Public Opinion

പുരോഹിതരെ ആവശ്യമുണ്ട് …

പുരോഹിതരെ ആവശ്യമുണ്ട് ...

ജോസ് മാർട്ടിൻ

കത്തോലിക്കാ സഭയില്‍ പുരോഹിതന്മാരെ നിയമിക്കുന്നത്, അതാത് രൂപതകളിലെ മെത്രാന്മാരാണ്. അവര്‍ നിര്‍ദേശിക്കുന്ന പള്ളികളില്‍ വൈദികര്‍ സേവനമനുഷ്ഠിക്കുന്ന പാരമ്പര്യമാണ് ലോകത്തെമ്പാടുമുള്ള കത്തോലിക്കാ സഭയില്‍ ഉള്ളത്. എന്നാൽ, അതിനു വിരുദ്ധമായി ഒരു പള്ളി കമ്മറ്റിക്കാര്‍ പത്ര പരസ്യത്തിലൂടെ പുരോഹിതരെ തേടുന്നു, അതും കേരളത്തില്‍.

വിചിത്രമായ ഈ പരസ്യത്തിന്‍റെ നിജസ്ഥിതി അറിയാന്‍ ഇറങ്ങി തിരിച്ചപ്പോള്‍, ചെന്നുനിന്നത് നെയ്യാറ്റിൻകര രൂപതയുടെ കീഴിലുള്ള ബാലരാമപുരം വിശുദ്ധ സെബസ്ത്യാനോസിന്‍റെ നാമധേയത്തിലുള്ള തീർത്ഥാടന ദേവാലയ മുറ്റത്താണ്. കണ്ടെത്താന്‍ കഴിഞ്ഞതോ, സഭാ നിയമങ്ങള്‍ക്കും കാനോന്‍ നിയമങ്ങള്‍ക്കും വിപരീതമായി, സ്വന്തം താല്‍പ്പര്യങ്ങള്‍ നിലനിറുത്താന്‍ വേണ്ടി ‘പള്ളി കമ്മറ്റികാര്‍’ എന്ന പേരില്‍ കുറച്ചുപേര്‍, ‘നൂലിഴകളില്‍ ജീവിതം നെയ്‌തെടുക്കുന്ന’ ബാലരാമപുരത്തെ ഒരുകൂട്ടം നിഷ്കളങ്കരായ കത്തോലിക്കാ വിശ്വാസികളെ, കേരള കത്തോലിക്കാ സഭാ ചരിത്രത്തിൽ എന്നല്ല ലോക കത്തോലിക്കാ സഭാ ചരിത്രത്തിൽ ഇന്നുവരെ കേട്ടുകേൾവിപോലുമില്ലാത്ത ‘ഊരുകൂട്ടം’ എന്ന പേരില്‍ നിയന്ത്രിച്ച് മുന്നോട്ട് കൊണ്ടുപോകുന്നു. ഒരുപക്ഷെ, ‘നിയന്ത്രിച്ച്’ എന്നതിനേക്കാൾ ‘ഭീക്ഷണിപ്പെടുത്തി’ മുന്നോട്ട് കൊണ്ടുപോകുന്നു എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.

ഒരു കത്തോലിക്കാ വിശ്വാസി, പരിശുദ്ധവും പരിപാവനവുമായി കാണുന്ന വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന തരത്തില്‍വരെ എത്തിനില്‍ക്കുന്നു അവിടത്തെ ആചാരങ്ങൾ. കത്തോലിക്കാ സഭ വര്‍ഷങ്ങള്‍ക്കു മുന്‍പ് കാനോന്‍ നിയമ പ്രകാരം വിശുദ്ധ കുർബാന അര്‍പ്പിക്കുന്നതില്‍ നിന്നു വിലക്കിയിട്ടുള്ളതും ഇപ്പോള്‍ കുടുംബജീവിതം നയിക്കുന്നതുമായ ഒരു വ്യക്തിയേയും, പരിശുദ്ധ സിംഹാസനത്തെ അംഗീകരിക്കാത്ത സഭയിൽപ്പെട്ട വ്യക്തികളെയും കൊണ്ടുവന്ന് ദിവ്യബലി അര്‍പ്പിക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്നു ബാലരാമപുരത്തെ വിശ്വാസ ജീവിതവും, വിശ്വാസ സംരക്ഷണവും.

