“ഫിയാത്ത് മിഷന്റെ പുണ്യാളാ” പോകാൻ വരട്ടെ…; ഫാ.സൈമൺ പീറ്ററിന് ഫിയാത്ത് മിഷനോട് പറയാനുണ്ട് ചിലത്
നൊവേന ഉണ്ടാകുന്നത് "ഒമ്പത്" എന്ന് അർത്ഥമുള്ള ഇറ്റാലിയൻ പദത്തിൽ (നോവെ) നിന്നാണ് (നവനാൾ)...
ഫാ.സൈമൺ പീറ്റർ
ഫിയാത്ത് മിഷൻ ഇറക്കിയ മനോഹരമായ ഷോർട്ട് പ്രസന്റേഷൻ കണ്ടു. വളരെ ക്രിയേറ്റിവായ അവതരണ ശൈലി, ക്യാമറ ആഗ്ൾസ്, സിനിമാറ്റോഗ്രഫി, ബാക്ക് ഗ്രൗണ്ട് സ്കോർ… എല്ലാം വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ! ചില വ്യക്തിപരമായ അഭിപ്രായങ്ങൾ കൂടി പറയാൻ ആഗ്രഹിക്കുന്നു.
നൊവേനയ്ക്കുള്ള അമിത പ്രാധാന്യം
നൊവേന നടക്കുന്ന പള്ളികളിൽ പോയിട്ടുള്ള, പങ്കുകൊണ്ടിട്ടുള്ളവർക്ക് അറിയാം അവിടെ എന്താണ് നടക്കുന്നതെന്ന്. ഏകദേശം രണ്ട് രണ്ടര മണിക്കൂർ നീളുന്ന ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, വചന പ്രഘോഷണം എന്നിവയ്ക്ക് ശേഷം ഒരു അഞ്ച് മിനിറ്റാണ് “നിങ്ങൾ വില കുറച്ചു കണ്ട നൊവേന” ഉള്ളത്. ആ അഞ്ച് മിനിറ്റ് പോലും നൊവേനയക്ക് പ്രാധാന്യം കൊടുക്കരുതെന്ന് പറഞ്ഞതിന്റെ ലോജിക് എനിക്ക് മനസ്സിലാക്കുന്നില്ല. വിശുദ്ധരെ വിശുദ്ധരായി പ്രഖ്യാപിച്ചത് വെറുതെ ഒരു പ്രഖ്യാപനം നടത്താൻ വേണ്ടി മാത്രമാണോ? അവരെ വിശുദ്ധരായി വണങ്ങാനും, മാതൃക അനുകരിക്കാനും മാധ്യസ്ഥ്യം യാചിക്കാനും അല്ലേ? വിശുദ്ധരുമായുള്ള കൂട്ടായ്മ വിശ്വാസ പ്രമാണത്തിന്റെ ഭാഗമല്ലെ?
അഞ്ചു മിനിറ്റ് കൊണ്ട് ചൊല്ലുന്ന നൊവേന അമിതപ്രാധാന്യം കൊടുക്കലാണ് എന്നു പറയുന്നവരോട് എനിക്ക് പറയാനുള്ളത്. വെറുമൊരു കാര്യസാധ്യത്തിനാവാം പള്ളിയിൽ പോലും ഒട്ടും വരാത്തവർ വരുന്നത്. പക്ഷെ അവർ വന്ന് കഴിയുമ്പോൾ ഒമ്പത് ആഴ്ച തുടർച്ചയായി സകല അത്യാവശ്യങ്ങളും മാറ്റി വച്ച് വരാൻ തുടങ്ങും. ദിവ്യബലിയിൽ പങ്ക് ചേരും, ആരാധനയിൽ പങ്കുചേരും, കുമ്പസാരിക്കും (നൊവേന പളളികളിലെ കുമ്പസാരക്കാരുടെ നീണ്ട നിര ദയവായി പോയിക്കാണുക… എത്ര അച്ചൻമാർ അവിടെ കുമ്പസാരിപ്പിക്കാൻ ഇരിക്കുന്നുവെന്ന് പോയിക്കാണുക). ഒരു ദേവാലയത്തിലും ഒരു ധ്യാന സെൻററിലും ഒരിക്കലും പ്രത്യക്ഷപ്പെടാത്ത, വർഷങ്ങൾ കുമ്പസാരിക്കാത്ത, നീറുന്ന മുഖവുമായി നിലകൊള്ളുന്ന വ്യക്തികളെ നിങ്ങൾ അവിടെ കാണും.
ക്രിസ്തു പഠിപ്പിച്ച നേരങ്ങളിൽ അവിടുത്തെ ചുറ്റും ഓടിക്കൂടിയ ജനസമുദ്രം… ആത്മീയ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് വന്നിരുന്നതെന്ന് നിങ്ങൾ കരുതുന്നുണ്ടോ? രോഗം മാറാനും, ജീവിത പ്രശനങ്ങൾ തീരാനും, കടബാധ്യതകൾ മാറാനും, മക്കൾ ഉണ്ടാകാനുമൊക്കെയാണ് അവരും വന്നിരുന്നത്. പക്ഷെ വന്നു കഴിഞ്ഞപ്പോൾ അവർ വിശ്വാസികളായി രൂപാന്തരപ്പെട്ടു.
