Diocese

പ്രതിഷേധം ശക്‌തമാക്കി നെയ്യാറ്റിന്‍കര രൂപത

പ്രതിഷേധം ശക്‌തമാക്കി നെയ്യാറ്റിന്‍കര രൂപത

ഇന്ന്‌ നെയ്യാറ്റിന്‍കര രൂപതയിലെ ദേവാലയങ്ങളില്‍ വായിച്ച സര്‍ക്കുലറിന്റെ പൂര്‍ണ്ണ രൂപം

കേരള ലത്തീന്‍ കത്തോലിക്ക സഭ ഇന്നേ ദിവസം ലത്തീന്‍ കത്തോലിക്ക സമുദായ ദിനമായി ആചരിക്കുകയാണ്‌. നെയ്യാറ്റിന്‍കര രൂപതയ്‌ക്ക്‌ ഇന്നേ ദിവസം പ്രതിഷേധ ദിനം കൂടിയാണ്‌.
ലത്തീന്‍ കത്തോലിക്കര്‍ ഒരു പിന്നോക്ക സമുദായമെന്ന നിലയിലും ന്യൂനപക്ഷ മതവിഭാഗമെന്ന നിലയിലും കടുത്ത അവഗണനയും അനീതിയും എല്ലാ രംഗത്തും അനുഭവിക്കുകയാണ്‌. അര്‍ഹമായ സമുദായ സര്‍ട്ടിഫിക്കറ്റ്‌ സുഗമമായി ലഭിക്കാത്ത പ്രതിസന്ധിയുടെ സാഹചര്യമാണ്‌ നിലവിലുള്ളത്‌. സാമ്പത്തിക സംവരണം പോലുള്ള ഭരണഘടനാ വിരുദ്ധമായ നയങ്ങള്‍ സ്വീകരിച്ചുകൊണ്ട്‌ പിന്നോക്ക വിഭാഗങ്ങളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുകയും മുന്നോക്ക വിഭാഗങ്ങളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന കേരള സര്‍ക്കാര്‍ നിലപാട്‌ നമ്മുടെ ഉത്‌കണ്‌ഠകള്‍ വര്‍ദ്ധിപ്പിക്കുന്നു. ക്രൈസ്‌തവര്‍ എന്ന നിലയില്‍ നിലനില്‌പിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക്‌ നാം നിരന്തരം നിര്‍ബന്ധിതരാവുകയുമാണ്‌.

ക്രൈസ്‌തവ സമൂഹത്തെ തകര്‍ക്കുവാനുള്ള വര്‍ഗ്ഗീയ ശക്തികളുടെ സംഘടിത നീക്കങ്ങള്‍ ഒരു വശത്തും ഈ നീക്കങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ മറുവശത്തും നിലകൊള്ളുന്നത്‌ നമ്മെ ഭയാശങ്കകളിലേയ്‌ക്ക്‌ തള്ളിവിടുകയാണ്‌. നാളിതുവരെ കേരളം ഭരിച്ചിട്ടുള്ളത്‌ മതേതര ജനാധിപത്യ സര്‍ക്കാരുകളാണ്‌. അതുകൊണ്ട്‌ തന്നെ മതന്യൂനപക്ഷങ്ങള്‍ പൊതുവെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും കേരളത്തില്‍ അനുഭവിച്ചിരുന്നു. എന്നാല്‍ ഇന്ന്‌ സ്ഥിതിഗതികള്‍ മാറിവരുകയാണ്‌. വര്‍ഗ്ഗീയ ശക്തികളുടെ അനാരോഗ്യകരമായ ഇടപെടല്‍ നമ്മുടെ മതസൗഹാര്‍ദവും സ്വസ്ഥ ജീവിതവും നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു.
2017 ആഗസ്റ്റ്‌ 18 നമ്മെ സംബന്ധിച്ചിടത്തോളം ഒരു കറുത്ത ദിനമാണ്‌. അന്നേ ദിവസം അര്‍ദ്ധരാത്രിയിലാണ്‌ കിഴക്കിന്റെ കാല്‍വരി എന്ന്‌ പ്രസിദ്ധമായ ബോണക്കാട്‌ തീര്‍ത്ഥാടന കേന്ദ്രത്തിലെ മലമുകളില്‍ സ്ഥാപിച്ചിരുന്ന കുരിശുകള്‍ അറുത്ത്‌ മാറ്റിയത്‌. ചെക്ക്‌പോസ്റ്റ്‌ സ്ഥാപിച്ച്‌ സുരക്ഷിതമാക്കിയിട്ടുള്ള വനത്തിനുള്ളില്‍ സ്ഥിതിചെയ്‌തിരുന്ന കുരിശിനെയാണ്‌ വര്‍ഗ്ഗീയ ശക്തികള്‍ തകര്‍ത്തത്‌ എന്നത്‌ ഈ പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണ ഈ നീക്കത്തിന്‌ പിന്നിലുണ്ട്‌ എന്നത്‌ അതര്‍ക്കിതമായ കാര്യമാണ്‌. ഒരു ജനാധിപത്യ മതേതര സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോഴാണ്‌ ദൗര്‍ഭാഗ്യകരമായ ഈ സംഭവം നടന്നുവെന്നതും നമ്മെ അതിശയിപ്പിക്കുന്നുണ്ട്‌.
കുരിശ്‌ തകര്‍ത്തത്‌ സംബന്ധിച്ച്‌ പോലീസിന്‌ പരാതി നല്‌കിയിരുന്നുവെങ്കിലും നാളിതു വരെ കാര്യമായ അന്വേഷണം നടത്താനോ കുറ്റക്കാരെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരാനോ ആത്മാര്‍ത്ഥമായ പരിശ്രമങ്ങള്‍ ഒരു ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. അതെ സമയം ആ ദിവസങ്ങളില്‍ മലയുടെ നെറുകയില്‍ എത്താനും പകരം കുരിശുകള്‍ വയ്‌ക്കാനും പരിശ്രമിച്ച വിശ്വാസികള്‍ക്ക്‌ എതിരെ പോലീസും വനംവകുപ്പും മത്സരിച്ച്‌ അനവധി കേസുകള്‍ ചാര്‍ജ്‌ ചെയ്‌തുവെന്നത്‌ ഒരു വിധത്തിലും നീതീകരിക്കാവുന്ന സംഗതിയല്ല.

