പാരമ്പര്യങ്ങളും ആചാരങ്ങളും നവീകരിക്കാൻ ഇന്ത്യൻ സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ
പാരമ്പര്യങ്ങളും ആചാരങ്ങളും നവീകരിക്കാൻ ഇന്ത്യൻ സീറോ മലബാർ സഭയെ മാതൃകയാക്കി കൽദായ സഭ
ഷെറിൻ ഡൊമിനിക്
ബാഗ്ദാദ്: പൗരസ്ത്യ സഭകളിൽ ഒന്നായ കൽദായ സഭാ പാത്രിയാർക്കിസായ കർദിനാൾ ലൂയിസ് റാഫേൽ സാക്കോ, “കൽദായ സഭാ നവീകരണത്തിന്റെ യഥാർത്ഥ സ്വഭാവവും ആധികാരികതയും” എന്ന തലക്കെട്ടോടെ, പ്രസിദ്ധീകരിച്ച ഇടയ ലേഖനത്തിലാണ് സഭാ നവീകരണത്തെപറ്റിയുള്ള ചിന്ത വ്യക്തമാക്കിയത്. വരുംതലമുറക്കുവേണ്ടി ആധുനികത വച്ചു നീട്ടുന്ന ചോദ്യങ്ങൾക്കും വെല്ലുവിളികൾക്കും ഉത്തരം നൽകാൻ സഭ ബാധ്യസ്ഥയാണെന്നും അതിനാൽ തനതായ മിഷനറി സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ ആചാരങ്ങളിലും പാരമ്പര്യങ്ങളിലും മാറ്റങ്ങൾ വരുത്താൻ ആരും ഭയക്കരുതെന്ന് പാത്രിയാർക്കിസ് പറയുന്നു.
ഇന്നിന്റെ ആചാരങ്ങളും പാരമ്പര്യങ്ങളും മുൻഗാമികളുടേതിന് സമമല്ലെന്നും, അതിനാൽ അവ ആധുനിക സമൂഹത്തിനു അനുരൂപണപ്പെട്ടു രൂപപ്പെടേണ്ടതാണെന്നും ഓർമിപ്പിച്ചുകൊണ്ട് അദ്ദേഹം തങ്ങളുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ അറബിക്, കുർദിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ തുടങ്ങി കൽദായ സഭ രൂപംകൊണ്ടിട്ടുള്ള പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്തു തയാറാക്കേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചുകൊണ്ടാണ് കേരള സീറോ മലബാർ സഭയെ ഉദാഹരണമായി പാത്രിയാർക്കിസ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യയിലെ സീറോ മലബാർ സഭ തങ്ങളുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ മൂലഭാഷയായ കൽദായ -സിറിയക് ഭാഷയിൽ നിന്നും വിശ്വാസികൾക്ക് മനസിലാകും വിധം മലയാളത്തിലേക്ക് തർജിമ ചെയ്തത് ആ സഭയിലെ നവീകരണ പ്രക്രിയയുടെ ഭാഗമായിരുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു.
തങ്ങളുടേത് ഒരു സഭയാണെന്നും, പൈതൃകം സൂക്ഷിക്കാൻ പോന്ന മ്യൂസിയം അല്ല എന്നും കർദിനാൾ ഓർമിപ്പിച്ചു. സത്യത്തിൽ പൗരസ്ത്യസഭകളായ കൽദായ, അസ്സീറിയൻ, അർമേനിയൻ, സിറിയക്, കോപ്റ്റിക്, മറൊനൈറ്റ് തുടങ്ങിയ സഭകൾ ഇന്നിന്റെ ഭൗതീക-രാഷ്ട്രീയ സാഹചര്യവും, മതപീഢനങ്ങളും മറ്റു സമ്മർദ്ദങ്ങളും വഴി, അവയുടെ മിഷനറിമാനവും സുവിശേഷവൽക്കരണ സ്വഭാവവും അപകടത്തിലായേക്കാം എന്നദ്ദേഹം ഭയപ്പെടുന്നുമുണ്ട്. കൽദായ സഭ അതിന്റെ പഴയ പാരമ്പര്യങ്ങളിൽത്തന്നെ ഒതുങ്ങി നിൽക്കുകയാണെങ്കിൽ പുതിയ തലമുറയെ സഭ നഷ്ടപ്പെടുത്തുമെന്നും വിലയിരുത്തി, സഭയിലെ നവീകരണത്തിന് അദ്ദേഹം ഊന്നൽ കൊടുക്കുന്നു.
ലോകം ഒരു ഡിജിറ്റൽ വില്ലേജ് ആയികൊണ്ടിരിക്കുന്ന ഇന്നിന്റെ സാഹചര്യത്തിൽ പൗരസ്ത്യസഭകൾ വ്യത്യസ്തഭാഷകളും സംസ്കാരങ്ങളും നിലനിൽക്കുന്ന വിവിധ രാജ്യങ്ങളിൽ ഇപ്പോഴുണ്ട്. അതിനാൽത്തന്നെ, ഇന്നിന്റെ ആവശ്യങ്ങൾക്കും പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമായി സഭാപൈതൃകം കാര്യമായി വിലയിരുത്തേണ്ട ഒന്നാണെന്നും ഇടയ ലേഖനം ഓർമിപ്പിക്കുന്നു.