പ്രതീകാത്മകമായി ‘ഹിരോഷിമ കെടാവിളക്ക്’ അണച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ ആണവ വിമുക്ത ലോകത്തിനുള്ള യത്നത്തിൽ
പ്രതീകാത്മകമായി 'ഹിരോഷിമ കെടാവിളക്ക്' അണച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പാ ആണവ വിമുക്ത ലോകത്തിനുള്ള യത്നത്തിൽ
ഫാദര്‍ വില്യം നെല്ലിക്കല്‍
വത്തിക്കാൻ സിറ്റി: ആണവവിമുക്ത ലോകത്തിനായുള്ള ശ്രമത്തില്‍ പങ്കുചേര്‍ന്ന് ഹിരോഷിമയിലെ സ്മാരകവേദിയില്‍നിന്നും കൊളുത്തിയ ദീപം ഫ്രാൻസിസ് പാപ്പാ പ്രതീകാത്മകമായി ഊതിയണച്ചു. മാര്‍ച്ച് 20-Ɔο തിയതി ബുധനാഴ്ച, പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെത്തിയ “ഭൂമിക്കായുള്ള സമാധാന സഞ്ചാരികളുടെ സംഘടന”യുടെ പ്രതിനിധികളെ (The Caravan of the Earth) അഭിവാദ്യംചെയ്യുകയും, ആണവ വിമുക്തമായ ലോകത്തിനായുള്ള അവരുടെ പരിശ്രമത്തിന് പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്തുകൊണ്ട്, തന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സമാധാന സഞ്ചാരികള്‍ തങ്ങള്‍ക്കൊപ്പം കൊണ്ടുവന്ന, ജപ്പാനിലെ ഹിരോഷിമ അണുബോംബു വിതച്ച മഹാദുരന്തത്തിന്‍റെ സ്ഫോടന സ്മാരക വേദിയിലെ സമാധാനത്തിന്റെ കെടാവിളക്കില്‍നിന്നും കൊളുത്തിയെടുത്ത ദീപം അണച്ചുകൊണ്ടാണ്, ലോകത്തിന് ആണവ വിമുക്തമായ ഒരു ഭാവിയുണ്ടാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു.
1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലും നാഗസാക്കിയിലും വര്‍ഷിക്കപ്പെട്ട അണുബോംബിന്റെ സ്മാരകവേദിയിലെ കെടാവിളക്ക്, ആണവയുദ്ധങ്ങളും ആണവായുധങ്ങളും ഭൂമുഖത്തുനിന്നും ഇല്ലാതായി ലോകം സമ്പൂര്‍ണ്ണമായും ആണവ വിമുക്തമാകുമ്പോള്‍ മാത്രമാണ് അണയ്ക്കുന്നത്. എന്നാൽ, ആണവ നശീകരണശേഷിയുടെ ഇല്ലായ്മചെയ്യലിനുള്ള പ്രചോദനമായാണ് “സമാധാന സഞ്ചാരികളുടെ സംഘടന”യ്ക്കൊപ്പം പാപ്പാ വത്തിക്കാനില്‍ പ്രതീകാത്മകമായി ഹിരോഷിമ കെടാവിളക്ക് അണച്ചത്.