പുരോഹിതന്മാരും മനുഷ്യരാണ്
എല്ലാപേരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്: പുരോഹിതർ/വൈദീകർ നമ്മിൽ ഒരുവനാണ്...
ഡേവൊൺ
പൗരോഹിത്യത്തിലേക്കുള്ള ദൈവവിളിക്ക് ഉത്തരം നൽകാൻ ദൈവം ഒരു പ്രത്യേക മനുഷ്യനെ തെരഞ്ഞെടുക്കുന്നു. പദവിയും, ആനന്ദവും, ഭോഗാസക്തിയും ആകർഷകമാക്കുന്ന ഈ ലോകത്ത് ധൈര്യത്തോടും, സമർപ്പണ മനോഭാവത്തോടും, ആത്മത്യാഗത്തോടും കൂടെ അപരന്റെ നന്മയ്ക്കായി ബ്രഹ്മചര്യവും ദാരിദ്രവും അനുസരണവും വാഗ്ദാനം ചെയ്തു ജീവിക്കുക അത്ര എളുപ്പമല്ല.
സഭയിലെ പുരോഹിതരെ ചിലർ വിശുദ്ധരായും മറ്റുചിലർ വിഡ്ഢികളായും ഒക്കെ കരുതുന്നുണ്ടെങ്കിൽപോലും അവരിലെ മാനവികത മറ്റുള്ളവർക്ക് പൂർണ്ണമായും തിരിച്ചറിയാൻ കഴിയുന്നില്ല എന്നാണ് കാണുന്നത്. സഭാ വിശ്വാസികളും അവിശ്വാസികളും ഒരുപോലെ പുരോഹിതന്മാരെ ഒന്നുകിൽ ഉയർന്ന ഒരു നിലവാരത്തിലേക്ക് ഉയർത്തിപ്പിടിക്കുന്നു, അല്ലെങ്കിൽ തങ്ങളുടെ പോരായ്മകൾക്കിടയിലും സത്യം സംസാരിച്ചതിന്, പ്രതികരിച്ചതിന് കാപട്യക്കാരായി നിരൂപീകരിക്കുന്നു.
എല്ലാപേരും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്: പുരോഹിതർ/വൈദീകർ നമ്മിൽ ഒരുവനാണ്.
അവർക്ക് ശക്തിയും ബലഹീനതയുമുണ്ട്
പുരോഹിതന്മാർ റോബോട്ടുകളല്ല, അവർ പുരുഷൻമാരാണ്. സെമിനാരി പഠനശേഷവും, വ്രതവാഗ്ദാനശേഷവും, പൗരോഹിത്യ സ്വീകരണശേഷവും ശക്തിയും ബലഹീനതകളുമുള്ള മനുഷ്യർ തന്നെയാണ്. “അവൻ മിടുക്കനായിരുന്നു, അവന് മറ്റെന്തെങ്കിലും ആകാമായിരുന്നു, എന്നിട്ടും അവൻ പൗരോഹിത്യം തിരഞ്ഞെടുത്തു” എന്ന് മറ്റുള്ളവർ പറഞ്ഞു കേൾക്കുമ്പോൾ ഞാൻ അമ്പരന്നിട്ടുണ്ട്.
പൗരോഹിത്യം ജയിൽ ശിക്ഷാവിധിയുടെ കാലയളവല്ല. ഒരു ഭർത്താവോ, പിതാവോ, വിദ്യാർത്ഥിയോ, ജീവനക്കാരനോ ആയി സമൂഹത്തിൽ അനുയോജ്യമായ നിലയിൽ ജീവിക്കാത്തതിന് വിധിക്കപ്പെട്ട ശിക്ഷയും അല്ല. ദൈവജനമായ നമ്മൾ പുരോഹിതരെ പ്രതി സന്തോഷിക്കണം – അവരുടെ ബുദ്ധിയും കഴിവുകളും തൊഴിൽ നൈതികതയും മറ്റ് പ്രത്യേകതകളും നമുക്കായി ഒഴിഞ്ഞുവച്ചതിന്. എന്തെന്നാൽ പൗരോഹിത്യത്തിലൂടെ അവർ അതിവിശിഷ്ടവും ശ്രേഷ്‌ഠവുമായ രീതിയിൽ ദൈവകൃപയെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്.
അവർ തെറ്റുകൾ വരുത്തും
പുരോഹിതർ ഒരിക്കലും തെറ്റു പറ്റാത്തവർ (infallible) അല്ല. പൂർണ്ണരും അല്ല. ദൈവവും അല്ല. ചെറുതും വലുതുമായ തെറ്റുകൾ പുരോഹിതരിൽ നിന്ന് സംഭവിക്കുമ്പോൾ ഇതു നാം ഓർക്കണം. മനുഷ്യരായ അവർ, ദൈവത്തെയും മനുഷ്യരെയും സേവിക്കുന്ന ഒരു പൊതുസ്ഥാനത്തായിരുന്നുകൊണ്ട്, ഒരുപക്ഷെ എല്ലാവരാലും അംഗീകരിക്കപ്പെടാത്തതും, സ്വീകരിക്കപ്പെടാത്തതും, ഇഷ്ടപ്പെടാത്തതുമായ കാര്യങ്ങൾ ചെയ്യുമ്പോൾ ഒറ്റപ്പെടുത്തുകയും, കുറ്റപ്പെടുത്തുകയും, ഒഴിവാക്കുകയുമല്ല വേണ്ടത്. മറിച്ച്, അവരെ സഹായിക്കുക; അവർ നിങ്ങളെ നിരാശപ്പെടുത്തുമ്പോൾ അവരോട് ക്ഷമിക്കുക, മുന്നോട്ടുപോവുക.
അതുപോലെതന്നെ, നമ്മൾ കൂടുതൽ ഇഷ്‌ടപ്പെടുന്ന പുരോഹിതരെ മാത്രം ദൈവീകമായ ഉയർന്ന നിലയിൽ പ്രതിഷ്‌ടിക്കുകയും, ആ വൈദികരെ കൂടുതൽ സ്നേഹിക്കുകയും, അംഗീകരിക്കുകയും, അവരുടെ വാക്കുകൾ ദൈവവചനങ്ങളായി കരുതി മുന്നോട്ട് പോകുന്ന പ്രവണതയും നല്ലതല്ല. മറിച്ച്, പുരോഹിതർ/വൈദീകർ ദൈവദാസന്മാർ ആകുന്നു എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്.
അവർക്കു വേണ്ടത് നമ്മുടെ പ്രാർത്ഥനയാണ്
എല്ലാറ്റിനുമൊടുവിൽ, പുരോഹിതരും നമ്മളിൽ ഒരാളായി സ്വർഗ്ഗത്തിലേക്കുള്ള യാത്രയിലാണ്. എന്നാൽ നമ്മളെപ്പോലെയല്ല. ഒരു ഭാര്യയായി, അമ്മയായി, ഒരു ഭർത്താവായി, അച്ഛനായി ഞാൻ ജീവിക്കുമ്പോൾ സൂക്ഷ്മദർശിനികളുടെ സൂഷ്മ പരിശോധനയ്ക്ക്, വിമർശനത്തിന് പൊതുവെ നമ്മൾ വിധേയമാക്കപ്പെടുന്നില്ല. എന്നാൽ പുരോഹിതരുടെ ജീവിതം തുറന്നു വയ്ക്കപ്പെട്ട ഒന്നായതിനാൽ, ഇന്ന് മറ്റേതു കാലത്തേക്കാളും കൂടുതലായി വിശ്വാസികളാലും അവിശ്വാസികളാലും അവർ വിമർശിക്കപ്പെടുന്നു.
പുരോഹിതർക്ക് നമ്മുടെ പ്രാർത്ഥന വേണം. നല്ലവരും, നല്ലത് കണ്ടെത്താൻ പാടുപെടുന്നവരുമായ നമ്മുടെ പ്രാർത്ഥന അത്യാവശ്യമാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന എണ്ണമറ്റ കർത്തവ്യങ്ങൾ ദിവസേന ചെയ്തുകൊണ്ട്, ആശുപത്രി സന്ദർശനങ്ങളും, ഭവന സന്ദർശനങ്ങളും, വിദ്യാഭ്യാസ തുടർപരിപാടികളും, ഒക്കെ ചെയ്യുമ്പോഴും തങ്ങളുടെ അത്യുന്നത കർത്തവ്യമായ കുർബാന അർപ്പണവും കുമ്പസാരവും തുടങ്ങിയ കൂദാശാ പാരികർമ്മങ്ങളിലും ഇടവക ശുശ്രൂഷയിലും വ്യാപൃതരായിരിക്കുന്ന പുരോഹിതർക്കായി നാം പ്രാർത്ഥിക്കണം. വളരെ കുറച്ചുമാത്രം വരുമാനം ലഭിച്ചിട്ടും, ഒരാൾ ഇപ്രകാരമൊരു നിസ്വാർത്ഥ ജീവിതം തെരഞ്ഞെടുക്കുന്നത്, ദൈവവിളിക്കായി വിട്ടുകൊടുക്കുന്നത് അതിശയം തന്നെയാണ്.
ഓർക്കുക…
പരിഹാസവും, നന്ദികേടും, അവഗണനയും ലോകത്തിൽനിന്നു ലഭിക്കും എന്നറിഞ്ഞിട്ടും, ‘ക്രിസ്തുവിനെ തന്റെ ജനങ്ങളിലേക്ക് കൊണ്ടുവരിക, തന്റെ ജനത്തെ ക്രിസ്തുവിലേയ്ക്ക് അടുപ്പിക്കുക’ എന്ന ഏറ്റവും പ്രധാനപ്പെട്ട ജോലി ഏറ്റെടുക്കാൻ ലോകമെമ്പാടുമുള്ള പുരുഷന്മാരെ എന്തോ ഒന്ന് എപ്പോഴും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. അക്കാരണത്താൽ തന്നെ, അവർക്കായി പ്രാർത്ഥിക്കാൻ നാം കടപ്പെട്ടിരിക്കുന്നു.
വിവർത്തനം: ഫാ.ഷെറിൻ ഡൊമിനിക്