പൗരോഹിത്യ സ്വീകരണകർമ്മ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രകാശനം ചെയ്തു
സി.സി.ബി.ഐ. ആണ് പൗരോഹിത്യ സ്വീകരണകർമ്മ പുസ്തകത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പ് പ്രസിദ്ധീകരിക്കുന്നത്...
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: കോൺഫെറൻസ് ഓഫ് കാത്തലിക്ക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സി.സി.ബി.ഐ.) കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പരിഷ്‌കരിച്ച പതിപ്പ് ബാംഗ്ളൂർ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോയ്ക്ക് കൈമാറിക്കൊണ്ടാണ് പ്രസിദ്ധീകരണ പ്രകാശനം നിർവഹിച്ചത്. ഏപ്രിൽ 18 ചൊവ്വാഴ്ച ബാംഗ്ലൂരിലെ ആർച്ച് ബിഷപ്പ്സ് ഹൌസിൽ വച്ച് ലളിതമായ രീതിയിലാണ് പ്രകാശന ചടങ്ങു സംഘടിപ്പിച്ചതെന്ന് സി.സി.ബി.ഐ. ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫൻ ആലത്തറ അറിയിച്ചു.
ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ എന്നിവരുടെ സ്ഥാനാരോഹണത്തിനായി നിലവിൽ ഉപയോഗിക്കുന്ന പുസ്തകത്തിന് പകരമാണ് പരിഷ്കരിച്ച പുതിയ പതിപ്പ്. കാനോനിക നടപടി ക്രമമനുസരിച്ച് പൗരോഹിത്യ സ്വീകരണകർമ്മ പുസ്തകത്തിന്റെ ഇംഗ്ലീഷ് തർജ്ജിമയ്ക്ക് 2019 ജനുവരിയിൽ നടന്ന പ്ലീനറി അസംബ്ലിയിൽ വച്ച് സി.സി.ബി.ഐ. അംഗീകാരം നൽകിയിരുന്നു. തുടർന്ന്, 2021 ഫെബ്രുവരി 22-ന് ആരാധനാക്രമ – കൂദാശാ കർമ്മങ്ങൾക്കായുള്ള വത്തിക്കാനിലെ തിരുസംഘം പരിശുദ്ധ പിതാവിന്റെ അനുവാദത്തോടെ ഇന്ത്യയിൽ പരിഷ്‌ക്കരിച്ച പതിപ്പ് ഉപയോഗിക്കുന്നതിനുള്ള അനുമതിയും നൽകിയിരുന്നു.