ദാനിയേൽ – 7:9-10,13-14 മാര്‍ക്കോസ് – 9:2-10
“ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവന്റെ വാക്കു ശ്രവിക്കുവിന്‍”.
ദൈവത്തിന്റെ സ്നേഹം അവിടത്തെ പുത്രനെ അയച്ചുകൊണ്ടു നമുക്ക് വെളിപ്പെടുത്തിത്തന്നു. സ്നേഹപിതാവായ ദൈവം നമ്മോട് പറയുകയാണ്, കർത്താവായ ക്രിസ്തുനാഥൻ എന്റെ പ്രിയപുത്രനാണെന്നും അവന്റെ വാക്ക് ശ്രവിക്കണമെന്നും. നമ്മോടുള്ള ഒരു ഉപദേശം കൂടിയാണത്. പിതാവിന്റെ ദൗത്യം തന്റെ ജീവിതത്തിലൂടെ നിറവേറ്റികൊണ്ട് പിതാവിനെ അനുസരിച്ചവന്റെ വാക്ക് ശ്രവിക്കണം.
സ്നേഹമുള്ളവരെ, ദൈവത്തിന്റെ പ്രിയപുത്രനും നമ്മുടെ നാഥനുമായ ക്രിസ്തുവിന്റെ വാക്ക് ശ്രവിക്കണം. ക്രിസ്തുവിന്റെ വാക്ക് നാം ശ്രവിക്കുമ്പോൾ നന്മയുടെ പാതയിൽ ചരിക്കുവാനായി സാധിക്കും. നന്മയുടെ പാത സ്വീകരിക്കുമ്പോൾ ദൈവാനുഗ്രഹം നമ്മുടെ ജീവിതത്തിൽ നിർഗ്ഗളിക്കും.
കർത്താവായ ക്രിസ്തുവിനെ ശ്രവിക്കാൻ നാം നമ്മുടെ കാതുകളെ തുറക്കുകയും, നമ്മുടെ ഹൃദയങ്ങളെ ഒരുക്കുകയും ചെയ്യുന്നുണ്ടോയെന്നു നാം പരിശോധിക്കേണ്ടതുണ്ട്. എത്രത്തോളം കർത്താവിന്റെ വാക്ക് നാം ശ്രവിക്കുകയും അവ ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നുണ്ടോ, അത്രത്തോളം ദൈവാനുഗ്രഹം ജീവിതത്തിൽ ഉണ്ടാകും എന്ന് സാരം.
ലോകസുഖങ്ങൾ കൊണ്ട് ഹൃദയം നിറക്കുമ്പോൾ കർത്താവിന്റെ വാക്ക് ശ്രവിക്കാനായി നമുക്ക് സാധിക്കുകയില്ല. ഈ യാഥാർഥ്യം മനസിലാക്കി, നമുക്ക് നമ്മുടെ ഹൃദയത്തെ ഒരുക്കി അവിടത്തെ സ്വരം ശ്രവിക്കാനായി പരിശ്രമിക്കാം.
സ്നേഹനാഥ, ഹൃദയശുദ്ധിയോടെ അങ്ങേ സ്വരം ശ്രവിക്കാൻ നമ്മെ അനുഗ്രഹിക്കണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.