Kerala

പ്രളയകാലം കാര്‍മല്‍ഗിരി സെമിനാരിയിൽ വൈദിക രൂപീകരണത്തിന്റെ കാലഘട്ടം

പ്രളയകാലം കാര്‍മല്‍ഗിരി സെമിനാരിയിൽ വൈദിക രൂപീകരണത്തിന്റെ കാലഘട്ടം

ഫാ. ഗ്രിഗറി ആർബി

2018 എന്ന വര്‍ഷം കാര്‍മല്‍ഗിരി ചരിത്രത്തില്‍ ഒരു വലിയ ദുരന്തത്തിന്റെ പേരിലായിരിക്കും അറിയപ്പെടുക. അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുക്കാന്‍ ഇനി നമുക്ക് പുതിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. ജലംകൊണ്ട് മുറിപ്പെട്ടവരുടെ, അഹങ്കാരിയായിരുന്ന മനുഷ്യന്‍ നിലംപൊത്തിയതിന്റെ, പണക്കാരനും പാവപ്പെട്ടവനും ഒരുമിച്ചുറങ്ങിയതിന്റെ, ജാതിക്കും മതത്തിനുമപ്പുറം ഒന്നിച്ചു പ്രാര്‍ത്ഥിച്ചതിന്റെ നല്ല കഥ. അതിനപ്പുറം നമ്മളെല്ലാവരെയും പച്ചമനുഷ്യരാക്കിയ 2018-ലെ വെള്ളപ്പൊക്കത്തിന്റെ കഥ ഇനി ജനഹൃദയങ്ങളിലുണ്ടാവും. വെള്ളത്തിന്റെ പൊക്കത്തെക്കാള്‍ പൊക്കത്തിലൊന്നുമല്ല ഒരു മനുഷ്യനും എന്ന ഓര്‍മപ്പെടുത്തല്‍ ഇനി നമ്മിലെന്നുമുണ്ടാവും.

കാലവര്‍ഷത്തിലെ നിര്‍ത്താതെപെയ്ത മഴയുടെ ബാക്കിപത്രമായിരുന്നു വെള്ളപൊക്ക ദുരിതങ്ങള്‍. മനുഷ്യരുടെ ദുരിതങ്ങളില്‍ പങ്കുകാരാകുക, അവരെ നമ്മളാല്‍ കഴിയുന്നതിന്റെ പരമാവധി സഹായിക്കുക എന്നതു മാത്രമായിരുന്നു സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി, കാര്‍മല്‍ഗിരിയുടെ ലക്ഷ്യം. വെള്ളപ്പൊക്ക ഭീഷണിയുടെ ഓറഞ്ച് അലര്‍ട്ട് കിട്ടിയപ്പോള്‍ത്തന്നെ, സെമിനാരി റെക്ടര്‍ ചാക്കോ പുത്തന്‍പുരക്കലച്ചന്റെ നേതൃത്വത്തിലുള്ള വൈദികരും വൈദികാര്‍ത്ഥികളും എന്തിനും സന്നദ്ധരായിരുന്നു. കാര്‍മഗിരി സെമിനാരിയില്‍ ദുരിതാശ്വാസക്യാമ്പ് തുറക്കേണ്ടിവരുമെന്ന പഞ്ചായത്തിന്റെ മുന്നറിയിപ്പ് കിട്ടിയതിനുശേഷം വിശ്രമമില്ലാതെ എല്ലാവരും ഈ ദുരന്തത്തെ എങ്ങനെനേരിടാം എന്ന എല്ലാ പരിശോധനകളും നടത്തിയിരുന്നു.

ആഗസ്റ്റ് 16-ാം തീയതി മുതല്‍ സെമിനാരിയില്‍ ദുരിതാശ്വാസക്യാമ്പ് തുറക്കേണ്ടിവന്നു. ആലുവ പ്രദേശത്തെ മുഴുവന്‍ ഈ പ്രളയം സാരമായി ബാധിച്ചിരുന്നു, അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ആവശ്യമായി വന്നത് ആലുവ ഭാഗത്തായിരുന്നു. ക്യാമ്പ് തുറന്ന അന്നുതന്നെ ഇരുന്നൂറോളം പേര്‍ എത്തിച്ചേര്‍ന്നു. വീട്ടില്‍ നിന്ന് വേണ്ടപ്പെട്ടവ മാത്രമെടുത്ത് എങ്ങോട്ടെന്നില്ലാതെ സന്ദേഹിച്ചുനിന്നവരെയെല്ലാം രണ്ടുകൈയും നീട്ടി കാര്‍മല്‍ഗിരി കുടുംബം സ്വീകരിച്ചു. തുടര്‍ന്നു വന്ന ദിവസങ്ങളിലെല്ലാം ക്യാമ്പിലേക്കെത്തിയവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. പ്രളയം അതിന്റെ രൗദ്രഭാവം പൂണ്ട ദിവസങ്ങളില്‍ 850 ഓളം ആളുകളാണ് അഭയാര്‍ത്ഥികളായി കാര്‍മല്‍ഗിരിയിലെത്തിയത്.

വൈദികരുടെ പരിചയസമ്പത്തും വിലമതിക്കാനാവാത്ത സേവനസന്നദ്ധതയുമാണ് പിന്നീട് സെമിനാരി ക്യാമ്പില്‍ കണ്ടത്. കാര്‍മല്‍ഗിരി സെമിനാരി വൈദികരുടെയും വൈദികാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ സജീവമായി.
തങ്ങളുടെ സുഖസൗകര്യങ്ങള്‍ മറന്നുകൊണ്ട് അവര്‍ മറ്റുള്ളവര്‍ക്കായി സെമിനാരി ഹാളുകളും പഠനമുറികളും ഒരുക്കികൊടുത്തുകൊണ്ട് അവരെ പരിപാലിക്കുന്നതില്‍ വ്യാപൃതരായി, മുഴുവന്‍ സമയവും ക്യാമ്പിലെ ആളുകളെ സഹായിക്കുന്നതിനായി നെട്ടോട്ടമോടുകയായിരുന്നു.

വൈദികരുടെ നേതൃത്വത്തില്‍ സെമിനാരി വിദ്യാര്‍ത്ഥികള്‍ വിവിധ കമ്മിറ്റികളായി തിരിഞ്ഞു പ്രവര്‍ത്തനം നടത്തിയതിനാല്‍ ദുരിതാശ്വാസക്യാമ്പിലെ കാര്യങ്ങള്‍ സങ്കീര്‍ണതകളൊന്നുമില്ലാതെ മുന്നോട്ടുപോയി.
പിന്നീടു കാര്‍മല്‍ഗിരി സെമിനാരി നേരിട്ട പ്രശ്‌നം വെള്ളപ്പൊക്കത്തില്‍ സെമിനാരി ഒറ്റപ്പെട്ടതാണ്. ഈ സമയത്താണ് ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയുമൊക്കെ പ്രതിസന്ധി രൂക്ഷമായത്. പ്രതീക്ഷ കൈവിടാതെ നിന്നതിന്റെയും പ്രാര്‍ത്ഥനയില്‍ വേരുറപ്പിച്ചതിന്റെയും അനുഗ്രഹത്താല്‍, നേവി അംഗങ്ങളുടെ നേതൃത്വത്തില്‍ ഹെലികോപ്റ്ററുകളില്‍ ഭക്ഷണം എത്തിത്തുടങ്ങിയത് ആശ്വാസമായി.

ദുരിതത്തിനു ശമനമായ 18-ാം തീയതിയും 19-ാം തീയതിയും വൈദികാര്‍ത്ഥികളുടെതന്നെ നേതൃത്വത്തില്‍ തൊട്ടടുത്ത ക്യാമ്പുകളിലേക്കും വീടുകളിലേക്കും അവശ്യസാധനങ്ങളെല്ലാം എത്തിക്കാന്‍ തുടങ്ങിയിരുന്നു. അതിനേക്കാളേറെ, ആ ദിവസങ്ങളില്‍ തന്നെ ബ്രദേഴ്‌സ് എല്ലാവരും പ്രളയബാധിത പ്രദേശങ്ങളിലെ വീടുകള്‍ വൃത്തിയാക്കുക എന്ന വലിയ ദൗത്യത്തിലും പങ്കുകാരായിരുന്നു. 19-നു ഞായറാഴ്ച രാവിലെ
മുതല്‍ ആരംഭിച്ച ഈ ദൗത്യം ഇപ്പോഴും തുടരുന്നുണ്ട്. കാര്‍മല്‍ഗിരി സെമിനാരിയില്‍ വൈദിക പരിശീലനം നടത്തുന്ന ഒത്തിരിയധികം ബ്രദേഴ്‌സിന്റെ വീടുകള്‍ ഭാഗികമായും പൂര്‍ണമായും ഈ വെള്ളപ്പൊക്കത്തില്‍ മുങ്ങിയിട്ടുണ്ടായിരുന്നു. അത്തരം സന്ദര്‍ഭത്തില്‍ പോലും സ്വന്തം വീടുകളിലുണ്ടായ ദുരന്തങ്ങളെ വകവയ്ക്കാതെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടുന്നിന്നവരുടെ മുമ്പില്‍ കൈകള്‍ കൂപ്പി നില്‍ക്കാനേ നമുക്കാവൂ. അടുത്ത വീടുകളിലെ വൃത്തിയാക്കലുകളെല്ലാം കഴിഞ്ഞതിനുശേഷമാണ് ഈ ബ്രദേഴ്‌സ് തങ്ങളുടെ വീടുകളെപ്പറ്റി ചിന്തിച്ചത് എന്നത് അവരുടെ സ്വയംസമര്‍പ്പണത്തിന്റെ ഭാഗമായിട്ടുവേണം കരുതാന്‍.

