അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ക്രിസ്തുദേവന്റെ പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ച് വിശ്വാസികള്‍. ഇന്ന് രാവിലെ മുതല്‍ ദേവാലയങ്ങളില്‍ ദുഃഖവെള്ളി ആചരണത്തിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചരുന്നു. നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ നടന്ന പരിഹാരശ്ലീവാപാതക്ക് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
രാവിലെ വഴുതൂര്‍ കര്‍മ്മലമാതാ ദേവാലയത്തില്‍ നിന്നാരംഭിച്ച പരിഹാരശ്ലീവാപാതയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പീഡാസഹനത്തിന്റെ ഓര്‍മ്മകളില്‍ 14 ഇടങ്ങളില്‍ കുരിശിന്റെ വഴി ചിത്രങ്ങള്‍ ക്രമീകരിച്ചിരുന്നു. കുരിശിന്‍റെ വഴിയുടെ 14 സ്ഥലങ്ങളില്‍ കെ.ആര്‍.എല്‍.സി.സി.യുടെ ബി.സി.സി. സെക്രട്ടറി ഡോ.ഗ്രിഗറി ആര്‍ബി പീഡാനുഭവ സന്ദേശം നല്‍കി.
ദുഃഖവെള്ളി നല്‍കുന്നത് നവീകരണത്തിന്റെ സന്ദേശമാണെന്ന് ബിഷപ്പ് പറഞ്ഞു. പീഡാസഹനത്തിന്റെ ചൈതന്യം വിശ്വാസികള്‍ ഏറ്റെടുക്കണമെന്നും ജീവിതം പരിവര്‍ത്തനത്തിന് വിധേയമാക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. പരിഹാര ശ്ലീവാപാതയില്‍ രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, ഇടവക വികാരി മോണ്‍.വി.പി.ജോസ്, സെക്രട്ടറി ഫാ.രാഹുല്‍ലാല്‍ തുടങ്ങിയവരും പങ്കെടുത്തു.
ഉച്ചക്ക് ശേഷം നടന്ന കുരിശാരാധനയിലും കര്‍ത്താവിന്റെ പീഡാനുഭവ അനുസ്മരണത്തിലും വിശ്വാസികൾ ഭക്തിയോടെ പങ്കെടുത്തു. നാളെ പാതിരാകുര്‍ബാന10.45-നാണ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, പെസഹാ പ്രഘോഷണവും ദീപാര്‍ച്ചനയും, ജ്ഞാനസ്നാന വ്രതവാഗ്ദാനവും, ദിവ്യകാരുണ്യ സ്വീകരണവും നടക്കും.