പുനലൂർ രൂപതാതല സിനഡ് നാളെ ആരംഭിക്കുന്നു
സിനഡിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങളും പഠനശിബിരങ്ങളും...
സ്വന്തം ലേഖകൻ
പുനലൂർ: ആഗോള കത്തോലിക്കാ സഭയിൽ ഒക്ടോബർ 2021 മുതൽ 2023 ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന സാധാരണ സിനഡിന്റെ ഭാഗമായി നടത്തുന്ന രൂപതാതല സിനഡിന് പുനലൂർ രൂപതയിൽ നാളെ (17/10/2021) ഞായറാഴ്ച്ച തുടക്കം കുറിക്കും. രൂപതാതല സിനഡിന്റെ ഉദ്ഘാടനം പുനലൂർ രൂപത മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ വച്ച് വൈകുന്നേരം 4 മണിക്ക് നിർവഹിക്കും.
രൂപതയിലെ വൈദികർ, സന്യസ്തർ, അജപാലനസമിതി അംഗങ്ങൾ, യുവജനങ്ങൾ, അല്മായപ്രതിനിധികൾ എന്നിവർ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുകർമ്മങ്ങളിലും ഉത്‌ഘാടന പരിപാടികളിലും പങ്കെടുക്കും. സിനഡാത്മാക സഭയിൽ സ്നേഹത്തോടും ഐക്യത്തോടും ഒരുമിച്ച് യാത്ര ചെയ്യാൻ സഭ ആഹ്വാനം ചെയ്യുന്ന സിനഡിൽ എല്ലാവരെയും ശ്രവിച്ചുകൊണ്ട് കൂട്ടായ്മയിലും പങ്കാളിത്തമനോഭാവത്തോടും കൂടെ ദൗത്യം നിർവഹിക്കുവാൻ എല്ലാവർക്കും കഴിയട്ടെയെന്ന് സഭ പഠിപ്പിക്കുകയാണ്.
സിനഡിന്റെ ഭാഗമായി ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പ്രവർത്തനങ്ങളും പഠനശിബിരങ്ങളും രൂപത, ഫൊറോനാ, ഇടവക തലങ്ങളിൽ നടക്കുമെന്ന് പി.ആർ.ഒ. റവ.ഡോ.ക്രിസ്റ്റി ജോസഫ് അറിയിച്ചു.