ഫ്രാൻസിസ് പാപ്പാ കല്പനകളെക്കുറിച്ച് പുതിയ പ്രബോധനപരമ്പര ആരംഭിച്ചു
ഫ്രാൻസിസ് പാപ്പാ കല്പനകളെക്കുറിച്ച് പുതിയ പ്രബോധനപരമ്പര ആരംഭിച്ചു
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ കല്പനകളെക്കുറിച്ച് പുതിയ പ്രബോധനപരമ്പര ആരംഭിച്ചു. എല്ലാ ബുധനാഴ്ചകളിലും നടക്കാറുള്ള പ്രതിവാര പൊതുകൂടിക്കാഴ്ചയിലെ പുതിയ പ്രബോധന പരമ്പരയ്ക്ക് പോപ്പ് ഇന്നലെ തുടക്കം കുറിച്ചു.
ദൈവികനിയമത്തിന്‍റെ കല്പനകളെക്കുറിച്ച് ധ്യാനിച്ച് തുടങ്ങുന്നതിന് യേശുവും യുവാവുമായുള്ള കൂടിക്കാഴ്ച ഭാഗമാണ് വായനയ്ക്ക് വിധേയമാക്കിയത്. നിത്യജീവൻ അവകാശമാക്കാൻ താൻ എന്തു ചെയ്യണമെന്ന് ആ യുവാവ് മുട്ടുകുത്തി യേശുവിനോടു ചോദിക്കുന്ന ചോദ്യത്തിൽ നമ്മോട് തന്നെയുള്ള വെല്ലുവിളി അടങ്ങിയിരിക്കുന്നു. അതു പ്രാപിക്കാൻ എന്തു ചെയ്യണം? ഏതു സരണിയിലൂടെയാണ് സഞ്ചരിക്കേണ്ടത്? യഥാർത്ഥ ജീവിതം നയിക്കുക, അന്തസ്സാർന്ന ജീവിതം നയിക്കുക എന്ന യാഥാർഥ്യത്തിൽ എത്ര യുവജനങ്ങൾ ജീവിക്കാൻ ശ്രമിക്കുന്നുണ്ട്? ക്ഷണികങ്ങളായവയുടെ പിന്നാലെ പോയി എത്ര പേർ ജീവിതം നശിപ്പിക്കുന്നു? എന്നീ ചോദ്യങ്ങളും പാപ്പാ ചോദിക്കുന്നു.
യേശു നൽകുന്നത് യഥാർത്ഥ ജീവിതമാണെന്നും, യഥാർത്ഥ സ്നേഹമാണെന്നും, യഥാർത്ഥ സമ്പന്നതയാണെന്നും അതുകൊണ്ട് മറ്റൊന്നും തേടി അലയേണ്ട കാര്യമില്ല. അതുകൊണ്ട്, നാം അസാധാരണമായതിലേക്ക് നമ്മെത്തന്നെ തുറക്കുന്നതിനായി സാധാരണമായവയെ സസൂക്ഷ്മം പരിശോധിക്കണം. യുവത്വത്തിന്‍റെ മായാലോകത്തുനിന്ന് സ്വർഗ്ഗീയ നിക്ഷേപത്തിലേക്കു കടക്കുന്നതിന് യേശുവിന്‍റെ കൈപിടിച്ച് നാം മോശയുടെ രണ്ടു കല്പനാഫലകങ്ങൾ കൈകളിലേന്തി അവിടത്തെ അനുഗമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
മോശയുടെ രണ്ടു കല്പനാഫലകങ്ങളിലെ നിയമങ്ങളിലോരോന്നിലും സ്വർഗ്ഗീയ പിതാവ് തുറന്നിട്ട വാതിൽ നമുക്ക് കണ്ടെത്താനാകും. താൻ കടന്ന ആ വാതിലിലൂടെ യേശു സത്യജീവിതത്തിലേക്ക്, അവിടുത്തെ ജീവിതത്തിലേക്ക്, ദൈവമക്കളുടെതായ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്നതിനുവേണ്ടിയാണ് അതു തുറന്നിട്ടിരിക്കുന്നത്. അതുകൊണ്ട്, പത്തുകല്പനകളെ കുറിച്ചുള്ള ആഴമായ ബോധ്യത്തിൽ ജീവിതങ്ങളെ മികവുറ്റതും തിളക്കമാർന്നതുമാക്കി മാറ്റാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.