Kerala

പ്ലാസ്റ്റിക് ബാഗുകളെ തുരത്താൻ “പേപ്പർ ബാഗ്” പദ്ധതിയുമായി ഡോ. ജോയി ജോൺ

പ്ലാസ്റ്റിക് ബാഗുകളെ തുരത്താൻ "പേപ്പർ ബാഗ്" പദ്ധതിയുമായി ഡോ. ജോയി ജോൺ

ഫാ. ജോയിസാബു വൈ.

കാട്ടാക്കട: പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയ്ക്കുവാൻ “പേപ്പർ ബാഗ്” പദ്ധതിയുമായി ഡോ. ജോയി ജോൺ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയ്ക്ക് ദോഷമാണെന്ന് അറിയാമായിരുന്നിട്ടും, ഇന്നും നാം അതുതന്നെ, പച്ചക്കറികൾ വാങ്ങുന്നതിനും, മാലിന്യങ്ങൾ ശേഖരിച്ച് കളയാനും ഉപയോഗിക്കുന്നു. ഇതിന്റെ ഒരു പ്രധാന കാര്യമായി കാണാവുന്നത് മറ്റു സാധ്യതകളുടെ അപര്യാപ്തതയും ലഭ്യതയുമാണ്. ഇവിടെയാണ് പേപ്പർ ബാഗുകൾക്ക് പ്രാധാന്യം കൈവരുന്നത്. ഇവിടെയാണ്, പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗത്തിനുള്ള പ്രധിവിധിയായ പേപ്പർ ബാഗുകളുടെ സംരംഭവുമായി ഡോ. ജോയി ജോൺ അഭിമാനമാകുന്നത്.

ഡോ. ജോയി ജോൺ ഒരു വൈദ്യശാസ്ത്രജ്ഞൻ എന്നതിലുപരി തികഞ്ഞ ഒരു മനുഷ്യ സ്നേഹിയാണ്. നെയ്യാറ്റിൻകര രൂപതയിലെ പൂവച്ചൽ ഇടവകയിലെ അംഗം ഇന്ന് മലയാളികൾക്ക് അഭിമാനമായി മാറുന്നു. ജനങ്ങൾക്ക്‌ ഉപകാരപ്രദവും, വരുമാന മാർഗവും സമ്മാനിക്കുന്ന പേപ്പർ ബാഗ് പദ്ധതി ഡോ. ജോയി ജോണിന്റെ ഒരു സ്വപ്നപദ്ധതിയായിരുന്നു. ഇന്ന് വലിയതോതിൽ അത് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു.

ശാരീരിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് പേപ്പർ ബാഗ് നിർമ്മാണത്തിലൂടെ ജീവിതമാർഗം കണ്ടെത്തുവാൻ സാധിച്ചുതുടങ്ങിയിരിക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഡോ. ജോയി ജോൺ ചിന്തിച്ചു തുടങ്ങിയതാണ്, ‘എന്തുകൊണ്ട് ഈ പദ്ധതിയുടെ ഗുണം കൂടുതൽ ആൾക്കാരിലേയ്ക്ക് എത്തിച്ചുകൂടാ? പേപ്പർ ബാഗ് നിർമ്മിക്കുവാനുള്ള പരിശീലനം നൽകിക്കൂടാ?’ അതിന്റെ വെളിച്ചത്തിലാണ് ഡോ. ജോയി ജോൺ മരുന്നുകൾ സൂക്ഷിക്കുവാനുള്ള കവറുകൾ നിർമ്മിക്കാനുള്ള പരിശീലനം ആരംഭിച്ചത്.

മൂന്ന് വര്ഷങ്ങളായി ഡോ. ജോയി ജോൺ പേപ്പർ ബാഗുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. ഒരു ഡോക്ടർ എന്ന നിലയിൽ പേപ്പർ ബാഗുകളുടെ ഉപയോഗത്തിന് ആദ്യം തുടക്കം കുറിച്ചത് താൻ ജോലിചെയ്യുന്ന ആശുപത്രിയിൽ നിന്ന് തന്നെയായിരുന്നു. പ്ലാസ്റ്റിക് ബാഗുകളുടെ സ്ഥാനം പേപ്പർ ബാഗുകൾ കൈയടക്കി.

തുടർന്ന്, സാന്ത്വനം എന്ന യൂണിറ്റിലൂടെ കുറ്റിച്ചൽ പ്രദേശത്തെ ആദിവാസി ജനങ്ങൾക്ക് ഡോ. ജോയിയുടെ ഈ പദ്ധതി വലിയ സഹായമായി. കാരണം, കുടനിർമ്മാണം നഷ്‌ടത്തിലായപ്പോഴാണ് ഡോക്‌ടറിന്റെ നിർദ്ദേശപ്രകാരം പേപ്പർ ബാഗ് പദ്ധതിയിലേക്ക് സാന്ത്വനം യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡോക്ടർ തന്നെ പരിശീലനം നൽകി.  ഇപ്പോഴും കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസി മേഖലയിൽ പേപ്പർ ബാഗ് നിർമ്മാണത്തിനായി പരിശീലനം നൽകുന്നതിന് സമയം കണ്ടെത്തുന്നുമുണ്ട് .

ഏകദേശം 30 കുടുംബങ്ങൾക്ക് ഒരു വരുമാന മാർഗമായി മാറിയിരിക്കുകയാണ് പേപ്പർ ബാഗ് പദ്ധതി. എങ്കിലും, അസംസ്‌കൃത വസ്തുക്കളുടെ അപര്യാപ്തത ഈ പദ്ധതിയ്ക്ക് ഒരു വെല്ലുവിളിയാണെന്ന് ഡോ. ജോയി പറയുന്നു.

തന്റെ തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയിലും മനുഷ്യത്വം നഷ്ടപ്പെടാത്ത കാരുണ്യ പ്രവർത്തികളുമായി മുന്നോട്ടു പോവുകയാണ് ഈ യുവ ഡോക്ടർ. കഴിഞ്ഞ ഏഴു വർഷങ്ങളായി ഡോ. ജോയി ജോൺ ആദിവാസി മേഖലയിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട്, അവരുടെ ആരോഗ്യ സംരക്ഷകനായി മുന്നോട്ടു പോവുകയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker