പരിശുദ്ധ മാതാവിന്റെ ജനനം; ധന്യമായ ജീവിതത്താൽ മഹത്തരമായ ജന്മം – ഒരു പുനർവായന
കൃപയുടെയും രക്ഷയുടെയും പുതിയകാലത്തിനു തുടക്കം കുറിക്കുകയും ചെയ്തു...
സി.ഷൈനി ജർമ്മിയാസ് സി.സി.ആർ.
സെപ്റ്റംബർ എട്ടാം തീയതി, ആഗോള കത്തോലിക്ക സഭ പരിശുദ്ധ കന്യകാ മാതാവിന്റെ പിറവി തിരുനാൾ ആഘോഷിക്കുകയാണ്. ജീവിതത്തിൽ, ഏറ്റവും ആഹ്ലാദം നൽകുന്ന സുദിനമാണ് നമ്മുടെ ജന്മദിനം! എന്നാൽ, അതിനേക്കാൾ നാം സന്തോഷമനുഭവിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ പിറവിദിനം ആഘോഷിക്കുമ്പോഴാണ്. അതിനാലാണ്, മനംനിറയെ സമ്മാനങ്ങളും, ഹൃദയം തുളുമ്പെ ആശംസകളും നൽകി നമ്മുടെ സ്നേഹം അവർക്ക് നാം വെളിപ്പെടുത്തി കൊടുക്കുന്നത്. ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹമായി തീരേണ്ടതാണാണെന്ന്, ഓരോ ജന്മദിനവും നമ്മെ ഓർമ്മപ്പെടുത്തുന്നു.
വിശുദ്ധ ബൈബിളിൽ, ദൈവം നല്കുന്ന ഏറ്റവും വിശുദ്ധമായ ദൗത്യമാണ് നാം മറ്റുള്ളവർക്ക് അനുഗ്രഹത്തിന് സ്രോതസ്സായി മാറണമെന്നുള്ളത്. അതിനാലാണ്, “ഭൂമിയിലെ എല്ലാ മനുഷ്യർക്കും നീ ഒരു അനുഗ്രഹം ആയിരിക്കണമെന്ന്”, ദൈവം അബ്രഹാത്തോടു ശഠിച്ചത്. വീണ്ടെടുപ്പിന്റെ ചരിത്രം അവിടെ ആരംഭിക്കുന്നു. വളരെ സവിശേഷമായ ജന്മം ആയിരുന്നെങ്കിലും, പരിശുദ്ധാത്മാവിന്റെ കൃപയാൽ നിറയപ്പെട്ടാണ് ജനിച്ചതെങ്കിലും, ജീവിതം കൊണ്ടാണ് പരിശുദ്ധ കന്യക മറിയം മാനവകുലത്തിന് ഒരു അനുഗ്രഹമായി മാറിയത്.
മറിയത്തിന്റെ ജനനം തന്നെ ദൈവാനുഗ്രഹത്തിന്റെ നിറവിലായിരുന്നു. തങ്ങളെ മോചിപ്പിക്കുന്നതിനായി, ദാവീദിന്റെ ഭവനത്തിൽ നിന്നും ഒരു രക്ഷകൻ ജനിക്കുമെന്ന് പ്രവാചകൻമാർ വഴി ദൈവം നൽകിയ വാഗ്ദാനം ഇസ്രായേൽ ജനത പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലഘട്ടമായിരുന്നത്. അതിനാൽ, രാജകൊട്ടാരത്തിൽ ജനിക്കാൻ പോകുന്ന രക്ഷകന് വേണ്ടി കാത്തിരുന്ന ഇസ്രയേൽ ജനതയുടെ ചിന്താഗതിയിലായിരിക്കണം ജൊവാക്കിമും അന്നയും ജീവിച്ചത്. സന്താന സൗഭാഗ്യമില്ലാത്ത വൃദ്ധദമ്പതികളായ അവർ പ്രാർത്ഥനയിലും പരിത്യാഗത്തിലും ജീവിതം നയിച്ചു. പക്ഷേ, അവരുടെ അടിയുറച്ച ദൈവ ഭക്തിയിലും ജീവിത വിശുദ്ധിയിലും സംപ്രീതനായ ദൈവം, തന്റെ പുത്രനായ രക്ഷകന്റെ അമ്മയുടെ മാതാപിതാക്കളാകുന്നതിന് അവരെയാണ് തിരഞ്ഞെടുത്തത്. “ദൈവ വഴികൾ മനുഷ്യനൊട്ടും മനസ്സിലാക്കുന്നുമില്ല!” വാർദ്ധക്യത്തിൽ താൻ ഉദരത്തിൽ വഹിക്കുന്ന കുഞ്ഞ് രക്ഷാകര ചരിത്രത്തിന്റെ നാഴികകല്ലാകുമെന്ന് അന്ന സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല. എങ്കിലും തന്റെ കുഞ്ഞിന് വേണ്ടി നിരന്തരം അവള്‍ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.ജന്മ പാപത്തിന്റെ ഒരു തരി പോലും ഇല്ലാതെ, ദൈവകൃപയാൽ പ്രത്യേക സംരക്ഷണത്തിലാണ്, മറിയം അന്നയുടെ ഉദരത്തിൽ പിറന്നുവീണത്. മറിയത്തിൻ ജനനത്തോടെ, ഇസ്രയേൽ ജനതയുടെ രക്ഷകനു വേണ്ടിയുള്ള കാത്തിരിപ്പു ഫലപ്രാപ്തി യിലേക്ക് പ്രവേശിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ മറിയത്തിന്റെ ഉദരത്തിൽ ദൈവാനുഗ്രഹത്തിന്റ ഉദരഫലം പിറവിയെടുത്തു. കൃപയുടെയും രക്ഷയുടെയും പുതിയകാലത്തിനു അപ്രകാരം തുടക്കം കുറിക്കുകയും ചെയ്തു.
ദൈവം സകലപ്രതീക്ഷകളോടുംകൂടി സൃഷ്ടിച്ച ആദ്യസ്ത്രീ, ഹവ്വായുടെ അവിശ്വാസം വഴി ദൈവാനുഗ്രഹത്തിന്റെ വേരുകൾ പിഴുതെറിയപ്പെട്ടു; ഭൂമിയിൽ പാപവും മരണവും ഉടലെടുത്തു. ദൈവവാഗ്ദാനം പൂർത്തീകരണത്തിന്റെ സഹരക്ഷകയായി, മറിയം ദൈവാനുഗ്രഹത്തിന്റെ വിത്തുകൾ ഭൂമിയിൽ മുളപ്പിച്ചു. പാപം ഉന്മൂലനം ചെയ്തു രക്ഷ പ്രദാനം ചെയ്യുന്നതിലും, തന്റെ പരിപൂർണ്ണമായ അനുസരണത്തിലൂടെ മനുഷ്യസ്ത്രീയായ മറിയത്തിനു കഴിഞ്ഞു.
മറിയത്തിന്റെ ജനനം പ്രവാചകന്മാർ വഴി ദൈവം മുൻകൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്: “കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും” എന്ന ഏശയ്യാ പ്രവാചകൻ പ്രവചിക്കുകയുണ്ടായി (ഏശയ്യ 7:14). ഉഷസ്സ് പോലെ ശോഭിക്കുന്ന വളും, ചന്ദ്രനെപ്പോലെ കാന്തിമതിയും, സൂര്യനെപ്പോലെ തേജസ്വിനിയും കൊടിക്കൂറകളേന്തുന്ന സൈന്യത്തെ പോലെ ആയവൾ! സൂര്യനെ ഉടയാടയാക്കിയവൾ! അവളുടെ പാദങ്ങൾക്ക് അലങ്കാരമായി ചന്ദ്രൻ, ശിരസ്സിൽ 12 നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം (വെളിപാട് 12:1). “നീ മുഴുവൻ സുന്ദരിയാകുന്നു. നിന്നിൽ പാപകറയില്ല” എന്ന് “ഉത്തമഗീത”ത്തിൽ മറിയത്തെക്കുറിച്ച് വർണ്ണിക്കുന്നത് ദൈവാനുഗ്രഹത്തിന്റെ വഴികൾ തന്നെ. അതെ അവൾ ഭൂമിയിലെ മാലാഖയായി, വിശുദ്ധിയിൽ ജീവിച്ചവൾ; പ്രകാശപൂരിതയായവൾ! അതുകൊണ്ടാണല്ലോ, ഗബ്രിയേൽ മാലാഖ പോലും അവളുടെ മുൻപിൽ കൈകൂപ്പി നിന്നു അവളെ “ദൈവകൃപ നിറഞ്ഞവളേ” എന്നു അഭിവാദനം ചെയ്തത്. ഭൂമിയിൽ സകല പരിശുദ്ധിയോടു കൂടി ജീവിക്കുകയും ദൈവത്തിന് ഏറ്റവും പ്രീതിയുള്ളവളുമായിരുന്നു പരിശുദ്ധ കന്യകാമറിയം. ഉൽപ്പത്തി മുതൽ വെളിപാട് വരെയുള്ള വിശുദ്ധഗ്രന്ഥ പുസ്തകങ്ങളിൽ മറിയത്തിന്റെ ഈ സ്ത്രീത്വം നിറഞ്ഞു നിൽക്കുന്നു. രക്ഷകന്റെ അമ്മയാകുന്നതിനു വേണ്ടി ജന്മപാപമില്ലാതെ സകല വിശുദ്ധിയോടും കൂടിയാണ് മറിയം ജനിച്ചത്. പക്ഷേ ഈ ജീവിതവിശുദ്ധി എന്നും കാത്തുസൂക്ഷിക്കുവാൻ സാധിച്ചതാണ് അവളുടെ ജന്മസാഫല്യം. വിശുദ്ധിയിൽ ജീവിച്ചുകൊണ്ട്, ദൈവചിന്ത, പ്രാർത്ഥന, സമർപ്പണ ബോധം, വിനയം, ക്ഷമ, കാര്യക്ഷമത തുടങ്ങിയ ദൈവീക മൂല്യങ്ങളിൽ അവൾ പരിപൂർണ്ണത പ്രാപിച്ചു. മകളെ വളർത്തിക്കൊണ്ടു വരുന്നതിൽ മറിയത്തിന്റെ മാതാപിതാക്കൾക്കുള്ള പങ്ക് നമുക്ക് വിസ്മരിക്കാനാവില്ല. ദൈവം നൽകിയ പൊന്നുമകളെ ദൈവാനുഗ്രഹത്തിലും മനുഷ്യപ്രീതിയിലും വളർത്തുവാൻ അവരെന്നും ജാഗരൂകരായിരുന്നു. ഇന്നത്തെ സാഹചര്യത്തിൽ, നമ്മുടെ മാതാപിതാക്കന്മാർ ഈ ഭാരിച്ച ഉത്തരവാദിത്വം വിസ്മരിക്കുമ്പോൾ തങ്ങളുടെ മക്കൾക്കുള്ള ദൈവാനുഗ്രഹത്തിന്റെ ചാലുകളാണ് അവർ കൊട്ടിയടയ്ക്കുന്നത്.
ഒരു സ്ത്രീയുടെ മഹനീയത യഥാർത്ഥത്തിൽ വെളിപ്പെടുന്നത് ‘അമ്മ’ എന്ന പദത്തിലാണ്. മാതൃത്വം ജീവിതത്തിൽ വരിക്കുമ്പോൾ മാത്രമാണ്, അവളൊരു യഥാർത്ഥ ‘സ്ത്രീ’യാകുന്നത്. ഒരമ്മ എന്ന നിലയിൽ മറിയത്തിന്റെ ജീവിതവും, എല്ലാ അമ്മമാരെയും പോലെ നിരവധി സഹനങ്ങൾ നിറഞ്ഞതായിരുന്നു. തന്റെ മകന് ജന്മം നൽകാനുള്ള സ്ഥലം പോലും അന്വേഷിച്ചു കണ്ടുപിടിക്കേണ്ടി വന്നു അവൾക്കു. കുഞ്ഞിന്റെ ജീവൻ സംരക്ഷിക്കുന്നതിനു വേണ്ടി ഈജിപ്തിലേക്ക് അവൾ പാലായനം ചെയ്തു. മകനെ ദേവാലയത്തിൽ സമർപ്പിച്ചപ്പോൾ “നിന്റെ ഹൃദയത്തിൽ ഒരു വാൾ തുളച്ചു കയറും” എന്ന ശിമയോൻ പ്രവചനവും അവളെ വല്ലാതെ നൊമ്പരപ്പെടുത്തി കാണാതിരിക്കില്ല. എങ്കിലും, മറിയം എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു. സഹനങ്ങളുടെ മധ്യത്തിലും, മറ്റുള്ളവരുടെ സങ്കടങ്ങളിൽ ആശ്വാസമാകാനും അവർക്ക് ശുശ്രൂഷ ചെയ്യുന്നതിലും അവൾ തത്പരയായിരുന്നു.
എലിസബത്തിനെ സഹായിക്കുവാനും, കാനായിലെ കല്യാണ വിരുന്നിലെ നൊമ്പരം അകറ്റാനും അവൾ എപ്പോഴും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തിലും, തന്റെ ദർശനങ്ങളിലൂടെയും ദൈവാനുഗ്രഹത്തിലൂടെയും മറിയം തന്റെ മകനെ സംരക്ഷിച്ചു പോന്നു. യേശുവിന്റെ ജനനത്തിലും, പരസ്യം ജീവിതത്തിലും, മരണത്തിലും ഒരമ്മ എന്ന നിലയിൽ മറിയത്തിനുള്ള പങ്ക് നിർവചനാതീതമാണ്. ദൈവേഷ്ടത്തിനനുസരിച്ച് യേശുവിനെ വളർത്തുവാൻ അവൾക്കു കഴിഞ്ഞു. യേശു തന്റെ പരസ്യജീവിതം ആരംഭിക്കുന്നതു പോലും അമ്മ മറിയത്തിന്റെ ഇടപെടലിലാണ്. കാനായിലെ കല്യാണ വിരുന്നിലതു സ്പഷ്ടമാണ്. യേശുവിന്റെ പീഡാസഹനവും കുരിശുമരണവും സ്വന്തം ഹൃദയത്തിലേറ്റു വാങ്ങി രക്തസാക്ഷിയായവളാണ് മറിയം. കുരിശേന്തിയ പുത്രനു വേണ്ടി കുരിശു വഹിച്ച അമ്മയാണ് മറിയം. തന്റെ മകന്റെ
ഒരോ ചുവടുവയ്പിലും അവളുടെ നിശബ്ദ സാന്നിധ്യമുണ്ടായിരുന്നു: ‘കുരിശോളം കൂട്ടായ മാതൃസ്നേഹം!’ അതിനാൽത്തന്നെ, മനുഷ്യകുലത്തിന്റെ അമ്മയായി മറിയത്തെ നൽകിക്കൊണ്ട് യേശു തന്റെ പ്രിയ ശിഷ്യനോട് പറഞ്ഞു ‘ഇതാ നിന്റെ അമ്മ’.
ഇന്ന്, ഈ അമ്മയുടെ ജനനത്തിൽ സ്വർഗ്ഗവാസികൾ ആനന്ദിക്കുകയും, ഭൂവാസികൾ ആഹ്ലാദിക്കുകയും ചെയ്യുന്നത് മറ്റൊന്നും കൊണ്ടല്ല. ജീവിത പ്രതിസന്ധികളിൽ പ്രതീക്ഷയുടെ മരുപ്പച്ചയാണ് പരിശുദ്ധ മറിയം. അവളുടെ കൂടെ നടക്കുന്നവർക്ക് വിശുദ്ധിയുടെ കൃപകൾ തണലായിയുണ്ടാകും. ലക്ഷ്യബോധം കാണാതെ ഉഴലുമ്പോഴുംമറിയത്തിനെ പോലെ ദൈവഹിതം നിറവേറ്റുന്നവരാകാം. കാരണം കപ്പൽ സഞ്ചാരികൾക്ക് ദിശകാണിക്കുന്ന കടലിലെ ദൈവാനുഗ്രഹമാവുന്ന പ്രകാശഗോപുരമാണു ക്രൈസ്തവർക്ക്, ഈ ലോക ജീവിതമാകുന്ന തീർത്ഥാടനത്തിൽ പരിശുദ്ധ അമ്മ…!