വത്തിക്കാന് സിറ്റി ; ഫ്രാൻസിസ് മാർപാപ്പ എന്തുകൊണ്ട് ഇന്ത്യയിലേക്കു വരുന്നില്ല? ഈ വർഷം ഇന്ത്യയും ബംഗ്ലാദേശും സന്ദർശിക്കുമെന്ന് ഏതാണ്ട് ഉറപ്പാണെന്നു മാർപാപ്പ തന്നെ പറഞ്ഞിട്ടും പിന്നെയെന്തേ അതുണ്ടായില്ല?- പോർച്ചുഗലിൽനിന്നുള്ള മുതിർന്ന പത്രപ്രവർത്തകയായ ഓറ മിഖേലിന്റെ ചോദ്യത്തിനുമുന്നിൽ പകച്ചുപോയി. എന്ത് ഉത്തരം പറയണമെന്ന് അറിയില്ലെന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. അടുത്തുനിന്നിരുന്ന മുതിർന്ന പത്രപ്രവർത്തകരായ അമേരിക്കയിൽനിന്നുള്ള ജോഷ്വ ജെ. മഖ്ൽവിക്കും അർജന്റീനയിൽനിന്നുള്ള അലീഷിയ ജോർജിനും ഇതേ കാര്യമാണ് അറിയേണ്ടിയിരുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ ദക്ഷിണേഷ്യൻ യാത്രയ്ക്കായി കൂടെ വിമാനത്തിൽ യാത്രയ്ക്കെത്തിയ മാധ്യമ സംഘത്തിലെ ഏതാണ്ടെല്ലാവർക്കും ഒരു ചോദ്യം മാത്രം- എന്താണു മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം നടക്കാതെ പോയത്? ഇന്ത്യയിലെ രാഷ്ട്രീയകാരണങ്ങൾ ആകാമെന്നായിരുന്നു മാധ്യമ സംഘത്തിലെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.
ഒടുവിൽ, വത്തിക്കാന്റെ പ്രസ് ഓഫീസിലെ ഉന്നതരോട് ചോദിച്ചു. അവരും കൃത്യമായി മറുപടി പറഞ്ഞില്ല. വൈകാതെ മാർപാപ്പ ഇന്ത്യയും സന്ദർശിക്കുമെന്നാണു പ്രതീക്ഷ എന്നായിരുന്നു അവരുടെ പ്രതികരണം.
മ്യാൻമർ, ബംഗ്ലാദേശ് എന്നീ രണ്ട് അയൽരാജ്യങ്ങളിൽ എത്തിയിട്ടും ഫ്രാൻസിസ് മാർപാപ്പയെ സ്വീകരിക്കാനാകാതെ ഇന്ത്യയിലെ വിശ്വാസി സമൂഹവും പൊതുജനങ്ങളും വിഷമത്തിലാണെന്നു വിദേശികൾക്കു പോലും ബോധ്യമുണ്ട്. ഫ്രാൻസിസ് പാപ്പാ ഇന്ത്യയിലേക്കു പോകുന്നതിനെക്കുറിച്ചായിരുന്നു ലോകം മുഴുവനും കഴിഞ്ഞ വർഷം ചർച്ചചെയ്തതെന്നു മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം റിപ്പോർട്ട് ചെയ്യാൻ പാപ്പായോടൊപ്പം യാത്ര ചെയ്യുന്ന മാധ്യമപ്പടയിലെ എല്ലാവരും തറപ്പിച്ചു പറയുന്നു.
ഉത്തർപ്രദേശിലെയും പിന്നീട് ഗുജറാത്തിലെയും നിയമസഭാ തെരഞ്ഞെടുപ്പുകൾ മൂലമാണ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് നരേന്ദ്ര മോദി സർക്കാർ താത്പര്യമെടുക്കാതിരുന്നതെന്നു ജർമൻകാരനായ മാധ്യമപ്രവർത്തകൻ ഹെർമൻ ബ്രെൻഡർ പറയുന്നു. മാർപാപ്പയുടെ പ്രത്യേക വിമാനത്തിൽ ദക്ഷിണേഷ്യയിലേക്കു വരുന്ന, അറുപതിലേറെ രാജ്യങ്ങളിൽനിന്നെത്തിയ എഴുപത്തഞ്ചോളം പത്രപ്രവർത്തകരിൽ ഭൂരിപക്ഷവും ഹെർമനോട് യോജിക്കുകയായിരുന്നു.
ഉച്ചയ്ക്ക് യാംഗൂണിലെത്തും
ശാന്തിദൂതുമായി ദക്ഷിണേഷ്യയിൽ അപ്പസ്തോലിക സന്ദർശനം നടത്തുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നു മ്യാൻമറിലെത്തും. മാർപാപ്പയെയും സംഘത്തെയും സംവഹിക്കുന്ന അലിറ്റാലിയയുടെ പ്രത്യേക ചാർട്ടർ വിമാനം ഇന്ന് ഉച്ചയ്ക്ക് 1.30ന് മ്യാൻമറിലെ വൻനഗരമായ യാംഗൂണിലെത്തും. വിമാനത്താവളത്തിൽ അദ്ദേഹത്തിന് ആചാരപരമായ വരവേൽപ്പ് നൽകും.
Related