പ്രവാസികൾക്ക് ക്വാറൻറ്റൈൻ സൗകര്യമൊരുക്കി കോതമംഗലം രൂപത
അഞ്ചു കേന്ദ്രങ്ങൾ വിട്ടുനൽകാമെന്നും അധികൃതരെ അറിയിച്ചിട്ടുണ്ട്...

സ്വന്തം ലേഖകൻ
കോതമംഗലം: പ്രവാസികൾക്കായി കോതമംഗലം രൂപത ക്വാറൻറ്റൈൻ സൗകര്യമൊരുക്കുന്നു. വിദേശത്തു നിന്ന് ഇന്നു മുതൽ മടങ്ങിയെത്തുന്ന പ്രവാസികളെ താൽക്കാലികമായി അധിവസിപ്പിക്കുന്നതിന് സർക്കാർ ഒരുക്കുന്ന സംവിധാനങ്ങളോടു സഹകരിച്ച് താമസ സൗകര്യമാണ് രൂപത നൽകുന്നത്. ആവശ്യമെങ്കിൽ താമസ സജ്ജീകരണങ്ങളോടുകൂടിയ അഞ്ചു കേന്ദ്രങ്ങൾ വിട്ടുനൽകാമെന്നും അധികൃതരെ അറിയിച്ചിട്ടുണ്ട്.
വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജിലെ രണ്ടു ഹോസ്റ്റലുകൾ, മുവാറ്റുപുഴ നിർമലാ കോളജ്, ഫാർമസി കോളജ് എന്നിവയോടനുബന്ധിച്ചുള്ള മൂന്നു ഹോസ്റ്റലുകൾ എന്നിവയാണ് പ്രവാസികൾക്ക് ക്വാറൻറ്റൈനു വേണ്ടി വിട്ടു നൽകുന്നത്. ആൾ താമസമുള്ള ഇതര പ്രദേശങ്ങളിൽ നിന്ന് ഒറ്റപ്പെട്ടതും, എന്നാൽ സംസ്ഥാന പാതയോടടുത്തുമുള്ള ഹോസ്റ്റലുകളാണ് ഇവ. ഉപരിപഠന ക്ലാസുകൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ സംവിധാനത്തിനായി ഉപയോഗപ്പെടുത്താനാവുമെന്നും രൂപത കേന്ദ്രത്തിൽ നിന്നറിയിച്ചു.