Articles

പൗരത്വ നിയമവും രജിസ്റ്ററും ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ സംവാദത്തിന്റെ പ്രസക്തി

രാജ്യം മതേതരമാകണമെങ്കിൽ രാഷ്ട്രീയം മതേതരമാകണം, ഇതാണ് യഥാർത്ഥ വെല്ലുവിളി...

ഫാ.വർഗ്ഗീസ് വള്ളിക്കാട്ട്

മതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരേ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നതിൽ തർക്കമില്ല. ഭാവിയെക്കുറിച്ചുള്ള ഗൗരവപൂർവ്വമായ രാഷ്ട്രീയചിന്തകൾ ഉയർത്തിക്കൊണ്ടുവരാൻ ഇതു സഹായിക്കുകയും ചെയ്യും. എല്ലാവിഭാഗം ജനങ്ങളെയും ഒരാശയത്തിനുപിന്നിൽ അണിനിരത്തിക്കൊണ്ട് നടക്കുന്ന ഈ രാഷ്ട്രീയ പ്രക്രിയയെ ശക്തിപ്പെടുത്തേണ്ടത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മതേതര ഭാവിക്ക് അനിവാര്യമാണ്. അതാണ് ഇപ്പോൾനടക്കുന്ന രാഷ്ട്രീയ സംവാദത്തെ ശ്രദ്ധേയമാക്കുന്നത്.

ഓരോ പൗരനും അവനവന്റെ രാഷ്ട്രീയ ബോധ്യങ്ങളും മൂല്യങ്ങളുമനുസരിച്ച് സ്വതന്ത്രവും ശക്തവുമായ നിലപാട് സ്വീകരിക്കേണ്ടത് സുപ്രധാനമാണ്. രാഷ്ട്രനിർമാണ പ്രക്രിയയിൽ സ്വതന്ത്രവും ഉത്തരവാദിത്വപൂർണവുമായ പങ്കുവഹിക്കാൻ എല്ലാവിഭാഗം ജനങ്ങൾക്കും അവകാശവും കടമയുമുണ്ട്. വർഗീയ ശക്തികളുടെ ഉപകരണങ്ങളോ തീവ്രവാദ പ്രസ്ഥാനങ്ങളുടെ ചട്ടുകങ്ങളോ ആകാതിരിക്കാനുള്ള രാഷ്ട്രീയ പക്വത എല്ലാവരും ആർജ്ജിക്കേണ്ടതുമുണ്ട്.

പൗരത്വ നിയമവും രജിസ്റ്ററും ഉയർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ സംവാദങ്ങൾ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ശക്തിപ്പെടുത്തുന്ന ഒരു നവരാഷ്ട്രീയ ദർശനം രൂപീകരിക്കാൻ സഹായിക്കുന്നതാകണം. രാജ്യം മതേതരമാകണമെങ്കിൽ രാഷ്ട്രീയം മതേതരമാകണം. ഇതാണ് യഥാർത്ഥ വെല്ലുവിളി.

സംഘപരിവാർ രാഷ്ട്രീയം മതേതരത്വത്തിന് ഭീഷണിയാണെന്ന് ഒരുപാടുപേർ ചിന്തിക്കുന്നു. എങ്കിലും ശക്തമായ ഒരു ഭൂരിപക്ഷ സർക്കാരിന് രൂപംകൊടുക്കാനും അതിനെ നയിക്കാനും അതിന് കഴിയുന്നു. അധികാരം ലക്ഷ്യംവയ്ക്കുന്ന മറ്റുപാർട്ടികൾ രാഷ്ട്രീയമായി ഇതിനെ എങ്ങിനെ നേരിടും എന്നതാണ് പ്രശ്നം? ഇതേപാത സ്വീകരിക്കാനുള്ള പ്രലോഭനത്തെയാണവർ അതിജീവിക്കേണ്ടത്. ദേശീയതലത്തിൽ ഉടനെ അധികാരംപിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ‘മതാധിഷ്ഠിത രാഷ്ട്രീയം’ മതേതര ഇന്ത്യ എന്ന ഭരണഘടനാ ദർശനത്തെ തകർക്കും എന്ന തിരിച്ചറിവും അതൊഴിവാക്കാനുള്ള ആദർശ ധീരതയുമാണ് ആവശ്യം.

മതാധിഷ്ഠിത രാഷ്ട്രീയം സംഘപരിവാർ സംഘടനകൾക്കുമാത്രമേയുള്ളോ? രാഷ്ട്രീയത്തിലേക്ക് മതം കൊണ്ടുവരികയും പേരിൽപോലും മതം വേണമെന്ന് നിഷ്കർഷിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ പലതില്ലേ? അത്തരം പാർട്ടികളെല്ലാംകൂടി ചേർന്ന് മതേതരത്വത്തിനുവേണ്ടി സമരം നയിക്കുന്നതുകാണാൻ ഒരു ചേലുണ്ടെങ്കിലും ഒരു ‘ക്രിസ്ത്യൻ’ പാർട്ടി, ‘ഹിന്ദു’ത്വയെ മതേതര രാഷ്രീയത്തിന്റെ പേരിൽ എതിർക്കാനിറങ്ങിയാൽ, അതിൽ ഒരു ശരികേടുണ്ട്. ജാതി-മത-സ്വത്വ രാഷ്രീയമാണ് പ്രത്യയശാസ്ത്ര രാഷ്ട്രീയത്തെക്കാൾ ശക്തവും സ്വീകാര്യവുമെന്നു ചിന്തിക്കുകയും അത്തരം രാഷ്ട്രീയം കളിക്കാൻ ഓരോ പാർട്ടിയും തമ്മിൽ മത്സരിക്കുകയും ചെയുന്ന കാലത്ത്, ഇപ്പോൾനടക്കുന്ന സംവാദങ്ങളും പ്രക്ഷോഭങ്ങളും കേവലം ഉപരിപ്ളവവും വികാരപരവുമാകാനേ തരമുള്ളു.

ഇതാണ് യാഥാർത്ഥ വെല്ലുവിളി: വികാരത്തിന്റെ തീകെടുമ്പോഴും ഈ സംവാദത്തെ ജ്വലിപ്പിച്ചുനിർത്തുന്ന ഒരു നവരാഷ്ട്രീയ ദർശനം ഇവിടെ രൂപപ്പെടുമോ? അതോ, എല്ലാ രാഷ്ട്രീയ പാർട്ടികളും കൂടുതൽ ജാതി-മത-വർഗീയമാവുമോ? അവരുടെ മതേതരത്വത്തേക്കാൾ ഞങ്ങളുട മതേതരത്വമാണ് ശരി എന്ന് പ്രസംഗിച്ച് പൊതുജനത്തെ പൊട്ടൻകളിപ്പിക്കുന്നതിന്റെ പേരാവുമോ രാഷ്ട്രീയം…?

‘ഹിന്ദുത്വ’ക്ക് ബദൽ ‘മതേതരത്വ’മാണെങ്കിൽ, യഥാർത്ഥ മതേതരത്വം എന്ത് എന്നതാണ് എല്ലാരാഷ്ട്രീയ പാർട്ടികളെയും ഒരുപോലെ ചിന്തിപ്പിക്കേണ്ടത്. മതേതരത്വം എന്ന വാക്കും ദർശനവും മരുഭൂമിയിലെ ക്രിസ്തുവിനെപോലെ പരീക്ഷിക്കപ്പെടുകയാണ്. എങ്ങിനെ അതിജീവിക്കും എന്നതിലാണ് ഇന്ത്യൻ ജനതയുടെയും ജനാധിപത്യത്തിന്റെയും ഭാവി കുടികൊള്ളുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker