Kerala

ഫാ.ജോജോ വട്ടക്കേരിയ്ക്ക് പാസ്റ്ററൽ തിയോളജിയിൽ മികച്ച പ്രബന്ധത്തിനുള്ള അവാർഡോടുകൂടി ഡോക്ടറേറ്റ്

യുവജന ശുശ്രൂഷയിൽ വളർത്തപ്പെടേണ്ട ശിഷ്യത്വത്തെ കുറിച്ചുള്ള പഠനത്തിൽ കുടിയേറ്റക്കാർക്കിടയിൽ ജീസസ് യൂത്തിലൂടെ വളർത്തപ്പെടുന്ന ക്രൈസ്തവ ശിഷ്യത്വത്തെക്കുറിച്ചുള്ള പഠനം...

സ്വന്തം ലേഖകൻ

റോം: എം.സി.ബി.എസ്. സഭാംഗമായ ഫാ.ജോജോ വട്ടക്കേരിയ്ക്ക് പാസ്റ്ററൽ തിയോളജിയിൽ, റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്നും മികച്ച പ്രബന്ധത്തിനുള്ള അവാർഡോടുകൂടി ഡോക്ടറേറ്റ്. യുവജന ശുശ്രൂഷയിൽ വളർത്തപ്പെടേണ്ട ശിഷ്യത്വത്തെ കുറിച്ചുള്ള പഠനത്തിൽ ‘കുടിയേറ്റക്കാർക്കിടയിൽ ജീസസ് യൂത്തിലൂടെ വളർത്തപ്പെടുന്ന ക്രൈസ്തവ ശിഷ്യത്വത്തെക്കുറിച്ച്’, അനുഭവ-ദൈവശാസ്ത്ര ഗവേഷണത്തിലൂന്നിയതായിരുന്നു റവ.ഡോ.ജോജോയുടെ പ്രബന്ധം (Nurturing discipleship in Youth ministry: An empirical-Theological research on Christian discipleship among the migrants of Jesus Youth).

ക്രൈസ്തവ ശിഷ്യത്വത്തിന് വ്യക്തിപരമായ ഒരുതലമുണ്ടെന്നും, ഒരു ക്രിസ്ത്യാനിയായിരിക്കുകയെന്നാൽ ക്രിസ്തുവിന്റെ ശിഷ്യനായിരിക്കുക അല്ലെങ്കിൽ ക്രിസ്തുവിന്റെ അനുയായിയായിരിക്കുക എന്നാണെന്നും, ശിഷ്യനായിരിക്കുക എന്നാൽ അത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രക്രിയയാണെന്നും പ്രബന്ധത്തിൽ സമർത്ഥിക്കുന്നു. അതിനാൽ, യുവാക്കൾ എവിടെയാണോ അവിടേയ്ക്ക് യുവജന ശുശ്രൂഷ കടന്നുചെല്ലേണ്ടതുണ്ടെന്നും, അവരുടെ വിശ്വാസ തീർത്ഥാടനത്തിൽ നിരന്തരം അനുഗമിച്ചുകൊണ്ട് ഈ പ്രത്യേക വിളിയിൽ അവരെ സജീവമായി നിലനിറുത്തികൊണ്ട് അവരെ മിഷനറി ശിഷ്യത്വത്തിലേക്ക് ശാക്തീകരിക്കുകയാണ് വേണ്ടതെന്നും പ്രബന്ധം വ്യക്തമാക്കുന്നു. ‘ജീസസ് യൂത്ത് മൂവ്മെന്റ്’ യുവജന ശുശ്രൂഷയുടെ ഫലപ്രദമായ ഒരു മാതൃക നൽകുന്നുണ്ടെന്നും, യുവാക്കളിൽ ശിഷ്യത്വ മനോഭാവം പരിപോഷിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യങ്ങൾ ജീസസ് യൂത്ത് മൂവ്മെന്റ് ഒരുക്കുന്നുണ്ടെന്നും റവ.ഡോ.ജോജോയുടെ പ്രബന്ധം തെളിയിക്കുന്നുണ്ട്.

2004-ൽ അഭിവന്ദ്യ പൗവത്തിൽ പിതാവിന്റെ കൈവയ്പ്പ് ശുശ്രൂഷയിലൂടെ ഫാ.ജോജോ വട്ടക്കേരി വൈദീകനായി അഭിക്ഷിക്തനായി. ബാംഗ്ലൂരിലെ ദിവ്യകാരുണ്യ മിഷനറി സഭയുടെ തത്വശാസ്ത്ര പഠന കേന്ദ്രമായ ജീവാലയായിൽ ഫോർമേറ്ററായും, സെമിനാരിയിലെ ആത്മീയ ഉപദേഷ്ടാവായും സേവനമനുഷ്ഠിക്കുകയും, ബാംഗ്ലൂർ സലേഷ്യൻസിന്റെ ഡോൺ ബോസ്‌കോ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി (ക്രിസ്തുജ്യോതി) യിൽ ലൈസൻഷ്യേറ്റ് പഠനം പൂർത്തിയാക്കുകയും ചെയ്തശേഷം 2015-ലാണ് ഫാ.ജോജോ ഉപരിപഠനത്തിനായി റോമിലേക്ക് വന്നത്.

പാലാ രൂപതയിലെ കടുത്തുരുത്തി ഫെറോനയിലെ മാന്നാർ സെന്റ്‌മേരീസ് ഇടവകാംഗങ്ങളായ വട്ടക്കേരിൽ വീട്ടിൽ വി.സി.ജോർജ് – കുഞ്ഞമ്മ ജോർജ് ദമ്പതികളുടെ രണ്ടാമത്തെ മകനാണ് റവ.ഡോ.ജോജോ വട്ടക്കേരി. ജോബി ജോർജ്ജ്, ജോസ്മി ജോർജ്ജ് എന്നിവർ സഹോദരങ്ങളാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker