Vatican

ഫ്രാൻസിസ് പാപ്പായുടെ പ്രവൃത്തിയിൽ അമ്പരന്ന് ലോകം

ഫ്രാൻസിസ് പാപ്പായുടെ പ്രവൃത്തിയിൽ അമ്പരന്ന് ലോകം

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: സൗത്ത് സുഡാനിൽ അനുരജ്ഞനത്തിലൂടെ സമാധാനം വീണ്ടെടുത്ത്, അതിനെ ഒരു സമാധാന രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, തെക്കൻ സുഡാനിലെ സംഘർഷങ്ങൾ തീർക്കാനായി നവീകരിച്ച കരാർപ്രകാരം മെയ് 12-ന് രാഷ്ട്രത്തിന്‍റെ ഉന്നത ഉത്തരവാദിത്വം ഏറ്റെടുക്കാൻ പോകുന്ന രാഷ്ട്രാധികാരികൾക്കും, തെക്കൻ റിപ്പബ്ലിക്കൻ സുഡാന്‍റെ പ്രെഡിഡൻസിയിലെ അംഗങ്ങൾക്കുമായി വത്തിക്കാനിലെ സാന്താ മാർത്തയിൽ വച്ച് ഏപ്രിൽ 11, 12 തീയതികളിൽ ധ്യാനം നടത്തുവാൻ ഫ്രാൻസിസ് പാപ്പാ അനുവാദം നൽകിയിരുന്നു.

ആംഗ്ലിക്കൻ സഭാ തലവൻ കാന്റർബെറി ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ കാര്യാലയവും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയേറ്റും സംയുക്തമായായിരുന്നു ധ്യാനം സംഘടിപ്പിച്ചത്. ധ്യാനത്തിന്റെ സമാപനത്തിൽ ഫ്രാൻസിസ് പാപ്പാ സന്ദേശം പങ്കുവെച്ചിരുന്നു. എന്നാൽ അതിനുശേഷം, പേപ്പൽ വസതിയിൽ സുഡാനിലെ രാഷ്ട്രീയ പ്രമുഖർ പാപ്പയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോഴാണ് ലോകത്തെ അമ്പരപ്പിച്ച ആ സംഭവം ലോകം കണ്ടത്.

പാപ്പാ അവരോട് ഇങ്ങനെ സംസാരിച്ചു തുടങ്ങി: ‘നിങ്ങൾ സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചോ? ഒരു സഹോദരൻ എന്ന നിലയിൽ സമാധാനത്തിൽ നിലനിൽക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു. ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നിങ്ങളോട് പറയുന്നു; നമുക്ക് മുന്നോട്ടുപോകാം, നിരവധി പ്രശ്‌നങ്ങളുണ്ടാകാം, ആ പ്രശ്‌നങ്ങൾ പരിഹരിക്കാം,’ ഇതായിരുന്നു സംഭാഷണം. തുടർന്ന്, ഹസ്തദാനം പ്രതീക്ഷിച്ചിരുന്ന സൗത്ത് സുഡാനിയൻ നേതാക്കൾക്ക് ലഭിച്ചത് ഫ്രാൻസിസ് പാപ്പയുടെ സ്‌നേഹചുംബനം. കൈയിലോ കരങ്ങളിലോ അല്ല, പാദങ്ങളിൽ!

ആഭ്യന്തരകലാപങ്ങൾ പതിവായ സൗത്ത് സുഡാനിൽ സമാധാനം കൈവരണമെന്ന ഒറ്റ അപേക്ഷയോടു കൂടിയായിരുന്നു ഫ്രാൻസിസ് പാപ്പയുടെ ഈ പ്രവർത്തി. സൗത്ത് സുഡാൻ പ്രസിഡന്റ് സൽവാ ഖീർ, വിമതനേതാവ് റെയ്ക് മച്ചാർ എന്നിവരുൾപ്പെടെ നാലു പേരുടെ പാദങ്ങളിലാണ് പാപ്പ ചുംബിച്ചത്. അതിലൊരാൾ വനിതയും.

82 വയസുള്ള പാപ്പ, അദ്ദേഹത്തിന്റെ പാതി വയസുള്ള തങ്ങളുടെ ഓരോരുത്തരുടെയും മുന്നിലെത്തി മുട്ടുകുത്തി പാദങ്ങൾ ചുംബിക്കുന്നത് അമ്പരപ്പല്ല ഒരു തരം മരവിപ്പാണ് അവർക്കുണ്ടായിതെന്ന് അവരുടെ മുഖ ഭാവങ്ങളിൽനിന്ന് വ്യക്തം.

ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയാണ് ധ്യാനത്തിന് നേതൃത്വം വഹിച്ചത്. ധ്യാനത്തിനൊടുവിൽ, ഫ്രാൻസിസ് പാപ്പയും ആർച്ച്ബിഷപ്പ് ജസ്റ്റിൻ വെൽബിയും സ്‌കോട്ലൻഡിലെ മുൻ പ്രിസ്ബറ്റേറിയൻ സഭാ മോഡറേറ്റർ റവ. ജോൺ ചാമേഴ്സും ഒപ്പുവച്ച ബൈബിളുകൾ ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് സമ്മാനിക്കുകയും ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker