ഫാ.സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം. പ്രവർത്തകർ കൈകൾ ബന്ധിച്ച് പ്രതിഷേധിച്ചു
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഫെറോന കേന്ദ്രങ്ങളിലും, ഇടവകകൾ കേന്ദ്രീകരിച്ചും പ്രതിക്ഷേധ സമരങ്ങൾ നടത്തി...
ജോസ് മാർട്ടിൻ
കൊച്ചി: ദളിത് ജനതയുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ജസ്യൂട്ട് വൈദീകനും, പൊതുപ്രവർത്തകനുമായ ഫാ.സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്ത എൻ.ഐ.എ. നടപടിക്കെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം. പ്രവർത്തകർ കൈകൾ ബന്ധിച്ച് പ്രതിഷേധിച്ചു. ജനാധിപത്യ മൂല്യങ്ങൾക്ക് കൂച്ച് വിലങ്ങിടുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെയുള്ള രൂപതാതല പ്രതിക്ഷേധ പരിപാടികൾ കെ.എൽ.എം. സംസ്ഥാന ഡയറക്ടർ ഫാ.പ്രസാദ് കണ്ടത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
തങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ കേന്ദ്രഏജൻസികളെ ഉപയോഗിച്ച് നിശബ്ദരാക്കുവാൻ ശ്രമിക്കുന്ന ബി.ജെ.പി. നയം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഫെറോന കേന്ദ്രങ്ങളിലും, ഇടവകകൾ കേന്ദ്രീകരിച്ചും പ്രതിക്ഷേധ സമരങ്ങൾ നടത്തി. കെ.സി.വൈ.എം. സംസ്ഥാന ജനറൽ സെക്രട്ടറി ക്രിസ്റ്റി ചക്കാലക്കൽ, രൂപത സെക്രട്ടറി യേശുദാസ് വിപിൻ എന്നിവർ സംസാരിച്ചു.