നീതി രഹിതമായ ഈ നിലപാടില്‍ പ്രതിഷേധിച്ചും വര്‍ഗ്ഗീയ വാദികളുടെ നീക്കങ്ങളെ പ്രതിരോധിച്ചും നൂറുകണക്കിന്‌ പ്രതിഷേധ പരിപാടികള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുകയുണ്ടായി. അവസാനം അഭിവന്ദ്യ പിതാവിന്റെ നേതൃത്വത്തില്‍ രൂപതയുടെ വൈദികരുടെ ഏക ദിന ഉപവാസവും നാം ആസൂത്രണം ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ 2017 ആഗസ്റ്റ്‌ 29 ന്‌ ബഹുമാനപ്പെട്ട വനംവകുപ്പ്‌ മന്ത്രി പ്രശ്‌ന പരിഹാരത്തിനായി തന്റെ ചേമ്പറില്‍ ഒരു യോഗം വിളിക്കുകയുണ്ടായി. ഈ യോഗത്തില്‍  സി. ബി. സി. ഐ. യുടെ പ്രസിഡന്റ്‌ അഭിവന്ദ്യ ക്ലീമിസ്‌ ബാവ തിരുമേനി കെ. സി. ബി. സി. പ്രസിഡന്റ്‌ അഭിവന്ദ്യ സൂസപാക്യം പിതാവ്‌ സി. എസ്. ഐ. സഭാദ്ധ്യക്ഷന്‍ അഭിവന്ദ്യ ധര്‍മ്മരാജ്‌ റസ്സാലം പിതാവ്‌, നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ അഭിവന്ദ്യ വിന്‍സെന്റ്‌ സാമുവല്‍ പിതാവ്‌ വിവിധ സംഘടനാ നേതാക്കള്‍ കുരിശുമല സംരക്ഷണ സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ശാന്തിയും സമാധാനവും എക്കാലവും ആഗ്രഹിക്കുന്നവരാണ്‌ നാം. അതുകൊണ്ട്‌ തന്നെ മലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുവാന്‍ കഴിയില്ല എന്നും പകരം ഒരു മരകുരിശു സ്ഥാപിക്കാമെന്നു മുള്ള ബഹു.മന്ത്രിയുടെ നിര്‍ദ്ദേശത്തെ നാം ആത്മസംയമനത്തോടെ അംഗീകരിച്ചു. മാസാദ്യ വെള്ളിയാഴ്‌ചകള്‍, കുരിശിന്റെ പുകഴ്‌ചയുടെ തിരുനാള്‍ വാരം, വിശുദ്ധവാരം തുടങ്ങിയ ദിനങ്ങളില്‍ തടസ്സങ്ങളില്ലാതെ മലയില്‍ പോകാമെന്നും പ്രതിഷേധങ്ങളുടെ ഭാഗമായി എടുത്തിട്ടുള്ള എല്ലാ കേസ്സുകളും പിന്‍വലിക്കാമെന്നും തദവസരത്തില്‍ ബഹു.മന്ത്രി ഉറപ്പു നല്‍കിയിരുന്നു. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2017 ആഗസ്റ്റ്‌ 31 ന്‌ രാവിലെ ഒരു കുരിശു സ്ഥാപിക്കുകയുണ്ടായി. എന്നാല്‍ മറ്റു തീരുമാനങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ നീതി ലഭിച്ചിട്ടില്ല.

2017 സെപ്‌റ്റംബറില്‍ കുരിശിന്റെ പുകഴ്‌ചയുടെ തിരുനാള്‍ വാരം ആചരിച്ചുവെങ്കിലും മലയില്‍ പോകുന്നതില്‍ നിന്നും വിശ്വാസികളെ അകാരണമായി പോലീസും വനംവകുപ്പും വിലക്കുകയുണ്ടായി. ഇവിടെയും നാം ആത്മസംയമനം പാലിച്ചു.
ആത്മസംയമനം പാലിക്കുക എന്നത്‌ നമ്മുടെ ബലഹീനതയായി കണ്ടിട്ടാകണം 2017 നവംബര്‍ 27 ന്‌ വീണ്ടും കുരിശുമലയുടെ നേര്‍ക്ക്‌ ആക്രമണം നടന്നിരിക്കുന്നു. സംഘടിതവും ആസൂത്രിതവുമായ ഈ ആക്രമണത്തിന്‌ പിന്നില്‍ വര്‍ഗ്ഗീയ ശക്തികളാണ്‌ എന്നത്‌ അനിഷേധ്യമായ കാര്യമാണ്‌. വര്‍ഗ്ഗീയ മുഖം മൂടി അണിഞ്ഞ ഉദ്യോഗസ്ഥരുടെ പിന്തുണയും ഇതിന്റെ പിന്നിലുണ്ട്‌. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തു ഉപയോഗിച്ചാണ്‌ കുരിശു തകര്‍ത്തിരിക്കുന്നത്‌. മിന്നലേറ്റാണ്‌ കുരിശു തകര്‍ന്നത്‌ എന്നൊരു തെറ്റായ പ്രചരണം നടത്തുവാന്‍ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ കാട്ടിയ ധൃതി പ്രശ്‌നത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുമുണ്ട്‌.പരാതിക്കാരായ സഭാ നേതൃത്വത്തെ അറിയിക്കാതെ സംഭവ സ്‌ഥലം പരിശോധിച്ച പോലീസും മിന്നലാണെന്ന്‌ കാട്ടി നിസ്സാര വല്‍ക്കരിച്ചു.
കഴിഞ്ഞ 60 വര്‍ഷങ്ങളിലായി നാം ഭക്തിപൂര്‍വ്വം തീര്‍ത്ഥാടനം നടത്തി വന്നിരുന്ന കുരിശുമലയെ തകര്‍ക്കാനായി അടിക്കടി നടത്തുന്ന അക്രമണങ്ങളും വ്യാജ പ്രചാരണങ്ങളും കേസ്സുകളും നിര്‍ഭാഗ്യകരമാണ്‌. പ്രകൃതിയെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായ നാം വനത്തിനും വനസമ്പത്തിനും യാതൊരുവിധ കോട്ടവും വരുത്താതെയാണ്‌ നാളിതുവരെ തീര്‍ത്ഥാടനം നടത്തിയിട്ടുള്ളത്‌. നാളിതുവരെ അനുഭവിച്ച്‌ വന്ന ഈ ആരാധന സ്വാതന്ത്ര്യം നമുക്ക്‌ നിഷേധിക്കാന്‍ പാടില്ല. നാം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളോട്‌ അനുഭാവപൂര്‍വ്വം പ്രതികരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രശ്‌നങ്ങളുടെ ഗൗരവം ചൂണ്ടികാണിച്ചുകൊണ്ട്‌ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള അധികാരികള്‍ക്ക്‌ രൂപത നിവേദനം നല്‍കിയിട്ടുണ്ട്‌.

നിലപാടുകള്‍ അനുകൂലമല്ലായെങ്കില്‍ ശക്തമായ സഹന സമര പരിപാടികള്‍ക്ക്‌ നാം തുടക്കം കുറിക്കേണ്ടിവരും. ഇന്നേ ദിനം രൂപതയിലെ എല്ലാ ഇടവകകളിലും നാം പ്രതിഷേധ ദിനമായി ആചരിക്കുന്നു. പിന്നോക്ക-ക്രൈസ്‌തവ വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവഗണനകള്‍ സംബന്ധിച്ചും നമ്മുടെ അവകാശങ്ങള്‍ സംബന്ധിച്ചും ഇടവകയില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. ബോണക്കാട്‌ കുരിശുമലയിലെ അക്രമികളെ അറസ്റ്റ്‌ ചെയ്യുക, വിശ്വാസികള്‍ക്കും വൈദികര്‍ക്കും എതിരെ എടുത്തിട്ടുള്ള കേസ്സുകള്‍ പിന്‍വലിക്കുക, കുരിശു മലയിലെ ആരാധന സ്വാതന്ത്ര്യം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ പ്രതിഷേധ റാലികളും സംഘടിപ്പിക്കണം. പ്രതിസന്ധികളില്‍ ഒന്നിച്ച്‌ വന്നുകൊണ്ട്‌ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെ പുത്തന്‍ ചരിത്രങ്ങള്‍ രചിക്കുവാന്‍ ഏവരെയും ആഹ്വാനം ചെയ്‌തുകൊണ്ട്‌,

സ്‌നേഹത്തോടെ

മോണ്‍സിഞ്ഞോര്‍ ജി. ക്രിസ്‌തുദാസ്‌
രൂപതാ വികാരി ജനറല്‍

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker