പ്രാർത്ഥന കേൾക്കുന്ന ദൈവം
ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് പ്രാർത്ഥനയുടെ ജീവശക്തി...

രണ്ടു കൂട്ടുകാർ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിതമായി കൊടുങ്കാറ്റടിച്ചു. അവരുടെ ലക്ഷ്യം തെറ്റി. ബോട്ട് ഒരു അജ്ഞാത ദ്വീപിൽ എത്തിച്ചേർന്നു. മനുഷ്യവാസമില്ലാത്ത സ്ഥലമായതിനാൽ അവരെ സഹായിക്കാൻ അവിടെ ആരുമുണ്ടാവില്ല എന്ന ചിന്ത അവരെ പരിഭ്രാന്തരാക്കി. ഒടുവിൽ ഒരു കൂട്ടുകാരൻ (A) പറഞ്ഞു: നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം. ദൈവം നമുക്ക് രക്ഷപ്പെടാൻ ഒരു വഴി കാണിച്ചു തരും. രണ്ടാമത്തെ കൂട്ടുകാരൻ (B) പറഞ്ഞു: എനിക്ക് പ്രാർത്ഥിക്കാൻ അറിഞ്ഞുകൂടാ. A പറഞ്ഞു: അത് സാരമില്ല, നീ നിനക്ക് അറിയാവുന്ന രീതിയിൽ പ്രാർത്ഥിച്ചാൽ മതി. പിന്നെ നാം ഒരിടത്തിരുന്നാൽ ഓരോന്നു പറഞ്ഞു സമയം കളയും, പ്രാർത്ഥനയിൽ ഏകാഗ്രത കിട്ടില്ല. അതിനാൽ, വിളിച്ചാൽ കേൾക്കുന്ന ദൂരത്തിൽ പരസ്പരം കാണുന്ന വിധത്തിൽ മാറിയിരുന്ന് പ്രാർത്ഥിക്കാം.
അങ്ങനെ അവർ പ്രാർഥിക്കാൻ തുടങ്ങി. അവരുടെ പ്രാർത്ഥനയാണ് ദൈവം കേൾക്കുന്നത്…! രണ്ടാളും തീവ്രമായി പ്രാർത്ഥിച്ചു. വല്ലാത്ത വിശപ്പ് A പ്രാർത്ഥിച്ചു: ദൈവമേ, വിശപ്പു മാറ്റാൻ എന്തെങ്കിലും വഴി കാണിച്ചു തരണമേ! കണ്ണുതുറന്നു നോക്കിയപ്പോൾ അകലെയുള്ള വള്ളിപടർപ്പുകളിലും, മരങ്ങളിലും നിറയെ മനോഹരമായ പഴങ്ങൾ. അയാൾ കായ്കനികൾ ഭക്ഷിച്ച് വിശപ്പടക്കി. എന്നാൽ ഇക്കാര്യം A തന്റെ കൂട്ടുകാരനോട് പറഞ്ഞില്ല. (എന്നാൽ A പഴങ്ങൾ കഴിച്ചപ്പോൾ B യുടെ വിശപ്പ് മാറുന്നു ഉണ്ടായിരുന്നു). അസ്ഥിയിൽ തുളച്ചുകയറുന്ന തണുപ്പ് A നല്ല വസ്ത്രത്തിനായി പ്രാർത്ഥിച്ചു. അത്ഭുതം അകലെ പാറയുടെ പുറത്ത് നല്ല വസ്ത്രം. വീണ്ടും A പ്രാർത്ഥിച്ചു “സുന്ദരിയായ ഒരു ഭാര്യയെ തരണമേ”. അത്ഭുതം നോക്കുമ്പോൾ ഒരു സുന്ദരിയായ സ്ത്രീ വെള്ളത്തിൽ നിന്ന് നീന്തി കയറി വരുന്നു. A പ്രാർത്ഥന തുടർന്നു… ഇവിടെ നിന്ന് രക്ഷപ്പെടാൻ ഒരു ബോട്ടിനെ എത്തിച്ചു തരണമേ. കണ്ണുതുറന്നപ്പോൾ അകലെനിന്ന് ഒരു ബോട്ട് വരുന്നത് കണ്ടു.
ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട്, സുന്ദരിയായ ഭാര്യയുമൊത്ത് ബോട്ടിന് അരികിലേക്ക് നീങ്ങിയപ്പോൾ “ദൈവത്തിന്റെ അശരീരി” കേട്ടു: നിങ്ങൾ രണ്ടുപേരല്ലേ ഇവിടെ എത്തിച്ചേർന്നത്? നിന്റെ കൂട്ടുകാരനെവിടെ? A പറഞ്ഞു: “അവന് പ്രാർത്ഥിക്കാൻ അറിഞ്ഞുകൂടാ, അതിനാൽ അവന്റെ പ്രാർത്ഥന ദൈവം കേട്ടുകാണില്ല”. വീണ്ടും അശരീരി പറഞ്ഞു: ആരുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടായാലും അത് രണ്ടാൾക്കും വേണ്ടിയാണ് എന്ന “വ്യവസ്ഥ” നീ മറന്നോ? യഥാർത്ഥത്തിൽ നിന്റെ കൂട്ടുകാരന്റെ പ്രാർത്ഥനയാണ് ദൈവം കേട്ടത്; “ദൈവമേ എന്റെ കൂട്ടുകാരന്റെ” എന്നാണ് അവൻ പ്രാർത്ഥിച്ചത്.
ആ സമയം അതാ അകലെ നിന്ന് നല്ല വസ്ത്രം ധരിച്ച്, സുന്ദരിയായ ഒരു സ്ത്രീയോടൊത്ത് തന്റെ കൂട്ടുകാരൻ വരുന്നുണ്ടായിരുന്നു. വീണ്ടും അശരീരി ഉയർന്നു: നീ നിനക്ക് കിട്ടിയ സൗഭാഗ്യം നിന്റെ കൂട്ടുകാരനുമായി പങ്കുവയ്ക്കാൻ മടിച്ചതിനാൽ നീയും നിന്റെ ഭാര്യയും ബോട്ടിൽ കയറണ്ട. നീ വീണ്ടും ഒരു മാസക്കാലം മുട്ടിപ്പായി പ്രാർത്ഥിച്ചാൽ നിനക്കായി ഒരു ബോട്ട് ഞാൻ എത്തിക്കുന്നതാണ്. ഇത് കേട്ട് B യാചനാസ്വരത്തിൽ പറഞ്ഞു: ദൈവമേ, പൊറുക്കണമേ എന്റെ കൂട്ടുകാരന് അറിവില്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്തത്… അവൻ എന്റെ കൂട്ടുകാരനാണ്… അവൻ ഇല്ലാതെ എനിക്ക് മാത്രം രക്ഷപ്പെടേണ്ട. അവനോടൊപ്പം ഒരു മാസം ഇവിടെ പ്രാർത്ഥനയിൽ കഴിഞ്ഞോളാം. അശരീരി പറഞ്ഞു: “ഭക്താ, നിന്റെ യാചന യഥാർത്ഥ പ്രാർത്ഥനയായിരുന്നു. ഞാൻ നിന്നിൽ സംപ്രീതനാണ്. അതിനാൽ നിനക്ക് കൈ വന്ന സൗഭാഗ്യം നിന്റെ കൂട്ടുകാരനും നൽകാൻ ഞാൻ മനസായിരിക്കുന്നു”. ഇതാ ഈ ബോട്ടിൽ നിങ്ങൾ നാലുപേർക്കും സുഖമായി ലക്ഷ്യസ്ഥാനത്തേക്ക് പോകാം.
ഈ കഥയിൽ പറയാതെ പറഞ്ഞു വയ്ക്കുന്ന ഒത്തിരി സത്യങ്ങൾ ഉണ്ട്. 1) ദൈവം ദാനമായി തരുന്ന സൗഭാഗ്യം പങ്കിട്ട് അനുഭവിക്കണം. 2) സഹോദരന്റെ നന്മയെ ലക്ഷ്യം വച്ചുള്ളതാകണം പ്രാർത്ഥനയും പ്രവർത്തിയും. 3) പ്രവർത്തി കൂടാതെയുള്ള പ്രാർത്ഥന നിരർത്ഥകമാണ്. 4) ആപത്തിൽ ഉപേക്ഷിച്ചു കടന്നുകളയുന്നവൻ അല്ല, മറിച്ച് ചേർത്തുപിടിക്കുന്നവനാണ് നല്ല കൂട്ടുകാരൻ. 5) ഹൃദയത്തിന്റെ സ്പന്ദനങ്ങളാണ് പ്രാർത്ഥനയുടെ ജീവശക്തി!!! ജാഗ്രത…