Kerala

പാപ്പായോ? ‘മാര്‍’പാപ്പായോ?

പാപ്പായോ? 'മാര്‍'പാപ്പായോ?

 

ജോൺ പോൾ

പാപ്പാ എന്ന പദത്തിന്റെ അര്‍ത്‌ഥം പിതാവ് എന്നാണ്. പുരാതന ഗ്രീക്ക് സംസ്കാരത്തില്‍ കുഞ്ഞ് സ്വന്തം പിതാവിനെ ഏറെ സ്നേഹത്തോടെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന പദമായിരുന്നു അത്. പിന്നീട് ലത്തീന്‍ സംസ്കാരത്തില്‍ ബഹുമാനം പ്രകടിപ്പിക്കുന്ന ഒരു വിളി ആയിത്തീര്‍ന്നു. പിന്നീട് ഗ്രീക്ക് സംസാരിക്കുന്ന പൗരസ്ത്യരും ലത്തീന്‍ സംസാരിക്കുന്ന പാശ്ചാത്യരും പുരോഹിതര്‍, മെത്രാന്മാര്‍, പാത്രിയാര്‍ക്കീസുമാര്‍ എന്നിവരെ സൂചിപ്പിക്കാനായ ഈ വാക്ക് പ്രയോഗിച്ചു. ഇപ്പോഴും ഗ്രീസ്, റഷ്യ, സെര്‍ബിയ എന്നിവിടങ്ങളിലെ ഓര്‍ത്തഡോക്സ് സഭാംഗങ്ങള്‍ ഇടവകവികാരിയെ പാപ്പാ എന്നാണ് സംബോധന ചെയ്യുന്നത്.

റോമന്‍ കത്തോലിക്കാ സഭയില്‍ 3-ാം നൂറ്റാണ്ടില്‍ സഭയിലെ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ കുറിക്കുവാനായി ഇത്‌ ഉപയോഗിക്കപ്പെട്ടിരുന്നുവെങ്കിലും 5-ാം നൂറ്റാണ്ടായപ്പോള്‍ റോമിലെ മെത്രാനെ സൂചിപ്പിക്കുന്ന പദമായിമാറി. 8-ാം നൂറ്റാണ്ടിനുശേഷം പാശ്ചാത്യസഭ, പാപ്പാ എന്ന പദം റോമന്‍ കത്തോലിക്ക സഭയുടെ തലവനെ മാത്രം സൂചിപ്പിക്കുന്ന സംബോധനയായി പരിമിതപ്പെടുത്തി.

റോമന്‍ സഭയെ സംബന്ധിച്ച് ഓരോ പദവിയിലുള്ളവരുടെയും പേരിനോടു ചേര്‍ത്തു ഉപയോഗിക്കാവുന്ന കൃത്യമായ സംബോധനാപദങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഉദാ: ഡീക്കന്‍ (Deacon), വൈദികന്‍ (Rev. Fr), വികാരി ജനറല്‍ (Monsignor), മെത്രാന്‍ (His Excellency), അതിരൂപതാ മെത്രാന്‍ (His Grace), കാര്‍ഡിനല്‍ (His Eminence), പാത്രിയാര്‍ക്കീസ് (His Beatitude), പാപ്പാ (His Holiness/ Holy Father)എന്നിങ്ങനെ.

എന്നാൽ, കേരളത്തിൽ പാപ്പായെ ഭൂരിപക്ഷം വിശ്വാസികളും മാർപാപ്പാ എന്ന തെറ്റായ പദത്തിൽ അഭിസംബോധന ചെയ്യുന്നു. റോമൻ കത്തോലിക്ക സഭയിൽ ‘മാർ’ എന്ന വിശേഷണം ഇല്ല. സുറിയാനി സഭകളുടെ ബിഷപ്പുമാരുടെ പേരുകൾക്ക് മുൻപിൽ ബഹുമാന സൂചകമായിട്ടാണ് ‘മാർ’ എന്ന പദം ഉപയോഗിക്കുന്നത്. ആയതിനാൽ മാർ എന്ന പ്രയോഗം പേരുകൾക്ക് മുൻപിൽ മാത്രമാണ് ചേർക്കേണ്ടത്. “പാപ്പാ” എന്നത് ഒരു പേര് അല്ലാത്തതിനാൽ ‘മാർ’ ചേർക്കാൻ കഴിയില്ല. ഉദാഹരണം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്ന് പറയാം, എന്നാൽ “മാർ കർദിനാൾ” എന്ന് പറയുവാൻ കഴിയില്ല.

ഓർക്കുക, പാപ്പാ എന്ന പദം അതില്‍ത്തന്നെ പൂര്‍ണമാണ്. പാപ്പാ എന്ന അഭിസംബോധനയ്ക്കു 5-ാം നൂറ്റാണ്ടു മുതലുള്ള പഴക്കമുണ്ടെന്നു മാത്രമല്ല സാര്‍വത്രികമായി ഉപയോഗിക്കുന്ന പദമാണുതാനും. “മാര്‍” എന്ന പദം കുരിശിനും മെത്രാനും കര്‍ദിനാളിനുമൊക്കെ വിശേഷണപദമായി നിഷ്ഠയില്ലാതെ ഉപയോഗിക്കുന്ന ശീലം കേരളത്തില്‍ (പൗരസ്ത്യ സഭകൾ ) ഉള്ളതുകൊണ്ട് പാപ്പാ എന്ന സംബോധന അങ്ങനെതന്നെ പ്രയോഗിക്കുന്നതാവും ഉചിതം. അതാണു സഭയിലെ പരമ്പരാഗതമായ രീതിയും. അതിനാല്‍ പാപ്പായെ “പാപ്പാ” എന്നുതന്നെ വിളിച്ചു ശീലിക്കുന്നതാണു ഉചിതം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker