വത്തിക്കാൻസിറ്റി: വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്. മാരകമായ ഒരു രോഗം ബാധിച്ച ഗർഭസ്ഥ ശിശുവിന്റെ രോഗം ഇദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ മാറിയത് അദ്ഭുതമായി നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘം കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. ഇനി മാർപാപ്പ ഡിക്രിയിൽ ഒപ്പുവച്ചാൽ നാമകരണ തീയതി നിശ്ചയിക്കാം.
2014-ൽ പോൾ ആറാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച് അധികം വൈകാതെയാണ് ഈ അദ്ഭുതം. ഇറ്റലിയിലെ വെറോണ സ്വദേശിനി അഞ്ചുമാസം ഗർഭിണിയായിരുന്നപ്പോൾ കുട്ടിക്കും അമ്മയ്ക്കും മാരകമാകാവുന്ന ഒരു രോഗം പിടിപെട്ടു. ഡോക്ടർമാർ ഗർഭഛിദ്രം നടത്താൻ നിർദേശിച്ചു. സ്ത്രീ സമ്മതിച്ചില്ല. അവർ പോൾ ആറാമന്റെ മാധ്യസ്ഥതയ്ക്കായി പ്രാർഥിച്ചു. പോൾ ആറാമന്റെ ജന്മസ്ഥലമായ ബ്രെസിക പട്ടണത്തിലെ തീർഥാടനകേന്ദ്രത്തിൽ പോയും പ്രാർഥിച്ചു. ഏതാനും ആഴ്ചകൾക്കകം അമ്മയുടെയും കുട്ടിയുടെയും രോഗം മാറി. സ്ത്രീ പിന്നീട് ആരോഗ്യവതിയായ പെൺകുട്ടിയെ പ്രസവിച്ചു. ആ കുട്ടി സുഖമായി കഴിയുന്നു.
ഒക്ടോബർ 21-നു മെത്രാന്മാരുടെ സിനഡിനിടെ ആകും നാമകരണം എന്ന് ഒരു ഇറ്റാലിയൻ പത്രം റിപ്പോർട്ട് ചെയ്തു.
1897-ൽ ജിയോവാന്നി ബത്തീസ്ത മൊന്തീനിയായി ജനിച്ച പോൾ ആറാമൻ 1954-ൽ മിലാൻ അതിരൂപതയുടെ സാരഥിയായി. 1963-ൽ ജോൺ 23-ാമന്റെ നിര്യാണശേഷം മാർപാപ്പയായി. 1978 ഓഗസ്റ്റ് ആറിന് അന്തരിച്ചു. രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ പൂർത്തീകരണം ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു. പോൾ ആറാമന്റെ വിഖ്യാതമായ ‘ഹുമാനേ വീത്തേ’ (മനുഷ്യജീവൻ) എന്ന ചാക്രികലേഖനത്തിന്റെ സുവർണജൂബിലി വർഷമാണിത്. അദ്ദേഹ ത്തിന്റെ ‘പോപ്പുലോരും പ്രോഗ്രസിയോ’ (ജനതകളുടെ പുരോഗതി) എന്ന ചാക്രികലേഖനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
മാർപാപ്പമാർ ഇറ്റലിക്കു പുറത്തു യാത്ര ചെയ്യുന്ന കീഴ്വഴക്കം തുടങ്ങിവച്ച പോൾ ആറാമൻ 1964 ഡിസംബറിൽ ഇന്ത്യ സന്ദർശിക്കുകയുണ്ടായി. ഐക്യരാഷ്ട്ര പൊതുസഭയെ അഭിസംബോധന ചെയ്തിട്ടുള്ള അദ്ദേഹം നിരവധി അന്താരാഷ്ട്രപ്രശ്നങ്ങളിൽ സമാധാനദൂതനായി പ്രവർത്തിച്ചു.
Related