Kazhchayum Ulkkazchayum

പൊന്ന് കൊണ്ടൊരു പുല്ലാംകുഴൽ

ഓരോന്നിനും അതിന്റേതായ "ധർമം നിറവേറ്റാനുണ്ട്"...

കടൽ തീരത്തു നിന്ന് 4 കിലോമീറ്റർ നടന്നാൽ പട്ടണത്തിലേക്കു പോകുന്ന റോഡ്. അധികമാരും കടന്നുചെല്ലാത്ത പ്രദേശം. വികസനമെന്ന് പറയാൻ ഒരു ലോവർ പ്രൈമറി സ്കൂൾ മാത്രം. അതിനടുത്തായി രണ്ടുദിവസം പ്രവർത്തിക്കുന്ന ചന്ത. ഒരു പോസ്റ്റ് ഓഫീസ്. ടാറിട്ട റോഡിൽ നിന്ന് രണ്ട് കിലോമീറ്റർ ചെമ്മൺ പാതയിലൂടെ നടന്നാൽ ഒരു ആൽമരം… പടർന്നു പന്തലിച്ചു നിൽക്കുന്ന ആൽമരം. മത്സ്യതൊഴിലാളികളും, വഴിയാത്രക്കാരും, പ്രായംചെന്നവരും വിശ്രമിക്കുന്നത് ഈ ആൽമരച്ചുവട്ടിലാണ്. രാത്രിയായാൽ പലതരത്തിലുള്ള പക്ഷികൾ ഈ ആൽമരത്തിന്റെ അവകാശം ഏറ്റെടുക്കും. ജാതിയുടെയും, മതത്തിന്റെയും, ദൈവങ്ങളുടെയും പേരിൽ മനുഷ്യൻ തമ്മിൽതല്ലി തല കീറാത്ത ഗ്രാമം.

ഒരുദിവസം ആ ഗ്രാമവാസികൾ പ്രഭാതത്തിൽ ഒരു പുല്ലാങ്കുഴൽ ഗാനം കേട്ടാണ് ഉണർന്നത്. സമയം രാവിലെ 5 മണി. സമീപപ്രദേശത്തുള്ളവർ ആ ഗാനം കേട്ട ഭാഗത്തേക്ക് ഓടിയെത്തി. അതാ ആൽമരച്ചുവട്ടിൽ ചമ്രം പടിഞ്ഞിരുന്ന് ഒരു ചെറുപ്പക്കാരൻ പുല്ലാങ്കുഴൽ വായിക്കുകയാണ്. ശ്രുതി ലയ താള സാന്ദ്രമായ സംഗീതം. ഏതാണ്ട് ആറടി പൊക്കം…വിരിഞ്ഞ മാറിടം…തോളറ്റം മൂടിയിരിക്കുന്ന ചുരുളൻ മുടിയും താടിയും…ഏറിയാൽ 30 വയസ്സ് പ്രായം. ആ കണ്ണുകൾക്ക് ആരേയും വശീകരിക്കാനുള്ള കാന്തിക ശക്തി….നേർത്ത മന്ദഹാസം.

അദ്ദേഹത്തെ കണ്ടവർ, കേട്ടവർ, പാട്ട് കേട്ടവർ പലതും പറഞ്ഞു. അദ്ദേഹം ഒരു സന്യാസിയാണ്, ആചാര്യനാണ്, പ്രവാചകനാണ്, സാമൂഹ്യ പരിഷ്കർത്താവാണ്, വിപ്ലവകാരിയാണ്, ദിവ്യ പുരുഷനാണ്…! അദ്ദേഹം അധികം സംസാരിക്കുന്ന പ്രകൃതമല്ലായിരുന്നു. അദ്ദേഹം കടപ്പുറത്തുനിന്ന് പുല്ലാംകുഴൽ വായിച്ചാൽ കേൾക്കാൻ മത്സ്യങ്ങൾ കൂട്ടത്തോടെ വരുമായിരുന്നു.

ഒരിക്കൽ കടപ്പുറത്ത് വെച്ച് ഒരു വൃദ്ധയെ കുറച്ചു പട്ടികൾ വളഞ്ഞിട്ട് ആക്രമിച്ചു കൊന്ന കാര്യം നാട്ടുകാർ അദ്ദേഹത്തോട് പറഞ്ഞു. ആ കണ്ണുകൾ ഈറനണിയുന്നത് നാട്ടുകാർ കണ്ടു. അദ്ദേഹം പുല്ലാംകുഴലിലൂടെ ഒരു ശോകഗാനം പാടി… നിമിഷങ്ങൾക്കുള്ളിൽ പട്ടികൾ കൂട്ടത്തോടെ ആൽമരച്ചുവട്ടിലെത്തി… അദ്ദേഹം വീണ്ടും പാടി… പട്ടികൾ നിലവിളിച്ചുകൊണ്ട് മടങ്ങിപ്പോയി. അദ്ദേഹം ഗ്രാമവാസികളുടെ പറഞ്ഞു “ഇനി ആരെയും അവർ ഉപദ്രവിക്കുകയില്ല…!” അന്നുമുതൽ പട്ടികൾ ആരെയും ഉപദ്രവിച്ചിട്ടില്ല.

ചുരുങ്ങിയ സമയം കൊണ്ട് സന്യാസിയെക്കുറിച്ചുള്ള വാർത്ത സമീപപ്രദേശങ്ങളിലും പരന്നു. ജനം ഒഴുകിയെത്തി. സർക്കാരിന്റെ ശ്രദ്ധ ഗ്രാമത്തിൽ പതിഞ്ഞു. ചെമ്മൺ റോഡ് കടൽക്കരവരെ ടാറിട്ടു. ചെറിയ ചെറിയ കച്ചവടസ്ഥാപനങ്ങൾ ഉണ്ടായി… ഒരു പ്രൈമറി ഹെൽത്ത് സെന്റെർ… ഗ്രാമത്തിന്റെ മുഖച്ചായ മാറുകയായിരുന്നു. ഒരു സുപ്രഭാതത്തിൽ പുല്ലാങ്കുഴൽ നാദം കേൾക്കാതായി. എങ്കിലും ജനം ഒഴുകിയെത്തി. അതാ ആല്മരച്ചുവട്ടിൽ ഒരു പീഠത്തിൽ ചുവന്ന തുണിയിൽ പുല്ലാംകുഴൽ… നീണ്ട 3 വർഷം അദ്ദേഹത്തെക്കുറിച്ച് ജനത്തിന് ഒരു വിവരവും കിട്ടിയിരുന്നില്ല. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം ജനം ആ പുല്ലാങ്കുഴൽ സ്വർണ്ണം കൊണ്ടു പൊതിഞ്ഞു. സുഷിരങ്ങൾ സ്വർണ്ണം കൊണ്ടടച്ചു. ഒരു കണ്ണാടി കൂടുണ്ടാക്കി ഉണ്ടാക്കി അവിടെ സൂക്ഷിച്ചു.

3 വർഷങ്ങൾക്കുശേഷം പ്രഭാതത്തിൽ വീണ്ടും ആ പുല്ലാങ്കുഴൽ നാദം കേട്ട് ജനം ഒഴുകിയെത്തി. അദ്ദേഹത്തിന്റെ കയ്യിൽ മറ്റൊരു പുല്ലാംകുഴൽ…! ജനങ്ങൾ ചുറ്റും കൂടിയപ്പോൾ അദ്ദേഹം ചോദിച്ചു ആരാണ് ഈ പുല്ലാംകുഴൽ സ്വർണ്ണംകൊണ്ട് പൊതിഞ്ഞത്. ജനം മൗനം പൂണ്ടു. അദ്ദേഹം ശാന്തനായി പറഞ്ഞു: പുല്ലാങ്കുഴൽ പാടാനുള്ളതാണ്… നിങ്ങൾ സുഷിരം അടച്ചത് ശരിയായില്ല… ഓരോന്നിനും അതിന്റേതായ “ധർമം നിറവേറ്റാനുണ്ട്”…സ്വർണ്ണം അടർത്തിമാറ്റി അദ്ദേഹം ആ പുല്ലാങ്കുഴലിലൂടെ പാടി… ജനം നിർവൃതി കൊണ്ടു…!

കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഗ്രാമത്തിലുണ്ടായ മാറ്റം അദ്ദേഹം ചുറ്റിനടന്നു കണ്ടു. ഇതിനകം, ആൽമരത്തിനും സ്വർണം പൊതിഞ്ഞ പുല്ലാങ്കുഴലിനും ഒരു ദിവ്യപരിവേഷം കൈവന്നിരുന്നു. ഒരു തീർത്ഥാടന കേന്ദ്രത്തിന്റെ ചുറ്റുപാടുകൾ!!! ആ ദിവസങ്ങളിൽ ഏറിയ സമയവും അദ്ദേഹം മൗനത്തിലായിരുന്നു. മൂന്നു നാൾ കഴിഞ്ഞ് അദ്ദേഹം ഒരു സത്യം ഗ്രഹിച്ചു; താനീ പുല്ലാങ്കുഴൽ വായിക്കുവാൻ ആരെയും പഠിപ്പിച്ചില്ല. അദ്ദേഹം ശിഷ്യന്മാരുടെ ആവശ്യകതയെക്കുറിച്ച് ബോധവാനായി. കടപ്പുറത്തും കടയിൽനിന്നുമായി ചിലരെ തെരഞ്ഞെടുത്തു… അവർ അദ്ദേഹത്തോട് വസിക്കാൻ ആഗ്രഹിച്ച് കൂടെ നടന്നു. ഇപ്പോൾ ശിഷ്യന്മാർക്കും പുല്ലാങ്കുഴൽ വായിക്കാനറിയാം…അങ്ങനെ അദ്ദേഹം “ഗുരു”വായി.

രാത്രിമുഴുവൻ അധ്വാനിച്ചിട്ട്… മീൻ കിട്ടാതെ ശരീരവും മനസ്സും തളർന്നവരോട് വലതുവശത്തേക്ക് വലവീശാൻ പറഞ്ഞു… ഗുരുവിന്റെ ശൈലി ശിഷ്യന്മാർക്ക് പിടികിട്ടി… കാലത്തിന്റെ അടയാളങ്ങൾ വായിച്ചെടുക്കാൻ… പുല്ലാങ്കുഴൽ നിരന്തരം വായിക്കണം… ചില ശിഷ്യന്മാർക്ക് പുല്ലാംകുഴലിന്റെ സുഷിരം അടച്ചു സൂക്ഷിക്കാനുള്ള ആഗ്രഹം ഉണ്ടായിതുടങ്ങി… ഗുരു അസ്വസ്ഥനായി…! അവർക്ക് വിഗ്രഹങ്ങളാണ് ആവശ്യം… ചൈതന്യം ചോർന്നുപോയ വിഗ്രഹങ്ങൾ…!

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker