പാര്‍ശ്വവത്ക്കരിക്കുന്ന പ്രവണതയോട് പൊരുതുവാൻ യോജ്യമായ ആയുധം “സ്നേഹായുധം”; ഫ്രാൻസിസ് പാപ്പാ
പാര്‍ശ്വവത്ക്കരിക്കുന്ന പ്രവണതയോട് പൊരുതുവാൻ യോജ്യമായ ആയുധം “സ്നേഹായുധം”; ഫ്രാൻസിസ് പാപ്പാ
ജോയി കരിവേലി
വത്തിക്കാന്‍ സിറ്റി: അംഗവൈകല്യം സംഭവിച്ചരെ പാര്‍ശ്വവത്ക്കരിക്കുന്ന പ്രവണതയുള്ള ഒരു സമൂഹത്തിന് നല്കാനുള്ള ഉത്തമമായ ഉത്തരം “സ്നേഹായുധം” ആണെന്ന് ഫ്രാൻസിസ് പാപ്പാ. ഈ സ്നേഹായുധം വ്യാജമോ മടുപ്പുളവാക്കുന്നതോ ആയിരിക്കരുത്, പ്രത്യുത സത്യസന്ധവും സമൂര്‍ത്തവും ആദരവു പുലര്‍ത്തുന്നതുമാകണമെന്നും പാപ്പാ. അന്ധര്‍ക്കായുള്ള അപ്പസ്തോലിക പ്രസ്ഥാനത്തിന്‍റെ നാനൂറോളം പ്രതിനിധികളെ ശനിയാഴ്ച വത്തിക്കാനില്‍ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.
ലോകത്തിലെ ഏറ്റവും പാവപ്പെട്ടവരുടെയും വേദനകളനുഭവിക്കുന്നവരുടെയും ആവശ്യങ്ങളോടു തുറവി കാട്ടുന്ന ഈ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ പ്രേഷിതശിഷ്യരാണെന്ന് പാപ്പാ പറഞ്ഞു. അങ്ങനെ അവര്‍ പാവപ്പെട്ടവര്‍ക്കായുള്ള ‘പാവപ്പെട്ട ഒരു സഭ’യെ വളര്‍ത്തിയെടുക്കുന്നതിന് സംഭാവനയേകുന്നുവെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു.
നിരവധി കുടുംബങ്ങള്‍ക്കും വ്യക്തികള്‍ക്കും സഹായഹസ്തം നീട്ടിക്കൊണ്ട് ഈ സമൂഹം ‘സ്വാഗതം ചെയ്യലിന്റെ ഒരു സംസ്കൃതി’ പ്രസരിപ്പിക്കുന്നതിനും സംഭാവന ചെയ്യുന്നുണ്ടെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
അര്‍ജന്തീനക്കാരിയായ ‘മാരിയ മോത്ത’യെന്ന അന്ധയായ സ്ത്രീ മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയിലെത്തി മാനുഷികവും ക്രിസ്തീയവുമായ അരൂപിയോടെ അദ്ധ്യാപനത്തില്‍ ഏര്‍പ്പെടുകയും 1928 – ല്‍ ഒരു പ്രാര്‍ത്ഥനാ പ്രേഷിതത്വത്തിന്‍റെ രൂപത്തില്‍ അന്ധരുടെ ഒരു ആദ്ധ്യാത്മിക സമൂഹത്തിന് രൂപം നല്കുകയും ചെയ്തതാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടതെന്നും വിശുദ്ധ ഇരുപത്തിമൂന്നാം യോഹന്നാന്‍ പാപ്പായാണ് ഈ പ്രസ്ഥാനത്തിന് അംഗീകാരം നല്കിയതെന്നും പാപ്പാ അനുസ്മരിച്ചു.