Kerala

ഫാ.അഗസ്റ്റിൻ വരിക്കാക്കൽ SAC അന്തരിച്ചു

പള്ളോട്ടിയൻ സഭയ്ക്കെന്നപോലെ നെയ്യാറ്റിൻകര രൂപതയ്ക്കും വലിയനഷ്ടമെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ...

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫാ.അഗസ്റ്റിൻ വരിക്കാക്കൽ SAC അന്തരിച്ചു, 66 വയസായിരുന്നു. മൃതസംസ്‌കാരം 2021 നവംബർ 22 തിങ്കളാഴ്ച രാവിലെ 11.00 മണിക്ക് തിരുവന്തപുരത്തെ പള്ളോട്ടിഗിരിയിലുള്ള സെമിത്തേരിയിൽ നടക്കും. ഏതാനും നാളുകളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും കോവിഡാന്തര രോഗാവസ്ഥയായിരുന്നു മരണകാരണം. തിരുവനന്തപുരം മരിയറാണി സെന്ററിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം കിംസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അച്ചന്റെ ഭൗതീകശരീരം തിങ്കളാഴ്ച രാവിലെ 6.30-ന് പള്ളോട്ടിഗിരിയിൽ എത്തിക്കുകയും, തുടർന്ന് രാവിലെ 10.30 വരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സാധിക്കുകയും ചെയ്യും ചെയ്യും.

കഴിഞ്ഞ 15 ദിവസമായി അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നതിനാൽ സാധാരണ രീതിയിലുള്ള മൃതസംസ്കാര ചടങ്ങുകൾ നടത്താൻ സാധിക്കുമെന്ന് ഫാ.ജോയി പാലച്ചുവട്ടിൽ എസ്.എ.സി. അറിയിച്ചു.

എസ്.എ.സി. സഭയിൽ രണ്ടുതവണ പ്രൊവിൻഷ്യൽ സുപ്പീരിയറായും, വൈസ് പ്രൊവിൻഷ്യാളായും സേവനമനുഷ്ഠിച്ച അച്ചന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾക്ക് രൂപംകൊടുക്കുവാൻ സാധിച്ചിരുന്നു. അരുണാചൽ മിഷന് തുടക്കം കുറിച്ചത് ഫാ.അഗസ്റ്റിൻ പ്രൊവിൻഷ്യൽ സുപ്പീരിയറായിരുന്ന കാലഘട്ടത്തിലാണ്.

നെയ്യാറ്റിൻകര രൂപതാ ശുശ്രൂഷാ കോർഡിനേറ്ററായി ഏറെക്കാലം സ്തുത്യർഹമായ സേവനമനുഷ്ഠിച്ച അച്ചൻ മരിയാപുരം ഇടവക വികാരിയായും സേവനമനുഷ്ഠിച്ചിരുന്നു. രൂപതയുടെ 25 വർഷക്കാലത്തെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച ഫാ.അഗസ്റ്റിന്റെ വിയോഗം നെയ്യാറ്റിൻകര രൂപതയെ സംബന്ധിച്ചിടത്തോളം വലിയനഷ്ടവും ആഴമായ ദുഖവുമാണെന്ന് ബിഷപ്പ് വിൻസെന്റ് സാമുവൽ പറഞ്ഞു. രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് അച്ചന്റെ വിയോഗത്തിൽ രൂപതയുടെ അനുശോചനം അറിയിച്ചു.

ഇടുക്കിരൂപതയിലെ പാറത്തോട് 1955-ൽ ജനിച്ച ഫാ.അഗസ്റ്റിൻ, 1978-ൽ തന്റെ ഔദ്യോഗിക സഭാപ്രവേശനം നടത്തുകയും, സെമിനാരിപഠനങ്ങൾക്ക് ശേഷം 1981-ൽ വൈദീകപട്ടം സ്വീകരിക്കുകയും ചെയ്തു. നാല്പതുവർഷത്തെ ധന്യമായ പൗരോഹിത്യ ജീവിതത്തിനാണ് ഇപ്പോൾ വിരാമമായിരിക്കുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker