‍ക്ക് ക്രിസ്തുവിന്‍റെ സാക്ഷികളാകാനും സാധിക്കട്ടെ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker