പുതിയ ആകാശവും പുതിയ ഭൂമിയും സ്നേഹത്തിന്റെ പുതിയ പ്രമാണവും

പെസഹാകാലം അഞ്ചാം ഞായർ
ഒന്നാം വായന – അപ്പോ.പ്രവ.14:21-27
രണ്ടാം വായന – വെളിപാട് 21:1-5
സുവിശേഷം – വി.യോഹ. 13:31-33, 34-35
ദിവ്യബലിക്ക് ആമുഖം
“ഇതാ സകലവും ഞാൻ നവീകരിക്കുന്നു” എന്ന വെളിപാട് പുസ്തകത്തിലെ തിരുവചന തോടെയാണ് ഇന്ന് പെസഹാകാലം അഞ്ചാം ഞായറിൽ തിരുസഭ നമ്മെ സ്വാഗതം ചെയ്യുന്നത്. സകലവും നവീകരിക്കാൻ യേശുനാഥൻ ഇന്നത്തെ സുവിശേഷത്തിൽ സ്നേഹത്തിന്റെ നവ്യമായ കല്പന നൽകുന്നു; “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ”. യേശുവിന്റെ ശക്തമായ വചനത്താലും, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താലും തീക്ഷ്ണതയോടെ പ്രേക്ഷിത ദൗത്യം നടത്തുന്ന അപ്പൊസ്തലൻമാരെ നാമിന്ന് ഒന്നാമത്തെ വായനയിൽ കാണുന്നു. നമ്മുടെ ജീവിതവും നവീകരിക്കപ്പെടുവാൻ നമുക്ക് തിരുവചനം ശ്രവിക്കാം, ദിവ്യബലി അർപ്പിക്കാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
പുതിയത് ആഗ്രഹിക്കാത്തതായി ആരാണില്ലാത്തത്. കാലപ്പഴക്കം വന്നതും പഴയതുമായ സർവ്വതിനേയും മാറ്റി നവ്യമായതെന്തും നമുക്ക് ഒരു പുത്തൻ ഉണർവ്വ് നൽകുന്നു. പെസഹാകാലം അഞ്ചാം ഞായറാഴ്ച നമ്മെ “പുതിയ” ചില കാര്യങ്ങൾ പഠിപ്പിക്കുന്നു. നമുക്ക് അവയെ വിചിന്തനവിധേയമാക്കാം.
ഞാൻ പുതിയൊരു കല്പന നിങ്ങൾക്ക് നൽകുന്നു
അന്ത്യത്താഴ വേളയിൽ യൂദാസ് പോയിക്കഴിഞ്ഞപ്പോൾ ശിഷ്യന്മാർക്ക് യേശു പുതിയൊരു കൽപ്പന നൽകുന്നു. പുതിയ കൽപ്പന ഇതാണ്: “നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ”. ‘പരസ്പരം സ്നേഹിക്കുക’ എന്ന് മാത്രം പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഒന്നുകൂടി എളുപ്പമായിരുന്നു. വലിയ വഴക്കുകളും, പ്രശ്നങ്ങളും ഇല്ലെങ്കിൽ അടിസ്ഥാനപരമായ ഒരു സ്നേഹം നമുക്ക് മറ്റുള്ളവരോട് ഉണ്ട്. കുറഞ്ഞപക്ഷം നാം മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുന്നു. എന്നാൽ യേശു പറഞ്ഞത് “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കാൻ” ആണ്. യേശു സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കുക എന്നത് സ്നേഹത്തിന്റെ ഈ പുതിയ നിയമത്തെ വെല്ലുവിളി നിറഞ്ഞതാക്കുന്നു. യേശു എങ്ങനെയാണ് സ്നേഹിച്ചതെന്ന് യേശുവിന്റെ വാക്കുകളിലും, പ്രവർത്തികളിലും നിന്ന് വ്യക്തമാണ്. തെറ്റ് ചെയ്തവരോട് ക്ഷമിക്കുന്നു. പാപികളോട് കരുണ കാണിക്കുന്നു. മനുഷ്യകുലത്തിനുവേണ്ടി തന്റെ ജീവൻ കുരിശിൽ ബലിയായി നൽകുന്നു. കുരിശിൽ കിടക്കുമ്പോഴും തന്നെ പീഡിപ്പിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. സഹപ്രവർത്തകരോട് ക്ഷമിക്കാനും, മറ്റുള്ളവരോട് കരുണ കാണിക്കാനും, അവർക്കുവേണ്ടി എന്തെങ്കിലും നന്മ ചെയ്യാനും നമുക്ക് സാധിച്ചാൽ നാമും യേശുവിന്റെ പുതിയ നിയമത്തിൽ പങ്കാളികളാണ്.
സ്നേഹത്തിന്റെ ഉരകല്ല് എന്താണ്? അനുദിന ജീവിതമാണ് സ്നേഹത്തിന്റെ ഉരകല്ല്. യേശുവിന്റെ സ്നേഹത്തെക്കുറിച്ച് സംസാരിക്കാനും, എഴുതാനും, ചിന്തിക്കുവാനും, പ്രസംഗിക്കാനും എളുപ്പം സാധിക്കും. എന്നാൽ, യേശുവിന്റെ സ്നേഹം അനുദിന ജീവിതത്തിന്റെ ഞെരുക്കങ്ങളിലും, പ്രയാസങ്ങളിലും പ്രാവർത്തികമാക്കാനും, മറ്റുള്ളവരുമായ ഇടപെടലിൽ അതിനെ നിലനിർത്താനും വലിയ പ്രയത്നം ആവശ്യമാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് സ്നേഹത്തിന്റെ ഈ പുതിയ കല്പന തന്നെ മരണത്തിന് മുൻപുള്ള വിൽപ്പത്രംപോലെ ശിഷ്യന്മാർക്കും നമുക്കും നൽകുന്നത്.
വിപണിയിലെ ഓരോ ഉൽപ്പന്നത്തിനും ഒരു മുദ്രയുണ്ട്. മുദ്ര കാണുമ്പോൾ നമുക്കറിയാം ഉൽപ്പന്നത്തിന്റെ പ്രത്യേകതയും, ഗുണനിലവാരവും. അതുപോലെ, ലോകത്തെ വ്യത്യസ്തങ്ങളായ ജനതകളുടെ ബാഹ്യമായ പ്രത്യേകതകൾ കൊണ്ട് അവർ ആരാണെന്ന്, ഏത് ജനതയാണെന്ന് നമുക്ക് മനസ്സിലാകും. അങ്ങനെയെങ്കിൽ, ക്രിസ്ത്യാനികളെ ഈ ലോകമറിയുന്ന മുഖമുദ്ര എന്താണ്? മറ്റുള്ളവരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കുന്ന അവനെ മാറ്റി നിർത്തുന്ന പ്രത്യേകത എന്താണ്? പരസ്പര സ്നേഹമാണത്. യേശുവിന് നമ്മോടുള്ള സ്നേഹത്തെ നമ്മുടെ പരസ്പര സ്നേഹത്തിന് മാനദണ്ഡമായി നൽകുന്ന യേശു, അതിനെ നമ്മുടെ മുഖമുദ്രയാക്കി സൂക്ഷിക്കാൻ ആവശ്യപ്പെടുന്നു. സ്നേഹത്തിന്റെ ഈ പുതിയ പ്രമാണം ഇന്നത്തെ ലോകത്തിൽ എത്രമാത്രം പ്രസക്തമാണ് എന്ന് നമുക്കറിയാം. അനുദിനജീവിതത്തിലെ ഞെരുക്കങ്ങളിൽ, സ്വയരക്ഷയ്ക്കായി പ്രതികാരത്തിന്റെയും, പകയുടെയും, ആക്രമണത്തിനും വഴി സ്വീകരിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുമ്പോൾ സ്നേഹത്തിന്റെ ഈ പുതിയ പ്രമാണം നമുക്ക് ഓർമ്മിക്കാം.
പുതിയ ആകാശം പുതിയ ഭൂമി
ഇന്നത്തെ തിരുവചനത്തിൽ കാണുന്ന രണ്ടാമത്തെ “പുതിയ” കാര്യമാണ് വെളിപാട് പുസ്തകത്തിലെ “പുതിയ ആകാശവും പുതിയ ഭൂമിയും”. വെളിപാട് പുസ്തകത്തിന്റെ ഗ്രന്ഥകർത്താവിന് പ്രധാനമായും രണ്ടു കാര്യങ്ങളാണ് മനസ്സിലുണ്ടായിരുന്നത്: ഒന്നാമതായി – പഴയനിയമം; രണ്ടാമതായി – പീഡിപ്പിക്കപ്പെടുന്ന സഭ. പഴയനിയമത്തിലെ (ഉൽപ്പത്തി പുസ്തകത്തിലെ) പഴയ ആകാശവും ഭൂമിയും ഒന്നുമില്ലായ്മയിൽനിന്ന് സൃഷ്ടിക്കപ്പെട്ടതാണെങ്കിൽ, വെളിപാട് പുസ്തകത്തിലെ പുതിയ ആകാശവും പുതിയ ഭൂമിയും മനുഷ്യചരിത്രത്തിന്റെ ബാക്കി പത്രമാണ്. മനുഷ്യരോടു കൂടെ വസിക്കുന്ന ദൈവം തന്റെ കൂടെയുള്ളവരുടെ മിഴികളിൽ നിന്ന് കണ്ണുനീർ തുടച്ചു നീക്കും. ഇനി മരണം ഉണ്ടാവുകയില്ല. ദുഃഖമോ,മുറവിളിയോ, വേദനയോ ഒന്നും ഉണ്ടാവുകയില്ല . പഴയതെല്ലാം കടന്നുപോയി. ദൈവം സകലതും നവീകരിച്ചിരിക്കുന്നു. ഈ പുതിയ ആകാശവും പുതിയ ഭൂമിയും കാണണമെങ്കിൽ നാം ചക്രവാളത്തിനുമപ്പുറം നോക്കണം. പ്രത്യേകിച്ച് നമ്മുടെ ബുദ്ധിയുടെ ചക്രവാളത്തിനുമമ്പ്പുറം (പരിധിക്കുമപ്പുറം). വളരെ ലളിതമായ ഭാഷയിൽ നമുക്ക് അതിനെ “പ്രതീക്ഷ”യെന്ന് വിളിക്കാം. വെളിപാട് പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് തന്റെ വിശ്വാസികളോടും, ഇന്ന് നമ്മോടും പറയുന്നത് ഈ പ്രതീക്ഷയെ കുറിച്ചാണ്. സ്നേഹത്തിന്റെ പുതിയ പ്രമാണം നമ്മെ നയിക്കുന്നത്, പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കുമാണ്. വിശ്വാസപൂർവ്വം നമുക്ക് മുന്നേറാം.
ആമേൻ.