പരിശുദ്ധ സിംഹാസനത്തെ അംഗീകരിക്കുന്ന 3 വ്യക്തിഗത സഭകൾ ആണ് കേരളത്തിലുള്ളത്.
1) ലത്തീൻ സഭ, 2) സീറോ മലബാർ സഭ, 3) മലങ്കര സഭ. ഈ റീത്തുകളിൽപ്പെട്ട ഒരു വൈദികന് തന്റെതല്ലാത്ത റീത്തിൽപ്പെട്ട ഒരു പള്ളിയിൽ പോയി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കണമെങ്കില്‍, ആ രൂപതയിലെ ബിഷപ്പിന്‍റെ പ്രത്യേക അനുവാദം വാങ്ങണം എന്നാണ് കാനോൻ നിയമം പറയുന്നത്. വിവാഹ ബന്ധങ്ങളില്‍ പോലും ഈ മൂന്നു റീത്തുകളിലുംപെടാത്ത ഇതര ക്രിസ്തീയ സഭകളില്‍ നിന്നും വധുവിനെയോ വരനെയോ സ്വീരിക്കുമ്പോള്‍ മാമോദീസ നിര്‍ബന്ധവുമാണ്.

കത്തോലിക്കാ നിയമവും വിശുദ്ധ ബൈബിളും പഠിപ്പിക്കുന്നതനുസരിച്ച്, മെല്‍ക്കിസദേക്കിന്‍റെ പിന്തുടര്‍ച്ചകാരായ പുരോഹിതര്‍ – ക്രിസ്തുവിന്റെ പ്രതിപുരുഷരായ പുരോഹിതർ, കര്‍ത്താവിന്‍റെ ശിഷ്യന്‍ മാരിലൂടെ – സഭാ പിതാക്കാന്മാരിലൂടെ, കൈവെയ്‌പ്പ് ശുശ്രൂഷവഴി സ്വീകരിക്കുന്നതാണ് കത്തോലിക്കാ സഭയിലെ പൗരോഹിത്യം. പുരോഹിതന്‍ ബലിഅര്‍പ്പണവേളയില്‍ തനിക്ക് ലഭ്യമായ ക്രിസ്തുപൗരോഹിത്യത്തിന്‍റെ ശക്തിയാലും കൃപയാലും, ഗോതമ്പ് അപ്പത്തെയു മുന്തിരിച്ചാറിനെയും, ക്രിസ്തുവിന്‍റെ തിരു ശരീര-രക്തങ്ങളായി പരിശുദ്ധാത്മാവിന്‍റെ അരൂപിയാല്‍ രൂപാന്തരപ്പെടുത്തുന്നു.

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ വാക്കുകൾ ഇങ്ങനെ: “കൈവെപ്പ് ശുശ്രൂഷ വഴി പൗരോഹിത്യം ലഭിക്കാത്ത മറ്റു ക്രിസ്തീയ സഭകളില്‍ വിതരണം ചെയ്യപ്പെടുന്ന അപ്പം സ്വീരിക്കരുത്, ഇത്തരം സഭാ സമൂഹങ്ങള്‍ നടത്തുന്ന കുര്‍ബാന തുടങ്ങിയവയില്‍ നിന്നും അകന്നു നില്‍ക്കണം” (ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ, ‘സഭയും വിശുദ്ധ കുര്‍ബാനയും’ ചാക്രിക ലേഖനത്തിൽ നിന്ന്).

കേരള കത്തോലിക്കാ സഭ വളരെയേറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഈ കാലഘട്ടത്തിൽ, കത്തോലിക്കാ സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികളുടെ പാഷണ്ടതകളുടെ കെണിയില്‍ നിന്നും വേര്‍പെട്ട്, കത്തോലിക്കാ പാരമ്പര്യത്തിലേക്കും സഭ പഠിപ്പിക്കുന്ന വിശ്വാസത്തിലേക്കും ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ഇടവക തിരിച്ചു വരണം.

കൂട്ടം തെറ്റിയ കുഞ്ഞാടുകളെ ആടുകളെ സ്നേഹത്തോടെ ചേര്‍ത്തുപിടിച്ച് നേര്‍വഴിക്ക് നടത്താന്‍ രൂപതാധ്യക്ഷന് സർവശക്തനായ തമ്പുരാന്‍ ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker