കൊച്ചി: അഗതികളുടെ സഹോദരിമാർ (സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റ്യൂട്ട്-എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപത വൈദികനുമായ ദൈവദാസൻ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയർത്തിയതിന്റെ കേരളത്തിലെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. ധന്യന്റെ കബറിടം സ്ഥിതിചെയ്യുന്ന കൊച്ചി കോന്തുരുത്തി സെന്റ് ജോണ് നെപുംസ്യാൻസ് പള്ളിയിൽ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാ ദിവ്യബലിയും പ്രഖ്യാപനവും പൊതുസമ്മേളനവും ഉണ്ടാകുമെന്ന് എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ ഉച്ചകഴിഞ്ഞു മൂന്നിനു കോന്തുരുത്തി പള്ളിയിൽ നടക്കുന്ന കൃതജ്ഞതാ ദിവ്യബലിയിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബിഷപ് മാർ തോമസ് ചക്യത്ത്, ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, സീറോ മലബാർ സഭാ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ തുടങ്ങിയവർ സഹകാർമികരാകും. ധന്യന്റെ കബറിടത്തിനു മുന്നിൽ പ്രത്യേക പ്രാർഥനയുമുണ്ടാകും.
തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ മെത്രാന്മാരും ജനപ്രതിനിധികളും എസ്.ഡി. സന്യാസിനി സമൂഹത്തിന്റെയും കോന്തുരുത്തി ഇടവകയുടെയും പയ്യപ്പിള്ളി കുടുംബത്തിന്റെയും പ്രതിനിധികളും പ്രസംഗിക്കും.
അഞ്ഞൂറു സന്യാസിനികൾ ഉൾപ്പെടെ ആയിരത്തോളം പേർ ചടങ്ങുകളിൽ പങ്കെടുക്കും. ദൈവദാസന്റെ വീരോചിതമായ സുകൃതങ്ങൾ കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചതിനെത്തുടർന്നാണു ഫ്രാൻസിസ് മാർപാപ്പ ഫാ. വർഗീസ് പയ്യപ്പിള്ളിയെ ധന്യപദവിയിലേക്കുയർത്തിയത്.
ഏപ്രിൽ 14-നാണ് ഇതു സംബന്ധിച്ച അറിയിപ്പ് നാമകരണ നടപടികൾക്കായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ഡോ. ആഞ്ജലോ അമാത്തോയ്ക്കു പാപ്പാ കൈമാറിയത്. ധന്യപദവിയിലേക്കുയർത്തപ്പെട്ട ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ മധ്യസ്ഥതയിൽ ഇനി അദ്ഭുതം സ്ഥിരീകരിച്ചാൽ വാഴ്ത്തപ്പെട്ടവനായും ശേഷം വിശുദ്ധ പദവിയിലേക്കും ഉയർത്തപ്പെടും.
അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി നരികുളം, അതിരൂപത പി.ആർ.ഒ. റവ. ഡോ. പോൾ കരേടൻ, എസ്ഡി മദർ ജനറൽ സിസ്റ്റർ റെയ്സി തളിയൻ, കോന്തുരുത്തി പള്ളി വികാരി ഫാ. മാത്യു ഇടശേരി, പോസ്റ്റുലേറ്റർ സിസ്റ്റർ ഗ്രേസ്, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ റോസ് ലിൻ ഇലവനാൽ, കോന്തുരുത്തി ഇടവക ഫാമിലി യൂണിയൻ വൈസ് ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, പയ്യപ്പിള്ളി ഫാമിലി ട്രസ്റ്റ് ഭാരവാഹികളായ പി.എം. ജോൺസൻ, ബിബിൻ സൈമൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Related