Vatican

ഫ്രാൻസിസ് പാപ്പായുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി; പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

ഇന്ത്യസന്ദർശിക്കുവാനായി താൻ ഫ്രാൻസിസ് പാപ്പയെ ക്ഷണിച്ചുവെന്ന് പ്രധാനമന്ത്രി തന്നെ തന്റെ Twitter-ലൂടെ അറിയിച്ചു...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയെ പേപ്പൽ മന്ദിരത്തിന്റെ ചുമതലയുള്ള റീജന്റ് മോൺസിഞ്ഞോർ ലിയോനാർഡോ സപിയൻസ സ്വാഗതം ചെയ്തു. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു സമീപമുള്ള വത്തിക്കാൻ പാലസിലെ പാപ്പായുടെ സ്വകാര്യ ലൈബ്രറിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഇന്ത്യസന്ദർശിക്കുവാനായി താൻ ഫ്രാൻസിസ് പാപ്പയെ ക്ഷണിച്ചുവെന്ന് പ്രധാനമന്ത്രി തന്നെ തന്റെ Twitter-ലൂടെ അറിയിച്ചു.

കൂടിക്കാഴ്ചയ്ക്കായി മാറ്റിവച്ചിരുന്ന സമയം അരമണിക്കൂർ മാത്രമായിരുന്നുവെങ്കിലും ഏകദേശം ഒരു മണിക്കൂറിലധികം നീണ്ടതായിരുന്നു ഫ്രാൻസിസ് പാപ്പാ-നരേന്ദ്രമോദി കൂടിക്കാഴ്ച. ലോക സമാധാനം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധം, മതപീഡനങ്ങൾ, മനുഷ്യാവകാശ സംരക്ഷണം, ഭക്ഷ്യ ക്ഷാമം തുടങ്ങിയവയായിരുന്നു ചർച്ചാ വിഷയങ്ങൾ.

തുടർന്ന്, ഫ്രാൻസിസ് പാപ്പയ്ക്ക് പ്രധാനമന്ത്രി വെള്ളികൊണ്ട് തീർത്ത മെഴുകുതിരി പീഠം സമ്മാനമായി നൽകിയപ്പോൾ, പാപ്പ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിക്ക് പ്രതീക്ഷയുടെ അടയാളമായ ഒലിവിന്റെ ചില്ല പതിച്ച ഒരു വെങ്കല ഫലകമാണ് നൽകിയത്. ഫലകത്തിൽ ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിലെ “മരുഭൂമി ഫലപുഷ്‌ടിയുള്ളതാകും” എന്ന വചനവും ആലേഖനം ചെയ്തിട്ടുണ്ട്.

പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയേത്രോ പരോളിനെയും പ്രധാനമന്ത്രി മോദി സന്ദർശിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും മോഡിയുടെ ഒപ്പമുണ്ടായിരുന്നു.

റോമിൽ വച്ച് നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുവാൻ എത്തിയ നിരവധി രാഷ്ട്രനേതാക്കളിൽ വെറും മൂന്നു പേർക്ക് മാത്രമാണ് വത്തിക്കാനിൽ ഫ്രാൻസിസ് പാപ്പായെ സന്ദർശിക്കാനുള്ള അനുവാദം നൽകിയിരുന്നത്. ഇന്നലെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജി-ഇൻ നും ഫ്രാൻസിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഒക്ടോബർ 30-ന് രാവിലെ ഇറ്റാലിയൻ സമയം 8.30 മുതലായിരുന്നു ഫ്രാൻസിസ് പാപ്പായുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച്ച.

22 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു പാപ്പായ്ക്ക് ഭാരത മണ്ണിൽ സന്ദർശനം നടത്താൻ ഈ കൂടിക്കാഴ്ച്ച അവസരമൊരുക്കുമോ എന്ന് ആകാംഷയോടെ കാത്തിരുന്ന ഭാരത ജനതയ്ക്ക് വലിയ പ്രതീക്ഷയാണ് പ്രധാനമന്ത്രി നൽകിയിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker