പ്രളയ സഹായത്തിനായി കളക്ഷൻ സെന്റർ തുറന്നുകൊണ്ട് വാഴിച്ചൽ ഇമ്മാനുവൽ കോളേജ് സജീവം
സ്വന്തം ലേഖകൻ
വെള്ളറട: പ്രളയ സഹായത്തിനായി കളക്ഷൻ സെന്റർ തുറന്നുകൊണ്ട് സജീവമാണ് വാഴിച്ചൽ ഇമ്മാനുവൽ കോളേജ്. കോളേജിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിലാണ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കോളേജ് മാനേജർ മോൺ.ജി.ക്രിസ്തുദാസ് സംരംഭം ഉദ്ഘാടനം ചെയ്തു, പ്രിൻസിപ്പൽ ഡോ.വിജയകുമാർ സന്നിഹിതരായിരുന്നു.
വയനാട്, മലപ്പുറം ജില്ലകളിൽ മഴക്കെടുതികൾ മൂലം ദുരന്തത്തിലൂടെ കടന്നുപോകുന്നവർക്ക് കൈത്താങ്ങ് ആകുവാൻ എൻ.എസ്.എസ്. മുൻകൈ എടുത്തതിൽ ഇമ്മാനുവേൽ കോളേജിന് അഭിമാനമുണ്ടെന്നും, നിങ്ങൾ ഓരോരുത്തരിലും നിറഞ്ഞുനിൽക്കുന്ന സാമൂഹ്യ അവബോധവും, പരസ്നേഹവുമാണ് ഇതിന് ആധാരമെന്നും മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ശേഖരിച്ച ആഹാര സാധനങ്ങൾ, വസ്ത്രങ്ങൾ, സോപ്പ്, സാനിറ്ററി നാപ്കിൻസ്, ലൈസോൾ തുടങ്ങിയ സാധനങ്ങൾ ഇമ്മാനുവൽ കോളേജിലെ എൻ.എസ്.എസ്. വോളണ്ടിയേഴ്സ് സേവനം ചെയ്യുന്ന തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എത്തിച്ചു. അവിടെനിന്ന് വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുക.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഫാ.സാജൻ ആന്റണി, ശ്രീമതി ആതിര എയർ എന്നിവർ കളക്ഷൻ സെന്റർ പ്രവർത്തനങ്ങൾ ഏകോവിപ്പിച്ചു. നൂറോളം എൻ.എസ്.എസ്. വോളണ്ടിയേഴ്സും, മറ്റ് വിദ്യാർത്ഥി-വിദ്യാർഥിനികളും, അധ്യാപകരും, അനധ്യാപകരും ഈ സംരംഭത്തിന്റെ വിജയത്തിനായി കൈകോർത്തു.