ഫാ.തോമസ് തറയിൽ കെ.ആർ.എൽ.സി.സി. ജനറൽ സെക്രട്ടറി, കെ.ആർ.എൽ.സി.ബി.സി. ഡപ്യൂട്ടി സെക്രട്ടറി ജനറൽ എന്നീ ചുമതലകൾ ഏറ്റെടുത്തു
രാഷ്ടീയ അധികാരികൾ ലത്തീൻ സമുദായത്തെ തുടർച്ചയായി അവഗണിച്ചു...
അഡ്വ.ജോസി സേവ്യർ, കൊച്ചി.
ഫോർട്ടു കൊച്ചി: വിജയപുരം രൂപതാംഗം ഫാ.തോമസ് തറയിൽ കെ.ആർ.എൽ.സി.സി. യുടെ ജനറൽ സെക്രട്ടറി, KRLCBC ഡപ്യൂട്ടി സെക്രട്ടറി ജനറൽ എന്നീ ചുമതലകൾ ഏറ്റെടുത്തു. ഇന്ന് (14/11/2020) കേരള ലത്തീൻ സഭാതലവനും; കെ.ആർ.എൽ.സി.സി., കെ.ആർ.എൽ.സി.ബി.സി. എന്നീ സമിതികളുടെ പ്രസിഡന്റും; കൊച്ചി രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ഡോ.ജോസഫ് കരിയിൽ നേതൃത്വം നൽകിയ സ്ഥാനാരോഹണ ശുശ്രൂഷയിൽ വച്ചാണ് ഫാ.തോമസ് തറയിൽ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തത്.
കഴിഞ്ഞ 8 വർഷങ്ങളായി കെ.ആർ.എൽ.സി.സി. ഹെഡ്ക്വാർട്ടേഴ്സിൽ അസോഷിയേറ്റ് ജനറൽ സെക്രട്ടറി, അസോഷിയേറ്റ് ഡപ്യൂട്ടി സെക്രട്ടറി ജനറൽ എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു ഫാ.തറയിൽ. വളരെ നിർണ്ണായകമായ അവസരത്തിലാണ് അദ്ദേഹം നേതൃസ്ഥാനം ഏറ്റെടുക്കുന്നതെന്ന് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ പറഞ്ഞു. രാഷ്ടീയ അധികാരികൾ ലത്തീൻ സമുദായത്തെ തുടർച്ചയായി അവഗണിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വർദ്ധിത വീര്യത്തോടെ ലത്തീൻ സമുദായം മുന്നോട്ടു പോകേണ്ടി യിരിക്കുന്നുവെന്ന് കേരള ലത്തീൻ സഭാതലവൻ ആഹ്വാനം ചെയ്തു.
സ്ഥാനമൊഴിയുന്ന ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ കെ.ആർ.എൽ.സി.സി.യുടെ പ്രധാന രേഖകൾ സഥാനകൈമാറ്റത്തിന്റെ അടയാളമായി ഫാ.തോമസ് തറയിലിനെ ഏൽപ്പിച്ചു. തുടർന്ന്, തന്റെ ഭാവി പ്രവർത്തനങ്ങളിൽ കേരള ലത്തീൻ മെത്രാൻ സമിതി, വൈദിക-സന്ന്യസ്ത-അല്മായ നേതൃത്വങ്ങളുടെ സഹകരണം ഫാ.തോമസ് തറയിൽ അഭ്യർത്ഥിച്ചു.
കൊച്ചി രൂപതാ വികാരി ജനറൽ മോൺ.പീറ്റർ ചടയങ്ങാട്, കെ.ആർ.എൽ.സി.ബി.സി. കമ്മീഷൻ സെക്രട്ടറിമാരായ റവ.ഡോ.ചാൾസ് ലിയോൺ, റവ.ഡോ.ഗ്രിഗരി ആർ.ബി., റവ.ഡോ.രാജദാസ്, റവ.ഡോ.ജിജു, കെ.ആർ.എൽ.സി.സി. വൈസ് പ്രസിഡന്റും സമുദായ വക്താവുമായ ഷാജി ജോർജ്, ഫാ.ഷാജികുമാർ, ഷെവലിയർ ഡോ.എഡ്വേർഡ് എടേഴത്ത്, അഡ്വ.ജോസി സേവ്യർ, ഫാ.തോമസിന്റെ മാതാവും മറ്റു കുടുംബാഗങ്ങളും ലളിത ഗംഭീരമായ ചടങ്ങിൽ സന്നിഹിതരായിരുന്നു.