പുല്‍കൂട്ടിലെ ഉണ്ണി ഈശോയെ കാണാന്‍ രാഷ്ട്രപതി എത്തി
ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ആനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു.
അനില്‍ ജോസഫ്
ന്യൂ ഡല്‍ഹി : ക്രിസ്മസ് അഘോഷത്തില്‍ പങ്കെടുത്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ സേക്രട് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിച്ചാണ് രാഷ്ട്രപതി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്തത്.
ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് ആനില്‍ കൂട്ടോയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. പുല്‍ക്കൂടുള്‍പ്പെടെയുളള അലങ്കാരങ്ങള്‍ വീക്ഷിച്ച് രാഷ്ട്രപതി കുട്ടികളുടെ കാരള്‍ ഗാനാലാപവും ആസ്വദിച്ചു. പുല്‍ക്കൂടിന് മുന്നില്‍ മെഴുകുതിരി തെളിച്ച് എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ അറിയിച്ചാണ് രാഷ്ട്രപതി മടങ്ങിയത്.
കുട്ടികള്‍ക്കായി ക്രിസ്മസ് സമ്മാനങ്ങളും രാഷ്ട്രപതി കരുതിയിരുന്നു.
ക്രിസ്മസിനോട് അനുബന്ധിച്ച് പ്രസിഡന്‍റ് ഔദ്യോഗിക വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ രാഷ്ട്രപതി ലോകരക്ഷകനായ ക്രിസ്തുവിനെ പ്രത്യേകം അനുസ്മരിച്ചിട്ടുണ്ട്. ഈ ക്രിസ്തുമസ്ദിനത്തില്‍ നമുക്ക് യേശുക്രിസ്തു നല്‍കിയ ദയയുടെയും സാഹോദര്യത്തിന്‍റെയും സന്ദേശം ഓര്‍ക്കാമെന്നും യേശുവിന്‍റെ ദൈവിക പ്രബോധനങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കുമെന്ന് പ്രതിജ്ഞയെടുക്കണമെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.