പൈതലാം യേശുവിന് താരാട്ടെഴുതിയ കരങ്ങള്‍ ഇവിടെയുണ്ട്..
പൈതലാം യേശുവിന് താരാട്ടെഴുതിയ കരങ്ങള്‍ ഇവിടെയുണ്ട്..
അനില്‍ ജോസഫ്
പൈതലാം യേശുവിന്റെ ഗാന രചയിതാവ് ഫാ.ജോസഫ് പാറാങ്കുഴി 33 വര്‍ഷങ്ങള്‍ക്കിപ്പുറം മനസ് തുറക്കുന്നു
നെയ്യാറ്റിന്‍കര; ക്രിസ്‌തീയ സംഗീത ശാഖയില്‍ ഏറ്റവും പ്രിയങ്കരവും ക്രിസ്‌മസ് കാലത്തെ ഏറെ ജനപ്രിയവുമായ പൈതലാം യേശുവേ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിട്ട് 33 കൊല്ലങ്ങള്‍ പിന്നിടുന്നെങ്കിലും ഗാനത്തിന്റെ രചയിതാവിനെ ശ്രേതാക്കള്‍ക്കോ സംഗീത പ്രേമികള്‍ക്കോ അത്ര സുപരിചിതമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ വൈദികനും ആര്യനാട് പറണ്ടോട് പരിശുദ്ധ മറിയം ദേവാലയത്തിലെ ഇടവവികാരിയുമായ ഫാ.ജോസഫ് പാറാങ്കുഴിയാണ് പൈതലാം യേശുവേ എന്ന ഗാനത്തിന്റെ രചനയിതാവ്.
1984 ല്‍ തരംഗണി മ്യൂസിക്‌സിന് വേണ്ടി ഫാ.ജസ്റ്റിന്‍ പനക്കല്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച സ്‌നേഹപ്രവാഹം എന്ന സൂപ്പര്‍ഹിറ്റ് കാസറ്റിലാണ് അന്ന് ആലുവ കാര്‍മ്മല്‍ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ വൈദിക വിദ്യാര്‍ഥിയായിരുന്ന ഫാ.ജോസഫ് പാറാംങ്കുഴി 4 ഗാനങ്ങള്‍ രചിച്ചുകൊണ്ട് ആദ്യമായി ക്രിസ്‌തീയ സംഗീത ശാഖയിലേക്ക് കടന്നുവരുന്നത്. സ്‌നേഹപ്രവാഹത്തെ ജനപ്രിയമാക്കിയ പൈതലാം യേശുവേ എന്ന ഗാനം സൂപ്പര്‍ഗിറ്റായെങ്കിലും ഇന്നും ഗാനരചയിതാവായ ഫാ.ജോസഫ് പാറാങ്കുഴി പിന്നണിയില്‍ തന്നെ തുടരുകയാണ്.
കെ എസ് ചിത്ര പാടിയ പൈതലാം യേശുവേ ഉള്‍പ്പെടെ 4 ഗാനങ്ങളാണ് സ്‌നേഹപ്രവാഹത്തിന് വേണ്ടി അച്ചന്‍ എഴുതിയത് മറ്റ് 3 ഗാനങ്ങളും ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് പാടിയത് ഇതില്‍ ദൈവം പിറക്കുന്നു മനുഷ്യനായ് ബേത്‌ലഹേമില്‍ എന്ന ഗാനം ഇന്നും ക്രിസ്‌മസ് കാലത്ത് കരോള്‍ സംഘങ്ങളുടെ പ്രയപ്പെട്ട ഗാനമാണ് . സ്‌നേഹപ്രവാഹത്തിന് വേണ്ടി സംഗീത സംവിധായകനായ ഫാ.ജസ്റ്റിന്‍ പനക്കല്‍ 260 ഗാനങ്ങള്‍ വിവിധ തലങ്ങളില്‍ നിന്ന് ശേഖരിച്ച ശേഷം 12 പാട്ടുകളാണ് തെരെഞ്ഞെടുത്തതെങ്കിലും 4 ഗാനങ്ങള്‍ ഫാ.ജോസഫ് പാറാംകുഴിയുടേതായി കാസറ്റില്‍ ഉള്‍പ്പെടുത്തി .