ദുരിതാശ്വാസക്യാമ്പില്‍ എല്ലാവരും സംതൃപ്തരും സന്തുഷ്ടരും ആയിരുന്നതിനു കാരണം വൈദികരുടെയും സെമിനാരിയന്‍സിന്റെയും ജാഗ്രതയോടെയുളള പ്രവര്‍ത്തനം തന്നെയാണ്. ക്യാമ്പിലുണ്ടായിരുന്ന മുഴുവന്‍ ജനങ്ങളും സെമിനാരിയിലെ എല്ലാ വൈദികരുടെയും വൈദികാര്‍ത്ഥികളുടെയും സമീപനത്തില്‍ പൂര്‍ണ സംതൃപ്തരായിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു വിലയിരുത്തുവാന്‍ എത്തിയ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും എം.എല്‍.എ. ഇബ്രാഹിം കുഞ്ഞും പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു.

ദുരന്തമുഖത്ത് അക്ഷീണം പ്രവര്‍ത്തിച്ച വൈദികര്‍ ഞങ്ങള്‍, വൈദികാര്‍ത്ഥികള്‍ക്ക് നല്‍കിയ സന്ദേശം വലുതായിരുന്നു. വൈദികന്‍ എന്ന വാക്കിന്റെ പൂര്‍ണ അര്‍ഥത്തില്‍ പ്രവര്‍ത്തിച്ച അവര്‍ കാണിച്ചുതന്ന മാതൃക എന്നും ഞങ്ങള്‍ക്കുമുമ്പിലുണ്ടായിരിക്കും. ക്ലാസ് മുറികളില്‍ പറഞ്ഞു പഠിപ്പിച്ച കാര്യങ്ങളെക്കാള്‍ കൂടുതല്‍ ഞങ്ങളുടെ മനസിനെ വെല്ലുവിളിച്ചത് അവരുടെ കൈമെയ്യ് സേവനസന്നദ്ധതയാണ്. എല്ലാവരെയും മനുഷ്യനായികാണാനും സ്‌നേഹിക്കാനും ഈ ദുരന്തം നമ്മെ പ്രരിപ്പിച്ചു. എവിടയോ ഏതോ അടുക്കളയില്‍ പാവപ്പെട്ട അമ്മച്ചിമാരൊരുക്കിയ പൊതിച്ചോറായിരുന്നു രണ്ടു മൂന്നു ദിവസമായി ഞങ്ങള്‍ കഴിച്ചത്. ഓരോ പൊതിച്ചോറിനും ഇതുവരെ കഴിച്ച എല്ലാ ഭക്ഷണത്തെക്കാളും രുചിയുണ്ടായിരുന്നു.
കിട്ടിയ നല്ല മൂല്യങ്ങളൊന്നും കൈമോശം വരാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം.

കൂട്ടായ്മയുടെയും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയുമൊക്കെ വില നമ്മെ പഠിപ്പിച്ച ഈ വെളളപ്പൊക്കം ഒരു ഓര്‍മ്മപ്പെടുത്തലായി നില്‍ക്കട്ടെ. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളൊന്നും തീര്‍ന്നിട്ടില്ല, തുടങ്ങുന്നതേയുളളൂ എന്നു മാത്രം നമുക്ക് ഓര്‍ക്കാം. നമ്മുടെ സമ്പാദ്യങ്ങളില്‍ നിന്നെല്ലാം അവരിലേക്ക് നന്മകള്‍ ഒഴുകട്ടെ.

കടപ്പാട് : ജീവനാദം

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker