വത്തിക്കാൻസിറ്റി: കേരള ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യൂറോപ്പിൽ സന്ദർശനം നടത്തുന്ന സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച രാവിലെ മാർപാപ്പയുടെ പൊതുസന്ദർശന (ജനറൽ ഓഡിയൻസ്) പരിപാടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
ഫ്രാൻസിസ് പാപ്പയെ അടുത്തു കാണാനും നേരിട്ടു സംസാരിക്കാനും സാധിച്ചത് വലിയൊരനുഗ്രഹമായി എന്ന് മന്ത്രി പറഞ്ഞു. പാപ്പയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് മന്ത്രി കൈമാറി.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ രൂപവും, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയും (കാറ്റലോഗ്) കേരളത്തിന്റെ സമ്മാനമായി മന്ത്രി മാർപാപ്പയ്ക്ക് നല്കി. മന്ത്രിക്കൊപ്പം ഭാര്യ സുലേഖയും ഉണ്ടായിരുന്നു.
സമൂഹത്തിലെ സാധാരണക്കാർക്കും പാവങ്ങൾക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അഭയാർത്ഥികൾക്കും വേണ്ടി എന്നും ശബ്ദമുയർത്തുന്ന പാപ്പാ ജനമനസുകളിൽ ഏറെ പ്രിയപ്പെട്ട അമൂല്യ വ്യക്തിത്വമാണെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാൻ വാർത്താവിഭാഗത്തിനു നല്കിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു. പാപ്പയുടെ പ്രബോധനങ്ങൾ ലോകത്തെ സമാധാനത്തിലേക്കു നയിക്കുന്ന ഘടകമാണെന്നു മന്ത്രി കൂട്ടിച്ചേർത്തു.
Related