പ്രളയബാധിതര്‍ക്ക് സഹായം; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് മൂന്നാമത്തെ ലോറി പുറപ്പെട്ടു
പ്രളയബാധിതര്‍ക്ക് സഹായം; നെയ്യാറ്റിന്‍കര രൂപതയില്‍ നിന്ന് മൂന്നാമത്തെ ലോറി പുറപ്പെട്ടു
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: പ്രളയബാധിതര്‍ക്ക് നെയ്യാറ്റിന്‍കര രൂപതയില്‍ നിന്നുളള സഹായം എത്തിക്കുന്നതിലേക്കായി മൂന്നാമത്തെ ലോറി പുറപ്പെട്ടു. വ്യാഴാഴ്ച രാത്രി 9 മണിയോടെ നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.
കഴിഞ്ഞ 2 ദിവസങ്ങളിലായി 2 വാഹനങ്ങളാണ് വയനാടിലേക്കും, കണ്ണൂരിലേക്കും അവശ്യ സാധനങ്ങളുമായി പോയത്. ബിഷപ്പിന്‍റെ നിര്‍ദേശപ്രകാരം 2 ദിവസം കൊണ്ട് രൂപതയുടെ വിവിധ ദേവാലയങ്ങളുടെയും, ഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ കളക്ഷന്‍ സെന്‍ററുകളിലൂടെ എത്തിച്ച സാധനങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണത്തിനായി കൊണ്ട് പോയത്.
രൂപതയിലെ സാമൂഹ്യ സംഘടനയായി നിഡ്സാണ് പരിപാടി ഏകോപിപ്പിച്ചത്. കെ.സി.വൈ.എം. പ്രവര്‍ത്തകര്‍ ഒരു ലോറിക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചിരുന്നു. ആഹാര സാധനങ്ങള്‍ ഒഴിവയാക്കി അത്യാവശ്യം വേണ്ട മറ്റുസാധനങ്ങളും, പണവും, തുണികളുമാണ് രൂപത എത്തിക്കുന്നത്.
15-ന് രാത്രി 8 മണിവരെ വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററിലെ കളക്ഷന്‍ സെന്‍റര്‍ വഴിയാണ് സാധനങ്ങളുടെ ശേഖരണം ഏകോപിപ്പിച്ചത്. കോഴിക്കോട് എത്തിച്ച സാധനങ്ങള്‍ കോഴിക്കോട് രൂപത സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ ഫാ.ആല്‍ഫ്രഡിന് കൈമാറി.
രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, നിഡ്സ് ഡയറക്ടര്‍ ഫാ.രാഹുല്‍ ബി.ആന്‍റോ കെ.സി.വൈ.എം. രൂപത പ്രസിഡന്‍റ് ജോജി ടെന്നിസണ്‍, കെഎല്‍സിഡബ്ല്യഎ സംസ്ഥാന ജനറല്‍ സെക്രട്ടറി അല്‍ഫോണ്‍സ ആന്‍റില്‍സ്, ജോസ്കാര്‍ത്തിക തുടങ്ങിയവര്‍ നിരന്തര സാന്നിധ്യമായിരുന്നു.