പ്രാർത്ഥനയുടെ പാഠങ്ങൾ
പരസ്പരം നീതി പ്രവർത്തിക്കുന്ന ഒരു ചെറിയ ഗ്രൂപ്പിന് വലിയ സമൂഹത്തെ രക്ഷിക്കാൻ സാധിക്കും, അല്ലെങ്കിൽ സമൂഹത്തിന്റെ രക്ഷയെ സ്വാധീനിക്കാൻ സാധിക്കും...
ആണ്ടുവട്ടം പതിനേഴാം ഞായർ
ഒന്നാം വായന – ഉല്പത്തി 18:20-32
രണ്ടാം വായന – കൊളോസോസ് 2:12-14
സുവിശേഷം – വി. ലൂക്കാ 11:1-13
ദിവ്യബലിക്ക് ആമുഖം
“പ്രാർത്ഥന”യാണ് ഈ ഞായറാഴ്ചയുടെ മുഖ്യപ്രമേയം. സോദോം-ഗൊമോറയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അബ്രഹാമിനെ നാമിന്ന് ഒന്നാമത്തെ വായനയിൽ കാണുന്നു. സുവിശേഷത്തിലാകട്ടെ യേശുതന്റെ ശിഷ്യന്മാരെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിലൂടെ നാം എങ്ങനെയാണ് പൂർണ്ണത കൈവരിക്കുന്നതെന്ന് വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഇന്നത്തെ രണ്ടാം വായനയിൽ വ്യക്തമാക്കുന്നു. തിരുവചനം ശ്രവിക്കാനും ബലിയർപ്പിക്കാനുമായി നമുക്കൊരുങ്ങാം.
വചനപ്രഘോഷണം കർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
പ്രാർത്ഥനയുടെ പാഠശാലയിലേക്ക് സ്വാഗതം. ഇന്നത്തെ തിരുവചനങ്ങൾ പ്രാർത്ഥനയുടെ പാഠങ്ങൾ നമ്മെ പഠിപ്പിക്കുകയാണ്. ഈ വചനങ്ങളെ നമുക്ക് ധ്യാനിക്കാം.
അബ്രഹാം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിച്ചത് അബ്രഹാമും ദൈവവും തമ്മിലുള്ള പ്രാർത്ഥനാ പൂർവ്വമായ സംഭാഷണമാണ്. സോദോം-ഗൊമോറ പട്ടണങ്ങളെ അവരുടെ ലൈംഗിക അരാജകത്വ (ഉല്പത്തി 19:1-11) പാപങ്ങൾ നിമിത്തം ദൈവം നശിപ്പിക്കാൻ തീരുമാനിക്കുമ്പോൾ തന്റെ തീരുമാനം ദൈവം അബ്രഹാമിനെ അറിയിക്കുന്നു. “വിലപേശൽ” എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ശൈലിയിലൂടെ 40 നീതിമാന്മാരിൽ നിന്നും പത്തുവരെ അതുവരെ ചുരുക്കി. പത്ത് നീതിമാന്മാരെങ്കിലും ആ പട്ടണത്തിൽ ഉണ്ടെങ്കിൽ അവരെ നശിപ്പിക്കില്ല എന്ന് ദൈവത്തെ കൊണ്ട് പറയിപ്പിക്കുന്ന പ്രാർഥനയായിരുന്നു അബ്രഹാമിന്റേത്.
എന്താണ് എന്താണ് അബ്രഹാമിന്റെ പ്രാർത്ഥനയുടെ പ്രത്യേകത?
ഒന്നാമതായി; അബ്രഹാം തനിക്ക് വേണ്ടിയല്ല മറ്റുള്ളവർക്കു വേണ്ടി (സോദോം-ഗൊമോറയിലെ ജനങ്ങൾക്ക് വേണ്ടി) പ്രാർത്ഥിക്കുന്നു. നമ്മുടെ പ്രാർത്ഥനാ കൂട്ടായ്മകളിലെ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും, ദിവ്യബലിയിലെ വിശ്വാസികളുടെ പ്രാർത്ഥനയ്ക്കും ഒരുത്തമ മാതൃകയാണിത്.
രണ്ടാമതായി; അബ്രഹാം തന്റെ പ്രാർത്ഥനയിൽ വിവേചനം കാണിക്കുന്നില്ല. അതായത് സോദോം-ഗൊമോറ നശിപ്പിക്കുമ്പോൾ തന്റെ ബന്ധുവായ ലോത്തിനെയും കുടുംബത്തെയും മാത്രം രക്ഷിക്കണമെന്നോ, അല്ലെങ്കിൽ നീതിമാന്മാരെ മാത്രം രക്ഷിച്ച് പാപികളെ എല്ലാം നശിപ്പിക്കണമെന്നോ അബ്രഹാം പറയുന്നില്ല. മറിച്ച്, അബ്രഹാമിന്റെ പ്രാർത്ഥന നീതിമാന്മാരെ പ്രതി ദുഷ്‍ടരെ നശിപ്പിക്കാതിരിക്കാനായിരുന്നു.
മൂന്നാമതായി; അബ്രഹാം തന്റെ പ്രാർത്ഥനയിൽ തന്റെ ഉള്ളിൽ ഉള്ളതെല്ലാം ദൈവത്തോട് പറഞ്ഞ് ഒരു സംഭാഷണം രൂപേണയാണ് പ്രാർത്ഥിക്കുന്നത്. അവിടെ ആവശ്യം മാത്രമല്ല ചോദ്യങ്ങളും, സംശയങ്ങളും, ആശങ്കയുടെ പങ്കുവയ്ക്കലുമുണ്ട്. നമ്മുടെ പ്രാർത്ഥനകളും ഇപ്രകാരമുള്ളതായിരിക്കണം.
പത്ത് നീതിമാന്മാരെ പോലും കണ്ടെത്താത്തതിനാൽ ദൈവം സോദോം-ഗൊമോറ പട്ടണങ്ങളെ നശിപ്പിക്കുന്നു. അബ്രഹാമിന്റെ ബന്ധുവായ ലോത്തിനെയും, ഭാര്യയെയും, രണ്ട് പെൺമക്കളെയും രക്ഷിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ലോത്തും രണ്ട് പെൺമക്കളും മാത്രമേ രക്ഷപ്പെടുന്നുള്ളൂ. പത്ത് നീതിമാന്മാരെങ്കിലും ആ പട്ടണത്തിൽ ഉണ്ടായിരുന്നുവെങ്കിൽ ദൈവം പട്ടണം നശിപ്പിക്കില്ലായായിരുന്നു. ഇതിന്റെ അർത്ഥം, “പരസ്പരം നീതി പ്രവർത്തിക്കുന്ന ഒരു ചെറിയ ഗ്രൂപ്പിന് വലിയ സമൂഹത്തെ രക്ഷിക്കാൻ സാധിക്കും, അല്ലെങ്കിൽ സമൂഹത്തിന്റെ രക്ഷയെ സ്വാധീനിക്കാൻ സാധിക്കും” എന്നാണ്. നമ്മുടെ ഇടവകയ്ക്ക് നാം ജീവിക്കുന്ന സമൂഹത്തിലെ നീതിമാന്മാരുടെ ചെറിയ ഗ്രൂപ്പായി പ്രവർത്തിക്കാം.
യേശു നൽകുന്ന പാഠങ്ങൾ
പ്രാർത്ഥനയുടെ പാഠശാലയിലെ രണ്ടാമത്തെ പാഠം യേശു ശിഷ്യന്മാർക്കും നമുക്കും നൽകുന്നു. യേശു നൽകുന്ന പാഠങ്ങളിൽ രണ്ട് ഘടകങ്ങളുണ്ട്. ഒന്ന്; എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത് എന്നതാണ്. രണ്ട്; നിരന്തരമായി പ്രാർത്ഥിക്കേണ്ടത്തിന്റെ ആവശ്യകത.
കർതൃപ്രാർഥനയിൽ ആദ്യമേ തന്നെ സൃഷ്ടാവായ ദൈവത്തെ “പിതാവേ” എന്ന് വിളിച്ച് പ്രാർത്ഥിക്കാൻ യേശു പഠിപ്പിക്കുന്നു. കാരണം, നാം ദൈവമക്കളാണ്. കർതൃപ്രാർത്ഥനയെ രണ്ടുഭാഗങ്ങളായി തിരിക്കുകയാണെങ്കിൽ ആദ്യഭാഗം ‘ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ’ സൂചിപ്പിക്കുന്നു. ഈ ഭാഗത്താണ് മനുഷ്യൻ ദൈവത്തിന് മഹത്വം നൽകുന്നത് “അങ്ങയുടെ നാമം പൂജിതമാകണമേ” എന്നുപറഞ്ഞുകൊണ്ട്. അതായത്, മനുഷ്യന്റെ (എന്റെ) ചെറിയ ലോകത്തിനും ഭൗതികതയ്ക്കുമല്ല പ്രാധാന്യം മറിച്ച്, ദൈവത്തിന്റെ രാജ്യത്തിനാണ് “അങ്ങയുടെ രാജ്യം വരേണമേ”. ദീർഘവീക്ഷണമില്ലാത്ത, സ്വാർത്ഥമായ, ലൗകീകമായ മനുഷ്യന്റെ (എന്റെ) ഹിതമല്ല മറിച്ച്, ദൈവത്തിന്റെ ഹിതമാണ് ഈ ഭൂമിയിൽ നിറവേറ്റപ്പെടേണ്ടത് “അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ” (ഈ വാക്യം നാമിന്ന് ശ്രമിച്ച വി.ലൂക്കായുടെ സുവിശേഷത്തിലില്ല മറിച്ച് വി.മത്തായിയുടെ സുവിശേഷത്തിലാണ് വി.മത്തായി 6:9-13). നമ്മുടെ ആഗ്രഹങ്ങളും, സ്വപ്നങ്ങളും, ആശങ്കകളും പ്രാർഥനയുടെ രൂപത്തിൽ ദൈവത്തിനു സമർപ്പിച്ചിട്ടും അത് ലഭിക്കാതെ വരുമ്പോൾ നമുക്ക് ഓർമ്മിക്കാം: ‘നമ്മുടെ ആഗ്രഹങ്ങളല്ല മറിച്ച്, നമ്മുടെ രക്ഷയെ കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങളാണ് ദൈവം നിറവേറ്റുന്നത്, ദൈവത്തിന്റെ പദ്ധതികൾ സ്വാഭാവികമായും നമ്മുടെ ചിന്തകൾക്കുമപ്പുറമായിരിക്കും’.
കർതൃപ്രാർത്ഥനയുടെ രണ്ടാം ഭാഗത്ത് ‘ദൈവം മനുഷ്യനും തമ്മിലും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ’ സൂചിപ്പിക്കുന്നു. “ഞങ്ങൾ” എന്ന വാക്ക് മുഖ്യമായും ഉപയോഗിക്കപ്പെടുന്നു. ഞാൻ പ്രാർത്ഥിക്കുന്നത് എന്റെ കാര്യം മാത്രമല്ല “എല്ലാവർക്കും” വേണ്ടിയാണ് എന്ന് സാരം. നമുക്ക് ജീവിക്കാൻ ആവശ്യമായ ആഹാരം ഇന്നു തരാനായി പ്രാർത്ഥിക്കുന്നു. ഏത് പാപികൾക്കും പ്രതീക്ഷ നൽകുന്ന രീതിയിൽ, പരസ്പരം ക്ഷമിക്കുന്നതുപോലെ നമ്മുടെ പാപങ്ങളും ദൈവം ക്ഷമിക്കാനായി യാചിക്കുന്നു. അവസാനമായി, പ്രലോഭനങ്ങളിൽ നിന്നും, തിന്മകളിൽ നിന്നും അകന്ന് നിൽക്കാൻ നമ്മെ സഹായിക്കണമെന്നും പ്രാർത്ഥിക്കുന്നു (വി.ലൂക്ക 11:4, വി.മത്തായി 6:13).
ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ശേഷം നിരന്തരമായി പ്രാർത്ഥിക്കേണ്ടത്തിന്റെ ആവശ്യകത “ശല്യപ്പെടുത്തുന്ന കൂട്ടുകാരന്റെ” ഉദാഹരണത്തിലൂടെ യേശു വ്യക്തമാക്കുന്നു. അവിചാരിതമായി അതിഥിയെ സ്വീകരിക്കേണ്ടിവന്ന കൂട്ടുകാരൻ അർദ്ധരാത്രിയിൽ ശല്യപ്പെടുത്തിയപ്പോൾ, അവന് അപ്പം നൽകിയത് സൗഹൃദത്തിന്റെപുറത്തല്ല, മറിച്ച് അവന്റെ നിർബന്ധം കാരണമാണ്. നിരന്തരമായ പ്രാർത്ഥനയും ഇതുപോലെയാണ്. അവിടെ നമ്മുടെ യോഗ്യതകളല്ല പ്രധാനം, മറിച്ച് നിരന്തരമായി ദൈവത്തെ “ശല്യപ്പെടുത്തുന്ന” രീതിയിലുള്ള നിർബന്ധപൂർണ്ണമായ, നിരന്തരമായ പ്രാർത്ഥനയാണ്. അതോടൊപ്പം യേശു പറയുന്നത്, “ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും” എന്നാണ്. ഇതിന്റെ മറ്റൊരു വ്യാഖ്യാനം ഇപ്രകാരമാണ്: “ലഭിക്കുന്നതുവരെ ചോദിക്കുവിൻ, കണ്ടെത്തുന്നതുവരെ അന്വേഷിക്കുവിൻ, തുറക്കുന്നതുവരെ മുട്ടുവിൻ”. പ്രാർത്ഥനയിൽ നാം പുലർത്തേണ്ട വിശ്വാസ തീക്ഷ്ണതയാണിത് കാണിക്കുന്നത്.
മീനും, മുട്ടയും യഹൂദ സംസ്കാരത്തിന്റെ അടിസ്ഥാന പോഷകാഹാരങ്ങളുടെ പ്രതീകങ്ങളാണ്. അതോടൊപ്പം പാമ്പ് തിന്മയുടെയും, തേൾ ശത്രുതയുടെയും. മകൻ മീൻ ചോദിക്കുമ്പോൾ ഒരിക്കലും അപ്പൻ ആ മകന് ദോഷംചെയ്യുന്ന പാമ്പിനെ നൽകില്ല. മുട്ട ചോദിക്കുമ്പോൾ അവന് തേളിനെ നൽകില്ല. മക്കൾക്ക് അവർ ചോദിക്കുന്നവ നൽകാൻ നമുക്ക് അറിയാമെങ്കിൽ, ദൈവത്തോട് നാം പരിശുദ്ധാത്മാവിനെ ചോദിക്കുമ്പോൾ തീർച്ചയായും ദൈവം നമുക്ക് തരും. യേശു ഇവിടെ പരിശുദ്ധാത്മാവിനെ പ്രതിപാദിക്കാൻ കാരണം യേശുവിന്റെ രണ്ടാംവരവ് വരെ സഭയും, നമ്മെയും നയിക്കേണ്ടത് പരിശുദ്ധാത്മാവ് ആയതിനാലാണ്.
നമുക്കും അബ്രഹാമിനെപ്പോലെ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാം, യേശു പഠിപ്പിച്ചത് പോലെ നിരന്തരമായി, തീക്ഷ്ണതയോടെ പ്രാർത്ഥിക്കുന്നവരാകാം.
ആമേൻ