വീഡിയോയിൽ വിശുദ്ധരേയും കർത്താവിനേയും താരതമ്യം ചെയ്തു കൊണ്ടുള്ള കുട്ടിത്തം നിറഞ്ഞ ചോദ്യങ്ങൾ കേട്ടപ്പോൾ സത്യത്തിൽ ചിരിവന്നു. അതു പോലും അറിയാത്ത വിവരദോഷികളായി ക്രിസ്ത്യാനികളെ ചിത്രീകരിക്കാനും, അവരെ പറ്റിക്കുന്നവരായി വൈദികരെ ചിത്രീകരിക്കാനും നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? അതും ഇക്കാലത്ത്? പുണ്യാളനെക്കാൾ സങ്കടം തോന്നുന്നു.
ഓർക്കുക, ദിവ്യബലി കേന്ദ്രീകൃതമായ കാര്യങ്ങളാണു പള്ളികളിൽ നടക്കുന്നത്. അൽപം പുച്ഛo മാറ്റി വച്ച് പോയി കാണുക. അന്യഗൃഹങ്ങളൊന്നുമല്ലല്ലോ നമ്മുടെ പള്ളികൾ അല്ലേ?
ഒമ്പത് ദിവസം ദിവസം പ്രാർത്ഥിച്ചാൽ ഫലം?
ഇത് അച്ചൻ പറഞ്ഞുവെന്നാണ് വീഡിയോയുടെ തുടക്കം പറഞ്ഞു വെച്ചിരിക്കുന്നത്. അച്ചനല്ല സഭ… ഒരു ഫിലിം ചെയ്യുമ്പോൾ അത്യാവശ്യം റിസേർച്ച് ചെയ്യണം. എങ്ങിനെയാണ് ഈ ഒമ്പത് എന്ന അക്കം വന്നത്? ആദ്യത്തെ നൊവേനയായി കണക്കാക്കപ്പെടുന്നത് എന്താണ്? എന്നൊക്കെ അറിയണം.
നൊവേന ഉണ്ടാകുന്നത് “ഒമ്പത്” എന്ന് അർത്ഥമുള്ള ഇറ്റാലിയൻ പദത്തിൽ (നോവെ) നിന്നാണ് (നവനാൾ).
1) യേശുവിന്റെ സ്വർഗാരോഹണശേഷം സെഹിയോൻ ഊട്ടുശാലയിൽ ഒമ്പത് ദിനം അവർ ദൈവമാതാവിനോടൊപ്പം പ്രാർത്ഥിച്ചിരുന്നു. ഒമ്പതാം ദിവസം അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു. ഇതാണ് ആദ്യ നൊവേന.
2) ഒമ്പതാം മണിക്കുറിൽ അവൻ ജീവൻ വെടിഞ്ഞു.
3) ഇതിനേക്കാൾ വലിയ ഒരു നൊവേനയുണ്ട് വിശുദ്ധ ഗ്രന്ഥത്തിൽ, ഒമ്പത് മാസം ഉദരത്തിൽ ഉണ്ണിയേശുവിനെ വഹിച്ച ഒരു നൊവേന.
കുടുംബ ജീവിതം നയിക്കുന്നവർക്ക് ഒത്തിരി നൊമ്പരങ്ങളുണ്ട്… കൂടുതലും ഭൗതികങ്ങളാണ്… ഭൗതിക വിഷമങ്ങൾ അവർ ആരോടാണ് പറയേണ്ടത്?മന്ത്രവാദികളോടോ?
കണിയാൻമാരോടോ?
ആത്മീയമായാലും ഭൗതികമായാലും അവരുടെ ആവശ്യങ്ങൾ യേശുവിനോട് പറയട്ടെ… വിശുദ്ധരുടെ മാധ്യസ്ഥവും തേടട്ടെ. വിശുദ്ധരേയും, യേശുവിനേയും തമ്മിൽ അകറ്റണ്ട… എല്ലാം യേശുവിലേക്കു തന്നെയാണ് പോകുന്നത്. വിശുദ്ധനാണ് അനുഗ്രഹം തന്നതെന്ന് വിശ്വസിക്കുന്ന വിവരക്കുറവൊന്നും ഇന്നത്തെ തലമുറയിൽ അടിച്ചേൽപ്പിക്കരുത്. അവരെപറഞ്ഞു പറ്റിക്കുന്ന ദ്രവ്യാഗ്രഹികളായി അഭിഷിക്തരേയും തരം താഴ്ത്തരുത്.
കുഞ്ഞു പ്രശ്നങ്ങൾ എല്ലായിടത്തും ഉണ്ട്. വചനം മാത്രം പ്രഘോഷിക്കപ്പെടുന്ന ധ്യാന സെൻററുകളിൽ പോലും…?! ഇത് മലന്നു കിടന്നു തുപ്പലാണെന്ന് പറയാതെ വയ്യ. വളരെ തെറ്റായ ആശയമാണ് ഈ ഷോർട്ട് ഫിലിം നൽകുന്നത്. ഫിയാത്ത് മിഷനിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല.