ബംഗളൂരു: അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സംഘത്തിന്റെ (സി.ബി.സി.ഐ.) സാമൂഹ്യസേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. പോൾ മൂഞ്ഞേലി നിയമിതനായി.
നിലവിൽ കാരിത്താസ് അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ഫാ. ഫെഡറിക് ഡിസൂസ കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനം. ബംഗളൂരു സെന്റ് ജോണ്‍സ് നാഷണൽ അക്കാദമി ഓഫ് ഹെല്‍ത്ത് സയൻസസിൽ നടന്നുവരുന്ന ദ്വൈവാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ് പുതിയ നിയമനം.
അമരാവതി രൂപതാംഗം ഫാ. ജോളി പുത്തൻപുരയാണ് പുതിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ. കാരിത്താസ് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ടിക്കവേയാണ് ഫാ. ജോളിയെത്തേടി പുതിയ നിയോഗമെത്തിയത്. ഇരുവരെയും നിയമിച്ചുകൊണ്ട് സി.ബി.സി.ഐ. സെക്രട്ടറി ജനറൽ ഡോ. തിയഡോർ മസ്കരാനസ് ഉത്തരവ് പുറത്തിറക്കി. ഇരുവരും ഏപ്രിലിൽ ചുമതലയേൽക്കും.
എറണാകുളം- അങ്കമാലി അതിരൂപതാംഗമായ ഫാ. മൂഞ്ഞേലി ആറു വർഷമായി കാരിത്താസ് ഇന്ത്യയുടെ ദേശീയ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അങ്കമാലി കിടങ്ങൂർ സ്വദേശിയാണ്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാരിത്താസ് ഇന്ത്യയുടെ എക്സിക്യുട്ടീവ് ഡയറക്ടറാകുന്ന ആദ്യ സീറോ മലബാർ സഭാംഗമാണ് ഇദ്ദേഹം.
അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, എറണാകുളം ലിസി ആശുപത്രി എന്നിവയുടെ ഡയറക്ടർ, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകം പ്രസിഡന്റ് എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
1962ൽ ആരംഭിച്ച കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിൽ വിവിധ ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങൾ, ആശാകിരണം കാൻസർ സുരക്ഷാ പദ്ധതി തുടങ്ങിയവ നടത്തിവരുന്നുണ്ട്. രാജ്യത്തെ 152 സോഷ്യൽ സർവീസ് സൊസൈറ്റികൾ, നൂറിലധികം എൻ.ജി.ഒ.കൾ എന്നിവ കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു പ്രവർത്തിക്കുന്നു.
Related