പാപ്പായുടെ മൊറോക്കോ അപ്പസ്തോലിക യാത്ര – മാര്‍ച്ച് 30, 31 തീയതികളിൽ
പാപ്പായുടെ മൊറോക്കോ അപ്പസ്തോലിക യാത്ര – മാര്‍ച്ച് 30, 31 തീയതികളിൽ
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: മാര്‍ച്ച് 30, 31 തീയതികളിലായി നടക്കുന്ന ഫ്രാൻസിസ് പാപ്പായുടെ മൊറോക്കോ അപ്പസ്തോലിക യാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി. ഏറെ ലളിതമായ ഈ അപ്പോസ്തോലിക യാത്രയില്‍, “പ്രത്യാശയുടെ ദാസ”നായിട്ടാണ് (Servant of Hope) ഇസ്ലാമിക സാമ്രാജ്യമായ മൊറോക്കോയിലേക്കുള്ള പാപ്പായുടെ സന്ദർശനം.
മാര്‍ച്ച് 30 ശനിയാഴ്ച, മദ്ധ്യാഹ്നം 12-മണിക്ക് മൊറോക്കോ തലസ്ഥാനഗരമായ റബാത്തില്‍ വിമാനമിറങ്ങുന്ന പാപ്പാ, രാഷ്ട്രത്തിന്റെ വിശിഷ്ട അതിഥിയായി ഔദ്യോഗിക സ്വീകരണച്ചടങ്ങുകളില്‍ പങ്കെടുക്കും. റബാത്തിലെ രാജകൊട്ടാരത്തില്‍വച്ച് ഭരണകര്‍ത്താവ് മുഹമ്മദ് ആറാമന്‍ രാജാവുമായുള്ള സ്വകാര്യകൂടിക്കാഴ്ച, കൊട്ടാര വളപ്പിലെ കോട്ടമൈതാനിയില്‍വച്ചുള്ള ഔദ്യോഗിക സ്വീകരണച്ചടങ്ങ്, ഭരണകര്‍ത്താക്കളും ജനപ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയും പ്രഭാഷണവും. തുടര്‍ന്ന് റബാത്തിലെ കാരിത്താസ് കേന്ദ്രത്തില്‍വച്ച് കുടിയേറ്റക്കാരുമായുള്ള കൂടിക്കാഴ്ചയും പ്രഭാഷണവും. എന്നിവയാണ് ആദ്യദിന പരിപാടികള്‍.
മാര്‍ച്ച് 31 ഞായറാഴ്ച, മൊറോക്കോയിലെ ന്യൂനപക്ഷമായ ക്രൈസ്തവരുമായുള്ള പരിപാടികളാണ്. തെമറായിലെ ഭദ്രാസനദേവാലയത്തില്‍വച്ച് രാവിലെ വൈദികരും, സന്ന്യസ്തരും, സഭൈയ്ക്യ പ്രതിനിധികളുമായി പാപ്പാ കൂടിക്കാഴ്ച നടത്തി സന്ദേശം നല്കും. ഉച്ചകഴിഞ്ഞ്, റബാത്ത് നഗരമദ്ധ്യത്തില്‍ മൂളേ അബ്ദുള്ള രാജാവിന്റെ നാമത്തിലുളള സ്പോര്‍ട്ട്സ് സ്റ്റേഡിയത്തിലെ താല്ക്കാലിക ബലിവേദിയിൽ, മൊറോക്കോയിലെ വിശ്വാസികള്‍ക്കൊപ്പമുള്ള സമൂഹബലിയര്‍പ്പണത്തോടെയാണ് പാപ്പായുടെ 28-മത് അപ്പസ്തോലിക സന്ദര്‍ശനം അവസാനിക്കുന്നത്.