പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായി ഫാ.പീറ്റർ കൊച്ചുപുരയ്ക്കൽ
അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്റെ സമാപനത്തിലാണ് നിയമനം അറിയിച്ചത്...
സ്വന്തം ലേഖകൻ
കൊച്ചി: പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ നിയമിച്ചു. 1974-ൽ സ്ഥാപിതമായ പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായാണ് അദ്ദേഹം അഭിഷിക്തനാകുന്നത്. സിനഡിന്റെ തീരുമാനങ്ങൾക്ക് ഫ്രാൻസിസ് പാപ്പായിൽനിന്ന് അംഗീകാരം ലഭിച്ചതോടെ, സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമ്മേളനത്തിന്റെ അവസാന ദിവസമായ ജനുവരി 15-ന് ഇറ്റാലിയൻ സമയം ഉച്ചക്ക് 12 മണിക്ക് വത്തിക്കാനിലും, ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30-ന് സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്റെ സമാപനത്തിലാണ് നിയമനം അറിയിച്ചത്. നിയമന പ്രഖ്യാപന യോഗത്തിൽ സഭയിലെ 58 മെത്രാന്മാരും, ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും, നിരവധി വൈദികരും, സമർപ്പിതരും, അൽമായരും പങ്കെടുത്തു.
1964 ൽ പാലാ രൂപതയിലെ മരങ്ങോലിയിലാണ് ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വൈദിക പരിശീലനത്തിനായി പാലക്കാട് രൂപത മൈനർ സെമിനാരിയിൽ ചേർന്നു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് വൈദിക പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം മാർ ജോസഫ് പള്ളിക്കാപറമ്പിലിൽ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.
പൗരോഹിത്യ സ്വീകരണത്തിനു ശേഷം രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തു. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി.
ഉപരിപഠനത്തിനു ശേഷം വിവിധ ഇടവകകളിൽ വികാരിയായും, രൂപതാ മൈനർ സെമിനാരി റെക്ടറായും, ജുഡീഷൽ വികാരിയായും സേവനം ചെയ്തു. നിലവിൽ ഫാ.പീറ്റർ കൊച്ചുപുരയ്ക്കൽ രൂപതാ ചാൻസലർ, സെമിനാരിക്കാരുടെയും സമർപ്പിതരുടെയും പ്രത്യേക ഉത്തരവാദിത്തമുള്ള സിഞ്ചെലൂസ് എന്നി നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.