Kerala

പുറംകടലിൽ മരിച്ച രാജുമോൻ എന്ന മൽസ്യത്തൊഴിലാളിയുടെ മൃതദേഹം മഹാരാഷ്ട്ര തീരത്തെത്തിച്ചു

പുറംകടലിൽ മരിച്ച രാജുമോൻ എന്ന മൽസ്യത്തൊഴിലാളിയുടെ മൃതദേഹം മഹാരാഷ്ട്ര തീരത്തെത്തിച്ചു

തിരുവനന്തപുരം : മൽസ്യബന്ധനത്തിനിടെ പുറം കടലിൽ മരിച്ച കൊച്ചുതുറ സ്വദേശി രാജുമോന്‍റെ  മൃതദേഹം ആംബുലൻസിൽ നാട്ടിലെത്തിക്കാൻ ധാരണയായി. നാട്ടുകാർ നീണ്ട 10 മണിക്കൂർ റോഡ് ഉപരോധിച്ചതിന്റെ അടിസ്ഥനത്തിലാണു നടപടി. നാളെ വൈകിട്ടോ അതല്ലെങ്കിൽ തൊട്ടടുത്ത ദിവസം രാവിലെയോ സംസ്ക്കാരം നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. പൂവാറിനു സമീപം കൊച്ചുതുറ അടുമ്പു തെക്കേക്കരയിൽ രാജുമോൻ (38) ആണു മരിച്ചത്.

കലക്ടർ വാസുകിയുമായി നടത്തിയ ചർച്ചയിലാണു മൃതദേഹം റോഡ് മാർഗം നാട്ടിലെത്തിക്കാൻ തീരുമാനമായത്. ഇതേ തുടർന്നു രാജുവിന്റെ മൃതദേഹം മഹാരാഷ്ട്രയിലെ രത്നഗിരി തുറമുഖത്ത് എത്തിക്കുകയും രാത്രിയോടെ അവിടെ നിന്നും ഗവ. ആശുപത്രി മോർച്ചറിയിലേക്കു മാറ്റുകയും ചെയ്തു. രാജുവിനൊപ്പം മൽസ്യബന്ധനത്തിനു പോയ കൊച്ചുതുറ സ്വദേശികളായ ഡിക്സൺ, സേവ്യർ, ജറോം എന്നിവർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്നു പോസ്റ്റുമോർട്ടം നടത്തിയ ശേഷം അവർ മൃതദേഹവുമായി നാട്ടിലേക്കു തിരിക്കും.

രാജുവിന്റെ മരണം വീട്ടുകാർ അറിഞ്ഞപ്പോൾ തന്നെ, ഫിഷറീസ് മന്ത്രി, വകുപ്പു ഡെപ്യൂട്ടി ഡയറക്ടർ, കലക്ടർ തുടങ്ങിയവരെ ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യർഥിച്ചിരുന്നു. എന്നാൽ, സർക്കാർ സംവിധാനങ്ങൾ ഇതിനു വേണ്ടി ഉപയോഗിക്കാൻ കഴിയില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. ഇതേ തുടർന്നാണ് തങ്ങൾ റോഡ് ഉപരോധം നടത്താൻ നിർബന്ധിതരായതെന്നു നാട്ടുകാർ പറയുന്നു.

തിരക്കേറിയ വിഴിഞ്ഞം – പൂവാർ റോഡിൽ കൊച്ചുതുറയിലായിരുന്നു വാഹനങ്ങൾ തടഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും സ്തംഭിച്ചു. കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ പ്രതിഷേധക്കാർ തടഞ്ഞു. ഇതിനിടെ പലതവണ കലക്ടർ ഉൾപ്പടെയുള്ളവരെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും ആരും ചർച്ചയ്ക്കു തയാറായില്ലത്രേ. പിന്നീട് വൈകിട്ടോടെയാണു ചർച്ച നടന്നതും തീരുമാനമായതും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker