പുനലൂർ രൂപത 2020 – 23 വർഷത്തിലേക്കുള്ള അജപാലന സമിതിയ്ക്ക് രൂപം കൊടുത്തു
അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്...
സ്വന്തം ലേഖകൻ
പുനലൂർ: പുനലൂർ രൂപത 2020 – 23 കാലയളവിലേക്കുള്ള അജപാലന സമിതിയ്ക്ക് രൂപം കൊടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഇന്ന് പുനലൂർ ബിഷപ്പ്സ് ഹൗസിൽ ചേർന്ന രൂപതാ അജപാലന സമിതി യോഗമാണ് അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
“പാർശ്വവൽകൃത സമൂഹത്തിന്റെ പുരോഗതി” എന്ന വിഷയത്തെ ആസ്പദമാക്കി സഭാ പ്രവർത്തനങ്ങളിൽ യേശു ക്രിസ്തുവിന്റെ കരുണയുടെ മുഖം പ്രദർശിപ്പിക്കുന്ന സഭയുടെ വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച് അഭിവന്ദ്യ രൂപതാ മെത്രാൻ റൈറ്റ്.റവ.ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ വിശദീകരിച്ചു. ജുഡീഷ്യൽ വികാരി റവ.ഡോ.ക്രിസ്റ്റി ജോസഫ് തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം കൊടുത്തു. മോൺ.ജൂഡ് തദ്ദേവൂസ് കഴിഞ്ഞ മൂന്ന് വർഷക്കാലത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
തുടർന്നുനടന്ന തെരഞ്ഞെടുപ്പിൽ രൂപതാ അജപാലന സമിതിയുടെ വൈസ് പ്രസിഡന്റായി ശ്രീ.ബേബി ജി. ഭാഗ്യോദയത്തെയും; സെക്രട്ടറിയായി ഫാ.ക്രിസ്റ്റി ജോസഫിനെയും; ജോയിന്റ് സെക്രട്ടറിയമാരായി ടൈറ്റസ് ലുക്കോസ്, ഡെയ്സി ഡേവിഡ് എന്നിവരെയും; എക്സിക്യൂട്ടീവ് അംഗങ്ങളായി ക്രിസ്റ്റഫർ പത്തനാപുരം, ചെറുപുഷ്പം ഷിബു എന്നിവരെയും തിരഞ്ഞെടുത്തു. കൂടാതെ, K.C.C, K.R.L.C.C പ്രതിനിധികളെയും തിരഞ്ഞെടുത്തുവെന്ന് പുനലൂർ രൂപതാ മീഡിയ കമ്മീഷൻ ഓഫീസ് അറിയിച്ചു.