കാസറ്റിലേക്ക് ഉണ്ണിയേശുവിനെക്കുറിച്ച് ഒരു താരാട്ട് പാട്ട് ഉള്‍പ്പെടുത്താനുളള തീരുമാനത്തലിന്റെ അടിസ്‌ഥാനത്തില്‍ ചില പാട്ടുകള്‍ ആദ്യം തെരെഞ്ഞെടുത്തെങ്കിലും സംഗീത സംവിധായകന് തൃപ്‌തിവരാത്തതിനാല്‍ റെക്കോഡിംഗിന് മണിക്കുറുകള്‍ക്ക് മുമ്പ് ഫാ.ജോസഫ് പാറാംങ്കുഴിയോട് താരാട്ട് പാട്ട് എഴുതാന്‍ ആവശ്യപ്പെടുകയും അരമണിക്കൂറിനുളളില്‍ എഴുതിയ 3 താരാട്ടുപാട്ടുകളില്‍ മൂന്നാമതായി എഴുതിയ പൈതലാം യേശുവേ തെരെഞ്ഞെടുക്കുകയുമായിരുന്നു. സ്‌നേഹപ്രവാഹം സൂപ്പര്‍ഹിറ്റ് ആയതോടെ യേശുദാസിന്റെ ആവശ്യപ്രകാരം 1985 ല്‍ ഇറങ്ങിയ സ്‌നേഹസന്ദേശത്തിലും ഫാ.ജോസഫ് പാറാങ്കുഴി 4 ഗാനങ്ങള്‍ എഴുതി . സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ രചയിതാവായിട്ടും നെയ്യാറ്റിന്‍കര രൂപതയിലെ ഒരു വൈദികനെന്ന നിലയില്‍ ഒതുങ്ങി കൂടുന്ന അച്ചന്‍ ക്രിസ്‌തീയ സംഗീത ശാഖക്ക് പതിനായിരത്തിലധികം ഗാനങ്ങള്‍ സംഭാവന ചെയ്തു കഴിഞ്ഞു.
ചെറുതും വലുതുമായി രണ്ടായിരത്തിലധികം കാസറ്റുകള്‍ക്ക് ഗാനങ്ങള്‍ രചിച്ചു നല്‍കിയ ഫാ.പാറാംങ്കുഴി നാളിതുവരെയും പ്രതിഫലമായി ആരുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നതാണ് സത്യം . ആദ്യ രചനക്ക് പ്രതിഫലവുമായി സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പനക്കല്‍ സമീപിച്ചെങ്കിലും സ്‌നേഹപൂര്‍വ്വം പ്രതിഫലം നിരസിച്ചതിനെ തുടര്‍ന്ന് സ്‌നേഹപ്രവാഹത്തിന്റെ 25 കാസറ്റുകള്‍ പാറാങ്കുഴിക്ക് നിര്‍ബന്ധിച്ച് നല്‍കി.
ലത്തീന്‍ ആരാധനാ സംഗീതത്തിന് നിരവധി ഗാനങ്ങള്‍ സംഭാവന ചെയ്ത അച്ചന്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യത്തിന്റെയും നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവലിന്റെയും മെത്രാഭിഷേകത്തിന്‌കൈവയ്‌പ്പ് ശുശ്രൂഷ ഗാനം രചിച്ച് ശ്രദ്ധ നേടി . ലത്തീന്‍ ദിവ്യബലിയിലെ അന്‍പാര്‍ന്ന സ്‌നേഹമെന്ന് തുടങ്ങുന്ന ഓ.വി.ആര്‍ ചിട്ടപ്പെടുത്തിയ അനുതാപ ഗാനം ഏറെ ശ്രദ്ധനേടിയ ഗാനമാണ് . ബൈബിളിലെ സങ്കീര്‍ത്തനങ്ങള്‍ എല്ലാം ഗാന രൂപത്തിലാക്കിയ അച്ചന്‍ ഒരു ദിവസം ഒരുഗാനമെന്ന നിലയില്‍ എഴുതികൊണ്ടേ ഇരിക്കുന്നു. പല വേദികളിലും പൈതലാം യേശുവിന്റെ രചയിതായിന്റെ പേര് തെറ്റായി അവതാരകര്‍ അനൗണ്‍സ് ചെയ്തിട്ടുണ്ടെങ്കിലും അച്ചന്‍ നാളിതുവരെയും ആരെയും വിഷമം അറിയിച്ചിട്ടില്ല. കാട്ടാക്കട കട്ടയ്‌ക്കേടിന് സമീപം പാറാങ്കുഴി വീട്ടില്‍ ജ്ഞാനമുത്തന്‍ തങ്കമ്മ ദമ്പതികളുടെ 7 മക്കളില്‍ 5ം മനായാണ് ഫാ.ജോസഫ് പാറാംങ്കുഴി ജനിച്ചത്.